Puja Khedkar: അധികാര ദുർവിനിയോഗം; പൂജാ ഖേഡ്കറിൻ്റെ മഹാരാഷ്ട്രയിലെ ഐഎഎസ് പരിശീലനം നിർത്തിവച്ചു
Puja khedkar Fraud Case: വികലാംഗരുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും ക്വാട്ട ദുരുപയോഗം ചെയ്ത് സർവീസിൽ സ്ഥാനം നേടിയെന്നതാണ് പൂജയ്ക്കെതിരായ ആരോപണം. സ്വകാര്യ കാറിൽ ബീക്കൺ ഘടിപ്പിച്ചതിനും സർക്കാർ മുദ്ര പതിപ്പിച്ചതിനും കളക്ടറുടെ ഓഫിസിൽ അതിക്രമിച്ച് കയറിയതിനും ഇവരെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
അധികാര ദുർവിനിയോഗം ആരോപിച്ച് നടപടി നേരിട്ട സിവിൽ സർവീസ് പ്രൊബേഷണറി ഓഫിസറായ (Probationary IAS officer) പൂജാ ഖേഡ്കറിന് (Puja khedkar) മഹാരാഷ്ട്രയിലെ പരിശീലനം (training) നിർത്തിവച്ചു. സിവിൽ സർവീസ് പരീക്ഷ പാസാക്കാൻ വ്യാജരേഖ ചമച്ചെന്ന കേസിൽ നിരീക്ഷണത്തിൽ കഴിയവെയാണ് പുതിയ ഉത്തരവ്. പൂജ ദിലീപ് ഖേദ്കറുടെ ജില്ലാ പരിശീലന പരിപാടി നിർത്തിവയ്ക്കാൻ തീരുമാനിച്ചതായും തുടർനടപടികൾക്കായി ഉടൻ വിളിപ്പിക്കുന്നതായും മസൂറിയിലെ ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ (എൽബിഎസ്എൻഎഎ) അയച്ച കത്തിൽ പറയുന്നു.
കത്തിൻ്റെ പകർപ്പ്…
നിലവിൽ മഹാരാഷ്ട്രയിലെ വാഷിമിൽ സൂപ്പർ ന്യൂമററി അസിസ്റ്റൻ്റ് കളക്ടറായ പൂജ ഖേദ്കറിനെ മഹാരാഷ്ട്രയിലെ പരിശീലന ചുമതലകളിൽ നിന്ന് ഒഴിവാക്കിയതായാണ് എൽബിഎസ്എൻഎഎയുടെ അറിയിപ്പിൽ പറയുന്നത്. ജൂലൈ 23നുള്ളിൽ തുടർ നടപടിക്കായി മസൂറിയിലെ പരിശീലന കേന്ദ്രത്തിൽ ഹാജരാകാനും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലെ പൂജാ ഖേദ്കറുടെ പരിശീലകനെയും സസ്പെൻഡ് ചെയ്തു.
ALSO READ: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; ഓഫീസറടക്കം നാല് സൈനികര്‍ക്ക് വീരമൃത്യു
വികലാംഗരുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും ക്വാട്ട ദുരുപയോഗം ചെയ്ത് സർവീസിൽ സ്ഥാനം നേടിയെന്നതാണ് പൂജയ്ക്കെതിരായ ആരോപണം. ഇവർക്കെതിരായ ആരോപണം അന്വേഷിക്കുന്നതിനായി കേന്ദ്രം കഴിഞ്ഞയാഴ്ച ഏകാംഗ സമിതി രൂപീകരിച്ചിരുന്നു.
സിവിൽ സർവീസ് പ്രൊബേഷണറി ഓഫിസറായ പൂജാ ഖേഡ്കർ നിയമന മുൻഗണക്കായി ഭിന്നശേഷിക്കാരിയാണെന്ന് തെളിയിക്കാൻ വ്യാജ രേഖകൾ സമർപ്പിച്ചതായാണ് റിപ്പോർട്ട്.
സ്വകാര്യ കാറിൽ ബീക്കൺ ഘടിപ്പിച്ചതിനും സർക്കാർ മുദ്ര പതിപ്പിച്ചതിനും കളക്ടറുടെ ഓഫിസിൽ അതിക്രമിച്ച് കയറിയതിനും ഇവരെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റുകയും ചെയ്തിരുന്നു. യുപിഎസ്‍സി പരീക്ഷയിൽ 841-ാം റാങ്കാണ് ഇവർക്ക് ലഭിച്ചത്. അഹമ്മദ്‌നഗർ സ്വദേശിയായ പൂജ 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.
ചട്ടങ്ങൾ അനുസരിച്ച്, ഒരു ട്രെയിനിക്ക് ചുവന്ന-നീല ബീക്കൺ ലൈറ്റ്, വിഐപി നമ്പർ പ്ലേറ്റ്, താമസ സൗകര്യം, മതിയായ ജീവനക്കാരുള്ള ഔദ്യോഗിക ചേംബർ, കോൺസ്റ്റബിൾ എന്നീ സൗകര്യങ്ങൾ നൽകില്ലെന്നിരിക്കെയാണ് പൂജ ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചത്. ഇതിന് പുറമേയാണ് തൻ്റെ സ്വകാര്യ ഔഡി കാറിൽ ചുവന്ന-നീല ബീക്കൺ ലൈറ്റും വിഐപി നമ്പർ പ്ലേറ്റും ഇവർ ഉപയോഗിച്ചതും സ്വകാര്യ കാറിൽ ‘മഹാരാഷ്ട്ര സർക്കാർ’ എന്ന ബോർഡും സ്ഥാപിച്ചത്.