Presidential Rule in Manipur: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം; വിജ്ഞാപനമിറക്കി ദ്രൗപതി മുര്‍മു
President's Rule in Manipur: വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് രാഷ്ട്രപതി ദ്രൗപദി മുർമു ഇത് സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. ഭരണഘടനയുടെ 356ാം വകുപ്പ് പ്രകാരം മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നുവെന്ന് വിജ്ഞാപനത്തിൽ പറയുന്നു.

ന്യൂഡൽഹി: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിരേൻ സിങ് രാജിവച്ച് മൂന്നു ദിവസത്തിനു ശേഷമാണ് നടപടി. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് രാഷ്ട്രപതി ദ്രൗപദി മുർമു ഇത് സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. ഭരണഘടനയുടെ 356ാം വകുപ്പ് പ്രകാരം മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നുവെന്ന് വിജ്ഞാപനത്തിൽ പറയുന്നു. പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടം അവസാനിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്.
എൻ ബിരേൻ സിങ് രാജിവച്ചതിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ ഒരാളെ കണ്ടെത്താൻ ബിജെപി നേതൃത്വം ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ഇത് സമവായത്തിലെത്താൻ സാധിക്കാതെ വന്നതോടെ ഗവർണർ രാഷ്ട്രപതിയെ ഇക്കാര്യം അറിയിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് സംബിത് പത്രയും ബിജെപി സംസ്ഥാന പ്രസിഡന്റ് ശാരദാദേവിയും ഗവർണർ അജയ്കുമാർ ഭല്ലയെ കണ്ട് സാഹചര്യങ്ങൾ വിശദീകരിച്ചതിനു പിന്നാലെയാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയുള്ള വിജ്ഞാപനമെത്തിയത്.
മുൻ മുഖ്യമന്ത്രി രാജിവച്ചതിനു പിന്നാലെ മറ്റൊരാളെ കണ്ടെത്താൻ മണിപ്പുരിലെ ബി.ജെ.പി. നേതാവായ ബിശ്വജിത്തിനോട് കേന്ദ്ര ആഭ്യമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരുടെയും പേര് പറഞ്ഞില്ല. ഇത് കേന്ദ്രനേതൃത്വത്തിന്ററെ അതൃപ്തിക്ക് കാരണമായി.
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി തുടരുന്ന കലാപത്തിന്റെ പശ്ചാത്തലത്തിൽ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ബിരേന്‍ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. എന്നാൽ കാവൽ മുഖ്യമന്ത്രിയായി തുടരുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട് വന്നത്.
അതേസമയം സംസ്ഥാനത്ത് നിയമസഭാസമ്മേളനം വിളിച്ചുചേര്‍ത്തിട്ട് ബുധനാഴ്ച ആറുമാസം കഴിഞ്ഞിരുന്നു. ഇതിനു മുൻപ് 2024 ഓഗസ്റ്റ് 12നാണ് നിയമസഭാസമ്മേളനം ചേർന്നത്. ഇതിനെ തുടർന്ന് സംഭവം ചോദ്യം ചെയ്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ജയറാം രമേഷ് രംഗത്ത് എത്തിയിരുന്നു. ഇതോടെ 1951-ന് ശേഷം ഇത് പതിനൊന്നാം തവണയാണ് മണിപ്പുര്‍ രാഷ്ട്രപതി ഭരണത്തിന് കീഴില്‍ വരുന്നത്.