Quad Summit: ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി യുഎസിലേക്ക് തിരിച്ചു, യു.എൻ ജനറൽ അസംബ്ലിയെയും അഭിസംബോധന ചെയ്യും
Quad Summit: 6-ാം ക്വാഡ് ഉച്ചകോടിയ്ക്കാണ് അമേരിക്ക വേദിയാകുന്നത്. ക്വാഡ് രാഷ്ട്രങ്ങളുടെ നിലവിലുള്ള എല്ലാ നേതാക്കളും ഒരുമിച്ച് പങ്കെടുക്കുന്ന അവസാന സമ്മേളനമാണിത്. വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ജോ ബെെഡനും വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്ലെന്ന് ഫ്യുമിയോ കിഷിദയും വ്യക്തമാക്കിയിരുന്നു.
ന്യൂഡൽഹി: ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക് പുറപ്പെട്ടു. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുക എന്നതാണ് യാത്രയിലെ പ്രധാന അജണ്ട. ഇതിന് പുറമെ ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലിയെയും അദ്ദേഹം അഭിസംബോധന ചെയ്യും. അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യൻ സമൂഹവുമായും കൂടിക്കാഴ്ച നടത്തും. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാളാണ് പ്രധാനമന്ത്രി യുഎസിലേക്ക് തിരിച്ചതായി അറിയിച്ചത്. ഈ മാസം 23 വരെയാണ് പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം.
ഡെലവെയറിലെ വിൽമിംഗ്ടണാണ് 6-ാം ക്വാഡ് ഉച്ചകോടിയുടെ വേദി. ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് ക്വാഡിലെ അംഗരാഷ്ട്രങ്ങൾ. അമേരിക്കൻ പ്രസിഡന്റ് ജോ ബെെഡനും ജപ്പാൻ പ്രസിഡന്റ് ഫ്യുമിയോ കിഷിദയും പങ്കെടുക്കുന്ന അവസാന ഉച്ചകോടിയായതിനാൽ ക്വാഡ് രാഷ്ട്രങ്ങളുടെ നിലവിലുള്ള എല്ലാ നേതാക്കളും ഒരുമിച്ച് പങ്കെടുക്കുന്ന അവസാന സമ്മേളനമാണിത്. വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ജോ ബെെഡനും വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്ലെന്ന് ഫ്യുമിയോ കിഷിദയും വ്യക്തമാക്കിയിരുന്നു.
2024-ലെ ക്വാഡ് ഉച്ചകോടിയിലെ പരാമർശങ്ങൾ നടപ്പാക്കിയതിലെ പുരോഗതി നേതാക്കൾ വിശകലനം ചെയ്യും. 2025-ൽ നടക്കുന്ന ക്വാഡ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. 2021-ലെ ആദ്യ ക്വാഡ് ഉച്ചകോടി ഓൺലെെനായാണ് നടന്നത്. 2021 സെപ്റ്റംബർ 24-ന്വൽ നടന്ന രണ്ടാം ക്വാഡ് ഉച്ചകോടിയ്ക്ക് വാഷിംഗ്ടണായിരുന്നു ആതിഥേയത്വം വഹിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ 2022 മാർച്ച് 3-ന് മൂന്നാം ഉച്ചകോടി ഓൺലെെനായും സംഘടിപ്പിച്ചു. നാലും അഞ്ചും ക്വാഡ് ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിച്ചത് ജപ്പാനാണ്.
ക്വാഡ് ഉച്ചകോടിയ്ക്ക് ശേഷം 22, 23 തീയതികളിലായി ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ഉച്ചകോടിയിൽ നിരവധി ലോകനേതാക്കൾ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. 23-ന് യുഎൻ ജനറൽ അസംബ്ലിയെ പ്രധാനമന്ത്രി ഭാവിയുടെ ഉച്ചകോടി ‘Summit of the Future’എന്ന വിഷയത്തിൽ അഭിസംബോധന ചെയ്യും.
ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ 22-ാം തീയതി നടക്കുന്ന മെഗാ കമ്മ്യൂണിറ്റി ഇവന്റിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ‘ മോദി & യുഎസ്, പ്രോഗസ് ടുഗെദർ’ എന്നാണ് പരിപാടിയുടെ പേര്. എഐ, സെമികണ്ടക്ടേഴ്‌സ്, ബയോടെക്നോളജി തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ അമേരിക്ക ആസ്ഥാനമായുള്ള കമ്പനിയുടെ തലവന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇന്ത്യ- അമേരിക്ക ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള കൂടിക്കാഴ്ചകളും സന്ദർശനത്തിന്റെ ഭാഗമാണ്. 22-ന് ന്യൂയോർക്കിൽ വച്ച് അമേരിക്കയിലെ ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി സംവദിക്കും.