Double Taxation: ഇരട്ട നികുതി ഒഴിവാക്കും; കരാറില്‍ ഒപ്പുവെച്ച് ഇന്ത്യയും ഖത്തറും
Narendra Modi Meets Emir of Qatar: കഴിഞ്ഞ ദിവസം (ഫെബ്രുവരി 17) വിമാനത്താവളത്തിലെത്തിയ അമീറിനെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ മാറ്റിവെച്ചുകൊണ്ട് പ്രധാനമന്ത്രി നേരിട്ടെത്തിയിരുന്നു. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ഖാനിയും അമീറിനൊപ്പമുണ്ട്.

ഖത്തര്‍ അമീര്‍, നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇരട്ട നികുതി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കരാറില്‍ ഒപ്പുവെച്ച് ഇന്ത്യയും ഖത്തറും. ഇന്ത്യയിലെത്തിയ ഖത്തര്‍ അമീറുമായി ഹൈദരാബാദ് ഹൗസില്‍ വെച്ച് പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇരുനേതാക്കളും കരാറില്‍ ഒപ്പുവെച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഇന്ത്യയിലെത്തിയത്.
വരുമാനത്തിനായി ആസ്തി അല്ലെങ്കില്‍ വില്‍പനയുമായി ബന്ധപ്പെട്ട് രണ്ടോ അതിലധികമോ രാജ്യങ്ങള്‍ നികുതി ചുമത്തുന്നതാണ് ഇരട്ടനികുതി. പുതിയ കരാറോടെ ഈ സമ്പ്രദായത്തിനാണ് അവസാനമാകുന്നത്.
കഴിഞ്ഞ ദിവസം (ഫെബ്രുവരി 17) വിമാനത്താവളത്തിലെത്തിയ അമീറിനെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ മാറ്റിവെച്ചുകൊണ്ട് പ്രധാനമന്ത്രി നേരിട്ടെത്തിയിരുന്നു. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ഖാനിയും അമീറിനൊപ്പമുണ്ട്.
ഇന്ത്യയിലെത്തിയ ഖത്തര്‍ അമീര്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് രണ്ടാം തവണയാണ് ഖത്തര്‍ അമീര്‍ ഇന്ത്യയിലെത്തുന്നത്. നേരത്തെ 2015 മാര്‍ച്ചിലായിരുന്നു ഇതിന് മുമ്പ് അദ്ദേഹം ഇന്ത്യയിലേക്ക് എത്തിയിരുന്നത്.
ഖത്തറില്‍ നിന്ന് കൂടുതല്‍ പ്രകൃതി വാതകം വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ടും ധാരണയായി. രാവിലെ രാഷ്ട്രപതി ഭവനിലെത്തിയ ഖത്തര്‍ അമീറിന് ആചാരപൂര്‍വമുള്ള വരവേല്‍പ്പ് നല്‍കിയിരുന്നു. കൂടാതെ ഇന്ത്യയിലെയും ഖത്തറിലെയും വ്യവസായികളുമായും അമീര്‍ കൂടിക്കാഴ്ച നടത്തി.
രാഷ്ട്രപതിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അമീര്‍ രാത്രി എട്ടരയോടെ ഖത്തറിലേക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് അമീര്‍ ഇന്ത്യയിലെത്തിയത്.
അതേസമയം, ഇരട്ട നികുതി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട കരാറില്‍ നേരത്തെ ഇന്ത്യയും ഒമാനും ഒപ്പുവെച്ചിരുന്നു. ഇരട്ട നികുതി ഒഴിവാക്കുന്നതിനും ആദായനികുതിയുമായി ബന്ധപ്പെട്ട സാമ്പത്തിക വെട്ടിപ്പുകള്‍ തടയുന്നതിനുമുള്ള കരാര്‍ പുതുക്കുന്നതിനായാണ് ഒമാനും ഇന്ത്യയും ഭേദഗതി ചെയ്ത പ്രോട്ടോക്കോളില്‍ ഒപ്പുവെച്ചത്.
മസ്‌കറ്റില്‍ നടന്ന ചടങ്ങില്‍ നികുതി അതോറിറ്റി ചെയര്‍മാന്‍ നാസര്‍ ബിന്‍ ഖാമിസ് അല്‍ ജാഷ്മിയും ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അമിത് നാരങ്ങുമാണ് കരാറില്‍ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുകയാണ് കരാറിന്റെ ലക്ഷ്യം. മാത്രമല്ല നികുതി മേഖലയിലെ സഹകരണം വര്‍ധിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും നടത്തിയ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഫലമാണ് പുതുക്കിയ പ്രോട്ടോക്കോള്‍ എന്ന് നാസര്‍ ബിന്‍ ഖാമിസ് അല്‍ ജാഷ്മി പറഞ്ഞു.