Prajwal Revanna Case: ലൈംഗിക പീഡനക്കേസ്; 34 ദിവസം ഒളിവ് ജീവിതം, പ്രജ്വൽ രേവണ്ണയെ വിമാനത്താവളത്തിൽ നിന്നും പിടികൂടി
പ്രജ്വലിനെ ഇന്ന് പ്രാഥമികമായി ചോദ്യം ചെയ്ത് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണസംഘത്തിൻ്റെ നീക്കം.
ബെംഗളുരു: രാജ്യത്തെ ഞെട്ടിച്ച ലൈംഗികാതിക്രമ കേസിൽ പ്രതിയായ പ്രജ്വൽ രേവണ്ണ അറസ്റ്റിൽ. കേസിനും വിവാദത്തിനും പിന്നാലെ പ്രജ്വൽ ഒളിവിലായിരുന്നു. ജർമനിയിലെ മ്യൂണിക്കിൽ നിന്ന് ബെംഗളൂരുവിലെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. രേവണ്ണയെ പ്രത്യേക അന്വേഷണ സംഘമാണ് വിമാനത്താവളത്തിലെത്തി കസ്റ്റഡിയിലെടുത്തത്.
ലുഫ്താൻസ വിമാനത്തിൽ വെള്ളിയാഴ്ച പുലർച്ചെയോടെയാണ് പ്രജ്വൽ ബെംഗളൂരു വിമാനത്താവളത്തിലെത്തിയത്. പിന്നാലെ പ്രജ്വലിനെ എമിഗ്രേഷൻ പോയന്റിൽ സിഐഎസ്എഫ് സംഘം തടയുകയായിരുന്നു. പിന്നാലെ കസ്റ്റഡിയിലെടുത്തു. ശേഷം സിഐഡി ഓഫീസിലേക്ക് കൊണ്ടുപോയി. പ്രജ്വലിനെ ഇന്ന് പ്രാഥമികമായി ചോദ്യം ചെയ്ത് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണസംഘത്തിൻ്റെ നീക്കം.
ബെംഗളൂരു വിമാനത്താവളത്തിൽ വലിയ പോലീസ് സന്നാഹമാണ് പ്രജ്വലിനെ കാത്ത് നിന്നത്. 34 ദിവസമാണ് പ്രജ്വൽ ഒളിവിൽ കഴിഞ്ഞത്. പാലസ് റോഡിലെ സി ഐ ഡി ഓഫിസിലെത്തിച്ച പ്രതിയുടെ മെഡിക്കൽ പരിശോധന രാത്രി തന്നെ നടത്താനായി ആംബുലൻസടക്കം റെഡിയാക്കി നിർത്തിയിരുന്നു. ജനതാദൾ എംപിയും കർണാടകയിലെ ഹാസൻ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമാണ് പ്രജ്വൽ രേവണ്ണ.
അതേസമയം പ്രജ്വലിൻ്റെ ജാമ്യാപേക്ഷ ഇന്ന് ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി പരിഗണിക്കും. പ്രജ്വലിനെതിരെ നിലവിൽ രണ്ടു ലൈംഗിക അതിക്രമ കേസുകളാണുള്ളത്. ഏപ്രിൽ 27-ാം തീയതി പുലർച്ചെയാണ് പ്രജ്ജ്വൽ ഇന്ത്യ വിട്ട് യൂറോപ്പിലേക്ക് കടക്കുന്നത്. മെയ് 31-ാം തീയതി രാവിലെ പത്ത് മണിക്ക് എസ്ഐടിക്ക് മുന്നിൽ താൻ ഹാജരാകുമെന്ന് നേരത്തെ പ്രജ്വൽ അറിയിച്ചിരുന്നു.
പ്രജ്ജ്വലിനെതിരെയുള്ള കേസും അത് സംബന്ധിച്ചുള്ള വീഡിയോയും പുറത്ത് വന്നതോടെ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയായിരുന്നു. നിലവിൽ ഹസ്സൻ എംപിക്കെതിരെ മൂന്ന് എഫ്ഐആറുകളാണ് എസ്ഐടി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വീഡിയോയിലുള്ള ഇരകളെ കണ്ടെത്തി അവരിൽ നിന്നും മൊഴിയെടുത്താണ് അന്വേഷണ സംഘം പ്രജ്ജ്വൽ രേവണയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതിനിടെ പ്രജ്ജ്വൽ ലൈംഗിക ചൂഷ്ണം നടത്തുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തിരുന്നു.