5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Petrol Diesel Price: അസംസ്കൃത എണ്ണയുടെ വിലയിടിയുന്നു; പെട്രോൾ, ഡീസൽ വില കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്

Petrol and diesel Prices: കഴിഞ്ഞ മാർച്ച് 14ന് ലോക്സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി രാജ്യത്ത് പെട്രോൾ, ഡീസൽ വില 2 രൂപ കുറച്ചിരുന്നു.

Petrol Diesel Price: അസംസ്കൃത എണ്ണയുടെ വിലയിടിയുന്നു; പെട്രോൾ, ഡീസൽ വില കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്
credits getty images
athira-ajithkumar
Athira CA | Updated On: 12 Sep 2024 21:44 PM

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണ വില ഇടിയുന്ന സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും വില കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്. വില കുറയ്ക്കുന്ന കാര്യം പെട്രോളിയം സെക്രട്ടറി പങ്കജ് ജെയിൻ സിഎൻബിസി നെറ്റ് വർക്കിനോട് പ്രതികരിച്ചു. 2021 ഡിസംബറിന് ശേഷം ഇത് ആദ്യമായാണ് ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിന് താഴെയെത്തുന്നത്. സാമ്പത്തിക വളർച്ച മന്ദഗതിയിലാകുന്നത് ഇന്ധന ഡിമാന്റിനെ ബാധിച്ചേക്കുമെന്ന വിലയിരുത്തലാണ് ക്രൂഡ് വിലയിൽ പ്രതിഫലിച്ചത്. രാജ്യത്തെ 90% പൊതുമേഖല എണ്ണക്കമ്പനികളുടെ ലാഭവും വർദ്ധിച്ചെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതിനാൽ എണ്ണക്കമ്പനികളോട് പെട്രോൾ, ഡീസൽ വില ലിറ്ററിന് രണ്ട് രൂപ കൂറയ്ക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചതാണ് റിപ്പോർട്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) കമ്പനികളോടാണ് വില കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ മാർച്ച് 14ന് ലോക്സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി രാജ്യത്ത് പെട്രോൾ, ഡീസൽ വില 2 രൂപ കുറച്ചിരുന്നു.

രാജ്യത്തെ ഭൂരിഭാ​ഗം സംസ്ഥാനങ്ങളിലും 100 രൂപയ്ക്ക് മുകളിലാണ് പെട്രോൾ വില. ഡീസൽ വിലയും 90 കടന്നു. അവശ്യ വസ്തുവായതിനാൽ ഗതാഗതം മുതൽ പാചകംവരെയുള്ള മേഖലകളെ ഇന്ധനവില സ്വാധീനിക്കുന്നുണ്ട്. കുടുംബ ബജറ്റിനെയും ഇത് താളം തെറ്റിക്കുന്നുണ്ട്. വില കുറയ്ക്കുന്നത് പണപ്പെരുപ്പത്തിലും പ്രതിഫലിക്കും. ഇത് മുൻനിർത്തിയാണ് സർക്കാർ എണ്ണക്കമ്പനികളോട് വിലകുറയ്ക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെയും എണ്ണവില കുറയ്ക്കുന്നത് സ്വാധീനിച്ചേക്കും.

ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിൽ താഴെയാണെങ്കിൽ, വിൻഡ്‌ഫാൾ ടാക്സ് (Windfall tax) പൂജ്യമായി കുറയ്ക്കുമെന്ന് ധനമന്ത്രാലയം അറി‌യിച്ചിരുന്നു. വില കുറഞ്ഞ സാഹചര്യത്തിൽ വിൻഡ്ഫാൾ ടാക്സ് ഒഴിവാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വിലയെ അടിസ്ഥാനമാക്കി ഓരോ 15 ദിവസത്തിലും വിൻഡ്ഫാൾ ടാക്സ് പുതുക്കും. 2022 ജൂലൈ 1 നാണ് വിൻഡ്ഫാൾ ടാക്സ് ആദ്യമായി അവതരിപ്പിച്ചത്. ഓയിൽ കമ്പനികൾക്ക് അപ്രതീക്ഷിതമായി ലഭിക്കുന്ന അമിത ലാഭത്തിന്മേൽ നികുതി ചുമത്തുന്ന നിയമമാണ് വിൻഡ്ഫാൾ ടാക്സ്. ക്രൂഡ് ഓയിൽ വില ബാരലിന് 75 രൂപയ്ക്ക് മുകളിൽ പോയാലാണ് രാജ്യത്തെ സ്വകാര്യ എണ്ണകമ്പനികളിൽ നിന്ന് വിൻഡ്ഫാൾ ടാക്സ് ഈടാക്കുന്നത്.