Narendra Modi : അടിയന്തരാവസ്ഥയുടെ കളങ്കം കോണ്‍ഗ്രസിന് കഴുകിക്കളയാനാകില്ല; ലോക്‌സഭയില്‍ ആഞ്ഞടിച്ച് പ്രധാനമന്ത്രി
Prime Minister Narendra Modi in Loksabha : കോണ്‍ഗ്രസ് ഭരണഘടനയെ ആക്രമിച്ചെന്നും, അത് 75 തവണ മാറ്റിയെന്നും മോദി ആരോപിച്ചു. ഭരണഘടനാ വ്യവസ്ഥകള്‍ ഇല്ലാതാക്കി കോണ്‍ഗ്രസ് അടിയന്തരാവസ്ഥ കൊണ്ടുവന്നെന്നും, പൗരന്മാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തെന്നും മോദി
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിലെ ഒരു കുടുംബം ഭരണഘടനയെ തകര്‍ത്തെന്ന് മോദി ആരോപിച്ചു. 75 വര്‍ഷത്തില്‍ ഒരു കുടുംബമാണ് 55 വര്‍ഷവും ഭരിച്ചിരുന്നത്. ആ കുടുംബത്തിന്റെ മോശം ചിന്തകളും നയങ്ങളുമാണ് മുന്നോട്ടു കൊണ്ടുപോയതെന്നും മോദി വിമര്‍ശിച്ചു.
ഭരണഘടന മാറ്റുന്നത് അവര്‍ക്ക് ശീലമായി മാറി. കോണ്‍ഗ്രസ് ഭരണഘടനയെ ആക്രമിച്ചെന്നും, അത് 75 തവണ മാറ്റിയെന്നും മോദി ആരോപിച്ചു. ഭരണഘടനാ വ്യവസ്ഥകള്‍ ഇല്ലാതാക്കി കോണ്‍ഗ്രസ് അടിയന്തരാവസ്ഥ കൊണ്ടുവന്നെന്നും, പൗരന്മാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തെന്നും മോദി പറഞ്ഞു.
ഈ കളങ്കം കോണ്‍ഗ്രസിന് കഴുകിക്കളയാനാവില്ല. ജനാധിപത്യത്തെയാണ് കഴുത്ത് ഞെരിച്ചത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമായിരുന്നു അത്. ജനങ്ങള്‍ അവരോട് ഒരിക്കലും പൊറുക്കില്ലെന്നും മോദി ആഞ്ഞടിച്ചു.