5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Puja Khedkar: അടിമുടി വ്യാജമെന്ന് റിപ്പോർട്ട്, നടപടിയുമായി കേന്ദ്രസർക്കാർ; വിവാദ ഐഎഎസുകാരിയെ സർവ്വീസിൽ നിന്ന് പുറത്താക്കി

Puja Khedkar: യുപിഎസ്സി പൂജയുടെ സെലക്ഷൻ റദ്ദാക്കി ഒരുമാസത്തിന് ശേഷമാണ് കേന്ദ്രസർക്കാർ നടപടി. കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം നിയോഗിച്ച ഏകാം​ഗ അന്വേഷണ കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് പൂജയുടെ സെലക്ഷൻ യുപിഎസ്സി റദ്ദാക്കിയത്.

Puja Khedkar: അടിമുടി വ്യാജമെന്ന് റിപ്പോർട്ട്, നടപടിയുമായി കേന്ദ്രസർക്കാർ; വിവാദ ഐഎഎസുകാരിയെ സർവ്വീസിൽ നിന്ന് പുറത്താക്കി
Puja Khedkar.
Follow Us
athira-ajithkumar
Athira CA | Published: 07 Sep 2024 20:42 PM

ന്യൂഡൽഹി: വിവാദ ഐഎഎസ് പ്രൊബേഷണറി ഓഫീസർ പൂജ ഖേദ്കറിനെതിരെ നടപടിയെടുത്ത് കേന്ദ്രസർക്കാർ. പ്രൊബേഷണറി ഉദ്യോ​ഗസ്ഥയെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടു. പ്രവേശനത്തിനായി വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോ​ഗിച്ചെന്ന് കണ്ടെത്തിയതിലാണ് നടപടി. മെഡിക്കൽ സർട്ടിഫിക്കറ്റും ഒബിസി സംവരണ സർട്ടിഫിക്കറ്റും വ്യാജമാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടെന്ന കാര്യം ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. യുപിഎസ്സി പൂജയുടെ സെലക്ഷൻ റദ്ദാക്കി ഒരുമാസത്തിന് ശേഷമാണ് കേന്ദ്രസർക്കാർ നടപടി.

യുപിഎസ്സി നടത്തുന്ന പരീക്ഷകളിൽ നിന്ന് പൂജയെ വിലക്കിയിരുന്നു. വ്യാജരേഖകൾ ഉപയോ​ഗിച്ചതിന്റെ പേരിൽ പൂജക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഡൽഹി പൊലീസിന്റെ ക്രെെംബ്രാഞ്ച് വിഭാ​ഗമാണ് കേസെടുത്തിരിക്കുന്നത്. കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം നിയോഗിച്ച ഏകാം​ഗ അന്വേഷണ കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് പൂജയുടെ സെലക്ഷൻ യുപിഎസ്സി റദ്ദാക്കിയത്.

പൂജ ഖേദ്കറുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ 2003 മുതൽ സർവ്വീസിൽ പ്രവേശിച്ച ഉദ്യോ​ഗാർത്ഥികളുടെ വിവരങ്ങൾ യുപിഎസ്സി പരിശോധിച്ചിരുന്നു. 15,000ത്തോളം ഉദ്യോഗാർഥികളുടെ വിവരങ്ങൾ പരിശോധിച്ചെന്നും ആരും കുറ്റം ചെയ്തതായി കണ്ടെത്തിയില്ലെന്നും യുപിഎസ്സി പിന്നീട് അറിയിച്ചു. പുനെ സബ്കളക്ടറായിരുന്ന പൂജ അധികാര ദുർനവിനിയോ​ഗം നടത്തിയത് വാർത്തയായതിനെ തുടർന്നാണ് സംഭവങ്ങൾ പുറത്തായത്. പിന്നാലെ ഇവരെ സ്ഥലം മാറ്റി. വാഷിമിലേക്കായിരുന്നു സ്ഥലംമാറ്റം. സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് ആക്ഷേപമുയർന്നതിന് പിന്നാലെ പൂജയെ മസൂറിയിലെ ഐഎഎസ് ട്രെയിനിം​ഗ് സെന്ററിലേക്ക് യുപിഎസ്സി തിരികെ വിളിച്ചു.

1954ലെ ഐഎഎസ് (പ്രൊബേഷൻ) നിയമം 12-ാം റൂൾ പ്രകാരമാണ് പൂജയെ സർവ്വീസിൽ നിന്ന് പുറത്താക്കി കേന്ദ്രസർക്കാർ ഉത്തരവിട്ടത്. പദവിയിൽ തുടരാൻ പ്രൊബേഷനറി ഓഫീസർക്ക് യോ​ഗ്യതയില്ലെന്ന് കണ്ടെത്തിയാൽ അവരെ പുറത്താക്കാൻ കേന്ദ്രസർക്കാരിന് അധികാരം നൽകുന്നതാണ് 12-ാം റൂൾ.

2023- ബാച്ച് ഉദ്യോ​ഗസ്ഥയായ പൂജയ്ക്ക് യുപിഎസ്‍സി പരീക്ഷയിൽ 841-ാം റാങ്കാണ് ലഭിച്ചത്. പ്രൊബേഷണറി ഓഫീസറായ ഉദ്യോ​ഗസ്ഥയ്ക്ക് ബീക്കൺ ലൈറ്റ്, വിഐപി നമ്പർ പ്ലേറ്റ്, താമസ സൗകര്യം, ഔദ്യോഗിക ചേംബർ, കോൺസ്റ്റബിൾ എന്നിവയുണ്ടാകില്ല. മാനദണ്ഡം മറികടന്ന് മഹാരാഷ്ട്ര സർക്കാരിനോട് പൂജ ഇതെല്ലാം ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ കാറിൽ ബീക്കൺ ലെെറ്റ് വയ്ക്കുകയും ചട്ടം ലംഘിച്ച് അനധികൃതമായി സർക്കാർ ബോർഡ് വയ്ക്കുകയും ചെയ്തതാണ് വിവാദമായത്. 12 തവണയാണ് പൂജ ഖേദ്കർ സിവിൽ സർവ്വീസ് പരീക്ഷയെഴുതിയത്.

Latest News