Modi On Godhra Train Burning : മനസ് അസ്വസ്ഥമാക്കിയ ഗോധ്രയിലെ കാഴ്ചകള്‍; സംഭവസ്ഥലത്ത് എത്തിയത് ‘ആ പ്രതിസന്ധി’ തരണം ചെയ്ത്: മനസ് തുറന്ന് പ്രധാനമന്ത്രി
Prime Minister Narendra Modi Podcast With Nikhil Kamath : ഗുജറാത്ത് തിരഞ്ഞെടുപ്പിനെക്കുറിച്ചും മോദി പോഡ്കാസ്റ്റില്‍ സംസാരിച്ചു. അത് ജീവിതത്തിലെ വലിയൊരു വെല്ലുവിളിയായിരുന്നു. ടിവി കാണുകയോ, ഫലങ്ങള്‍ പരിശോധിക്കുകയോ ചെയ്തില്ല. രാവിലെ 11 മണിക്കോ, ഉച്ചയ്‌ക്കോ, മുഖ്യമന്ത്രിയുടെ ബംഗ്ലാവിന് പുറത്ത് ഡ്രമിന്റെ മുഴക്കം കേട്ടു. ഉച്ചയ്ക്ക് 12 വരെ തന്നെ ഒന്നും അറിയിക്കരുതെന്ന് എല്ലാവരോടും പറഞ്ഞിരുന്നു. പിന്നീട് താന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ലീഡ് ചെയ്യുകയാണെന്ന് വ്യക്തമാക്കി തങ്ങളുടെ ഓപ്പറേറ്റര്‍ ഒരു കത്ത് അയച്ചെന്ന് മോദി
ന്യൂഡല്‍ഹി: 59 പേരുടെ മരണത്തിനിടയാക്കിയ ഗോധ്ര ട്രെയിന്‍ തീവെയ്പ് സംഭവവുമായി ബന്ധപ്പെട്ടുള്ള ഓര്‍മകള്‍ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സീറോദ സഹസ്ഥാപകന്‍ നിഖില്‍ കാമത്തുമായുള്ള പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യമായി വിജയിച്ചതിന് ശേഷം മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് ഗോധ്ര ട്രെയന്‍ തീവയ്പ് സംഭവം നടന്നത്. ഒറ്റ എഞ്ചിന്‍ ഹെലികോപ്റ്റര്‍ മാത്രമേ അന്ന് ലഭ്യമായിരുന്നുള്ളൂവെന്നും, അതില്‍ യാത്ര ചെയ്യാന്‍ സെക്യൂരിറ്റി ടീം സമ്മതിച്ചില്ലെന്നും മോദി പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം മനസ് തുറന്നു.
2002 ഫെബ്രുവരി 24നാണ് താന്‍ ആദ്യമായി എംഎല്‍എ ആയതെന്ന് മോദി പറഞ്ഞു. ഫെബ്രുവരി 27ന് ആദ്യമായി നിയമസഭയില്‍ പോയി. അപ്പോഴാണ് ഗോധ്ര ട്രെയിന്‍ തീവയ്പ് സംഭവത്തെക്കുറിച്ച് കേട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തി.
“എംഎല്‍എ ആയിട്ട് മൂന്ന് ദിവസം കഴിഞ്ഞതേയുള്ളൂ. പെട്ടെന്നാണ് ഗോധ്രയിലെ ആ വലിയ സംഭവത്തെക്കുറിച്ച് അറിഞ്ഞത്. ട്രെയിനില്‍ തീപിടിത്തമുണ്ടായി. ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്ന് ക്രമേണ മനസിലായി. മനസ് അസ്വസ്ഥമായി. ഉത്കണ്ഠയും തോന്നി. നിയമസഭയില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍, ഗോധ്രയിലേക്ക് പോകണമെന്ന് ഞാന്‍ പറഞ്ഞു. വഡോദരയിലേക്ക് പോയതിന് ശേഷം, അവിടെ നിന്ന് ഹെലികോപ്ടറില്‍ പോകാമെന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ ഹെലികോപ്ടര്‍ ഇല്ലെന്നായിരുന്നു മറുപടി. എവിടെ നിന്നെങ്കിലും ഹെലികോപ്ടര്‍ ഏര്‍പ്പാടാക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. ഒഎൻജിസി (ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ)ക്ക് ഒരു ഹെലികോപ്ടര്‍ ഉണ്ടെന്നായിരുന്നു എന്റെ ചിന്ത. എന്നാല്‍ അത് സിംഗിൾ എഞ്ചിൻ ഹെലികോപ്റ്ററായിരുന്നു. അതില്‍ ഒരു വിഐപിയെ കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് അവര്‍ (സെക്യൂരിറ്റി ടീം) പറഞ്ഞു. ഞാന്‍ സാധാരണക്കാരനാണെന്നും, വിഐപിയല്ലെന്നും ഞാന്‍ പോകുമെന്നും ഞാന്‍ പറഞ്ഞു”-മോദി പോഡ്കാസിറ്റില്‍ പറഞ്ഞു.
തന്റെ ഈ നിലപാട് ഒരു ചര്‍ച്ചയിലേക്ക് നയിച്ചുവെന്നും മോദി പറഞ്ഞു. എന്ത് സംഭവിച്ചാലും അതിന് താനായിരിക്കും ഉത്തരവാദിയെന്ന് എഴുതി നല്‍കാമെന്ന് താന്‍ പറഞ്ഞതായും പ്രധാനമന്ത്രി വ്യക്തമാക്കി. അങ്ങനെ ഗോധ്രയിലെത്തി. വേദനാജനകമായിരുന്നു കാഴ്ചകള്‍. നിരവധി ശരീരങ്ങള്‍ കണ്ടു. ആ രംഗങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂവെന്നും, താനും ഒരു മനുഷ്യനാണെന്നും, പലതും അപ്പോള്‍ അനുഭവപ്പെട്ടെന്നും മോദി പറഞ്ഞു.
എന്നാല്‍ ഉത്തരവാദിത്തങ്ങളെക്കുറിച്ച് അറിയാവുന്നതുകൊണ്ട് തനിക്ക് വികാരങ്ങളില്‍ നിന്നും, ഒരു മനുഷ്യനെന്ന നിലയില്‍ അനുഭവപ്പെടാവുന്ന സ്വഭാവിക തോന്നലുകളില്‍ നിന്നും വിട്ടുനില്‍ക്കണമായിരുന്നു. ഇത്തരം വികാരങ്ങളില്‍ നിന്ന് മുകളിലേക്ക് വരണം. അതുകൊണ്ട് സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നതെല്ലാം താന്‍ ചെയ്‌തെന്നും മോദി വെളിപ്പെടുത്തി.
Read Also : ‘ഞാന്‍ മനുഷ്യനാണ് ദൈവമല്ല, തെറ്റുകള്‍ സംഭവിക്കാം’: പോഡ്കാസ്റ്റില്‍ മോദി
ഗുജറാത്ത് തിരഞ്ഞെടുപ്പ്
അതേ വര്‍ഷം അവസാനം നടന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിനെക്കുറിച്ചും മോദി പോഡ്കാസ്റ്റില്‍ സംസാരിച്ചു. അത് ജീവിതത്തിലെ വലിയൊരു വെല്ലുവിളിയായിരുന്നു. ടിവി കാണുകയോ, ഫലങ്ങള്‍ പരിശോധിക്കുകയോ ചെയ്തില്ല. രാവിലെ 11 മണിക്കോ, ഉച്ചയ്‌ക്കോ, മുഖ്യമന്ത്രിയുടെ ബംഗ്ലാവിന് പുറത്ത് ഡ്രമിന്റെ മുഴക്കം കേട്ടു. ഉച്ചയ്ക്ക് 12 വരെ തന്നെ ഒന്നും അറിയിക്കരുതെന്ന് എല്ലാവരോടും പറഞ്ഞിരുന്നു. പിന്നീട് താന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ലീഡ് ചെയ്യുകയാണെന്ന് വ്യക്തമാക്കി തങ്ങളുടെ ഓപ്പറേറ്റര്‍ ഒരു കത്ത് അയച്ചെന്ന് മോദി പറഞ്ഞു. ആ ദിവസം തന്നെ ഒന്നും ബാധിച്ചിട്ടില്ലെന്ന് വിശ്വസിക്കുന്നില്ല. എന്നാല്‍ വികാരങ്ങളെ മറികടക്കണമെന്ന ചിന്ത തനിക്കുണ്ടായിരുന്നുവെന്നും മോദി പറഞ്ഞു.