Pahalgam Terror Attack: വിനോദസഞ്ചാരിയോട് ചോദിച്ചത് മതങ്ങളെക്കുറിച്ച്; ജമ്മു കശ്മീരില്‍ കുതിരസവാരിക്കാരന്‍ കസ്റ്റഡിയില്‍
Aiyaz Ahmad Jungal: മെറൂൺ ജാക്കറ്റും പൈജാമയും ധരിച്ച ഒരാളുടെ ഫോട്ടോയും യുവതി പുറത്തുവിട്ടു. ഇത് പ്രതികളില്‍ ഒരാളാണെന്നാണ് യുവതിയുടെ ആരോപണം. അയാള്‍ തന്റെ മതത്തെക്കുറിച്ച് ചോദിച്ചിരുന്നുവെന്നും, എന്നാല്‍ അയാളുടെ പേര് അറിയില്ലെന്നും യുവതി പറഞ്ഞു. ബൈസരന്‍ താഴ്‌വരയില്‍ നിന്നാണ് ഫോട്ടോയെടുത്തതെന്നും ഏക്താ തിവാരി

ശ്രീനഗര്‍: വിനോദസഞ്ചാരിയോട് മതങ്ങളെക്കുറിച്ച് ചോദിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ കുതിരസവാരിക്കാരനെ കസ്റ്റഡിയിലെടുത്തു. സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച് ഒരു വീഡിയോ വൈറലായിരുന്നു. ഒരു സ്ത്രീ ഒരാളുടെ ഫോട്ടോ കാണിച്ച് ഇയാള്‍ തന്റെ മതത്തെക്കുറിച്ച് ചോദിച്ചെന്ന് ആരോപിക്കുന്നതായിരുന്നു വീഡിയോയില്‍. ഇതിന് പിന്നാലെയാണ് കുതിരസവാരിക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗന്ദർബാലിലെ ഗോഹിപോറ റൈസാൻ നിവാസിയായ അയാസ് അഹമ്മദ് ജംഗലിനെയാണ് കസ്റ്റഡിയിലെടുത്തത്. സോനാമാർഗിലെ തജ്വാസ് ഗ്ലേസിയറിൽ പോണി സർവീസ് പ്രൊവൈഡറായി ജോലി ചെയ്യുന്നയാളാണ് അയാസ് അഹമ്മദ് ജംഗൽ.
ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പഹല്‍ഗാം ഭീകരാക്രമണവുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പഹൽഗാം ആക്രമണത്തിന് ശേഷം പുറത്തുവിട്ട രേഖാചിത്രങ്ങളിലുള്ള ഭീകരരെ താന്‍ കണ്ടിരുന്നുവെന്ന് ഉത്തര്‍പ്രദേശിലെ ജോന്‍പൂരില്‍ നിന്നുള്ള ഏക്താ തിവാരി പറഞ്ഞിരുന്നു. ഏപ്രില്‍ 20ന് പഹല്‍ഗാം സന്ദര്‍ശിക്കുന്നതിനിടെയാണ് അവരില്‍ രണ്ടു പേരെ കണ്ടതെന്നായിരുന്നു യുവതിയുടെ അവകാശവാദം.
മെറൂൺ ജാക്കറ്റും പൈജാമയും ധരിച്ച ഒരാളുടെ ഫോട്ടോയും യുവതി പുറത്തുവിട്ടു. ഇത് പ്രതികളില്‍ ഒരാളാണെന്നാണ് യുവതിയുടെ ആരോപണം. അയാള്‍ തന്റെ മതത്തെക്കുറിച്ച് ചോദിച്ചിരുന്നുവെന്നും, എന്നാല്‍ അയാളുടെ പേര് അറിയില്ലെന്നും യുവതി പറഞ്ഞു. ബൈസരന്‍ താഴ്‌വരയില്‍ നിന്നാണ് ഫോട്ടോയെടുത്തതെന്നും ഏക്താ തിവാരി കൂട്ടിച്ചേര്‍ത്തു.




തന്റെ സുഹൃത്തുക്കള്‍ ഭയപ്പെട്ടു. അവര്‍ സംസാരിക്കാന്‍ തയ്യാറല്ല. എന്നാല്‍ സ്‌ക്രീന്‍ഷോട്ട് കണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പിലുള്ള മറ്റുള്ളവരും രേഖാചിത്രത്തിലെ പ്രതികളെ തിരിച്ചറിഞ്ഞെന്നും യുവതി പറഞ്ഞു. പ്രതികളെന്ന് സംശയിക്കുന്നവര്‍ തങ്ങളുടെ പേരും മതവും ചോദിച്ചു. അജ്മീര്‍ ദര്‍ഗയോ, അമര്‍നാഥോ സന്ദര്‍ശിച്ചിട്ടുണ്ടോയെന്നും അവര്‍ അന്വേഷിച്ചു. എന്നാല്‍ അവിടെ പോയിരുന്നില്ല. എങ്കിലും, അമര്‍മനാഥിലേക്ക് പോകാന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആലോചിച്ചിരുന്നു. രജിസ്‌ട്രേഷന് സഹായിക്കാമെന്നും, പോകേണ്ട തീയതി വ്യക്തമാക്കിയാല്‍ ബന്ധപ്പെടാമെന്നും അവര്‍ പറഞ്ഞതായി യുവതി പറയുന്നു.
Read Also: നീക്കങ്ങള്‍ കടുപ്പിച്ച് ഇന്ത്യ; കശ്മീരിൽ രാത്രിയിലും ഭീകരര്‍ക്കായി വ്യാപക തെരച്ചിൽ
ഹിന്ദുമതമാണോ, ഇസ്ലാമാണോ ഇഷ്ടമെന്ന് ഒരാള്‍ ചോദിച്ചു. രണ്ടും ഇഷ്ടമാണെന്ന് താന്‍ മറുപടി നല്‍കി. അപ്പോള്‍ എത്ര ഹിന്ദു, മുസ്ലീം സുഹൃത്തുക്കള്‍ ഉണ്ടെന്നായിരുന്നു അയാളുടെ ചോദ്യം. ഖുറാന്‍ വായിച്ചിട്ടുണ്ടോയെന്നും ആരാഞ്ഞു. ഉറുദു അറിയാത്തതുകൊണ്ട് ഖുറാന്‍ വായിച്ചിട്ടില്ലെന്ന് താന്‍ പറഞ്ഞു. ഖുറാന്‍ ഹിന്ദിയിലും ലഭിക്കുമല്ലോയെന്നായിരുന്നു അയാളുടെ മറുചോദ്യം. അപ്പോള്‍ തനിക്ക് ഭയം തോന്നിയെന്നും യുവതി പറഞ്ഞു.
പിന്നീട് അയാള്‍ക്കൊരു ഫോണ്‍ കോള്‍ വന്നു. ‘പ്ലാന്‍ എ ബ്രേക്ക് ഫെയില്‍, പ്ലാന്‍ ബി 35 തോക്കുകള്‍ അയച്ചു. അത് താഴ്‌വരയിലെ പുല്ലുകളില്‍ സൂക്ഷിച്ചു’ എന്നായിരുന്നു അയാള്‍ പറഞ്ഞത്. താന്‍ ഇത് ശ്രദ്ധിക്കുന്നുവെന്ന് മനസിലായതോടെ അയാള്‍ മറ്റൊരു ഭാഷയിലാണ് പിന്നീട് ഫോണില്‍ സംസാരിച്ചതെന്നും യുവതി ആരോപിച്ചു. അയാള്‍ ഫോണില്‍ ഏറെ നേരം സംസാരിച്ചു. അയാള്‍ കശ്മീരില്‍ താമസിക്കുന്ന പാകിസ്ഥാന്‍കാരനാണെന്നാണ് തോന്നുന്നത്. താന്‍ ഖുറാന്‍ അധ്യാപകനായിരുന്നുവെന്നും, അവിടെ ഏഴ് വര്‍ഷത്തോളമായി ജോലി ചെയ്യുന്നുവെന്നുമാണ് അയാള്‍ പറഞ്ഞതെന്നും യുവതി വ്യക്തമാക്കി.