Waqf (Amendment) Bill: രാഷ്ട്രപതി ഒപ്പുവെച്ചു, വഖഫ് ഭേദഗതി നിയമമായി
Droupadi Murmu Signs Waqf (Amendment) Bill: ബില്‍ നിയമമാക്കി വിജ്ഞാപനം ചെയ്തുകൊണ്ടുള്ള ഉത്തരവ് കേന്ദ്രം പുറത്തിറക്കി. യുണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡവലപ്മെന്റ് (ഉമീദ്) ആക്ട് എന്നായിരിക്കും ഇനി വഖഫ് നിയമത്തിന്റെ പേര്.

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതില മുർമു ഒപ്പ് വെച്ചതോടെ വഖഫ് ഭേദഗതി ബിൽ നിയമമായി. ഇന്നലെ രാത്രിയോടെയാണ് ഒപ്പ് വെച്ചത്. ബില്‍ നിയമമാക്കി വിജ്ഞാപനം ചെയ്തുകൊണ്ടുള്ള ഉത്തരവ് കേന്ദ്രം പുറത്തിറക്കി. യുണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡവലപ്മെന്റ് (ഉമീദ്) ആക്ട് എന്നായിരിക്കും ഇനി വഖഫ് നിയമത്തിന്റെ പേര്.
അതേസമയം ബിൽ നിയമമായതോടെ ഭേദഗതിക്കെതിരായ പ്രതിഷേധവും ശക്തമാവുകയാണ്. രാജ്യവ്യാപക പ്രതിഷേധം നടത്താൻ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് തീരുമാനിച്ചു. മലപ്പുറം ന്യൂഡൽഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, വിജയവാഡ, പറ്റ്‌ന, റാഞ്ചി, മലേര്‍കോട്‌ല, ലഖ്‌നൗ എന്നിവിടങ്ങളിൽ പ്രതിഷേധം നടത്താനാണ് തീരുമാനം. ജെഎൻയു സർവകലാശാലയിൽ ഇന്ന് പ്രതിഷേധം നടക്കും. ഡൽഹി ജാമിയ മിലിയ സർവകലാശാലയിലും വിദ്യാർത്ഥികൾ പ്രതിഷേധിക്കും.
Also Read:വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി; മുനമ്പത്ത് പുലര്‍ച്ചെ ആഹ്ലാദപ്രകടനം
1995ലെ വഖഫ് നിയമത്തിലാണ് ഭേദഗതി വരുത്തിയത്. ആഗസ്റ്റിൽ ബിൽ അവതരിപ്പിച്ച ശേഷം സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിട്ടിരുന്നു. ജെപിസിയുടെ നിർദേശങ്ങൾ അനുസരിച്ച് പരിഷ്കരിച്ച ബിൽ ആണ് കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്.
നീണ്ട കടുത്ത രാഷ്ട്രീയപ്പോരിനൊടുവിൽ ആണ് വഖഫ് ബിൽ ലോക്‌സഭയിൽ പാസായത്.283 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചു. 232 എംപിമാർ എതിർത്ത് വോട്ടുചെയ്തു. ഇതിനു പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബില്ല് രാജ്യസഭയിൽ പാസാക്കിയത്. 128 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 95 പേര്‍ എതിര്‍ത്തു.