5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Narendra Modi: ‘ഇന്ത്യയില്ലാതെ എഐ വികസനം അപൂർണം’; ലെക്സ് ഫ്രിഡ്മാൻ പോഡ്‌കാസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

PM Narendra Modi on Lex Fridman Podcast: എഐ വികസനം എന്നത് ഒരു സഹകരണ ശ്രമം ആണെന്നും ഒരു രാജ്യത്തിനും ഒറ്റയ്ക്ക് അതിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Narendra Modi: ‘ഇന്ത്യയില്ലാതെ എഐ വികസനം അപൂർണം’; ലെക്സ് ഫ്രിഡ്മാൻ പോഡ്‌കാസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി, ലെക്സ് ഫ്രിഡ്മാൻImage Credit source: PTI
nandha-das
Nandha Das | Updated On: 16 Mar 2025 18:32 PM

പ്രമുഖ ലെക്സ് ഫ്രിഡ്മാൻ പോഡ്‌കാസ്റ്റിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പോഡ്‌കാസ്റ്റിൽ എഐയുടെ വരവ് ഉൾപ്പടെയുള്ള വിഷയങ്ങളിൽ ചർച്ച നടന്നു. എഐയുടെ വളർച്ചയിൽ യുഎസിലെ ഇന്ത്യൻ വംശജരായ ടെക് നേതാക്കളുടെ സംഭാവനകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇന്ത്യ ഇല്ലാതെ എഐ വികസനം അപൂർവമാണെന്നും മോദി പറഞ്ഞു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ബഹുമാനാർത്ഥം 45 മണിക്കൂർ വെറും വെള്ളം മാത്രം കുടിച്ച് ഫ്രിഡ്‌മാൻ വ്രതം അനുഷ്ടിച്ചു. അഭിമുഖ സമയത്ത് വ്യക്തതയും, അച്ചടക്കവും നിലനിർത്തുന്നതിനായാണ് താൻ വ്രതം അനുഷ്ടിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

എഐ വികസനം എന്നത് ഒരു സഹകരണ ശ്രമം ആണെന്നും ഒരു രാജ്യത്തിനും ഒറ്റയ്ക്ക് അതിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എഐയിൽ ഇന്ത്യ പിന്നിലാണെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, പൊതുജനങ്ങൾക്ക് ലഭ്യമാകും വിധം എഐ സൗകര്യങ്ങൾ കൊണ്ടുവരുന്നതിനായി ഇന്ത്യ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ എഐ മോഡലുകൾ വികസിപ്പിക്കുക മാത്രമല്ല സമൂഹത്തിൽ ഉള്ളവർക്ക് അത് കൃത്യമായി ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.

ഇന്ത്യ തുടക്കത്തിൽ പിന്നിലാണെന്ന് പലരും വിശ്വസിച്ചിരുന്നെങ്കിലും സമഗ്രമായ 5ജി നെറ്റ്‌വർക്ക് വേഗത്തിൽ നടപ്പിലാക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും മോദി പറഞ്ഞു. നിർമിതബുദ്ധി അടിസ്ഥാനപരമായി ശക്തി പ്രാപിക്കുന്നതും രൂപപ്പെടുത്തുന്നതും നയിക്കപ്പെടുന്നതും മനുഷ്യരാലാണെന്നും, മനുഷ്യരില്ലെങ്കിൽ എഐക്ക് പുരോഗമിക്കാൻ കഴിയില്ല. തൊഴിൽരംഗത്തെ സാങ്കേതികവിദ്യയുടെ ഉപയോഗം മനുഷ്യരെ പൂർണമായും മാറ്റിസ്ഥാപിക്കുമെന്ന ആശയം മോദി തള്ളിക്കളഞ്ഞു. എല്ലാ യുഗങ്ങളിലും സാങ്കേതികവിദ്യയ്ക്കും മനുഷ്യർക്കുമിടയിൽ ഒരു മത്സര അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരുന്നു എന്നത് ശരിയാണ്. എന്നാൽ സാങ്കേതികവിദ്യ പുരോഗമിക്കുമ്പോഴെല്ലാം മനുഷ്യർ അതിനനുസൃതമായി ഒരു പടി മുന്നിൽ എത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദാരിദ്ര്യം തനിക്ക് ഒരിക്കലും ബുദ്ധിമുട്ടായിരുന്നില്ലെന്ന് മോദി

ദാരിദ്ര്യത്തിൽ വളർന്നിട്ടും അതിൻ്റെ ഭാരം തനിക്ക് ഒരിക്കലും അനുഭവപ്പെട്ടിട്ടില്ലെന്നും പോഡ്‌കാസ്റ്റിൽ നരേന്ദ്ര മോദി പറഞ്ഞു. കഷ്ടപ്പാടുകൾക്കിടയിലും താൻ ഒരിക്കലും ഇല്ലായ്മ അനുഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഒരിക്കൽ അമ്മാവൻ തനിക്ക് സമ്മനിച്ച വെള്ള ഷൂസ് മിനുക്കാനായി സ്‌കൂളിൽ നിന്നുള്ള ചോക്ക് ഉപയോഗിച്ചതിനെ കുറിച്ചും അദ്ദേഹം ഓർത്തെടുത്തു. ജീവിതത്തിൻ്റെ ഓരോ ഘട്ടവും താൻ നന്ദിയോടെ സ്വീകരിച്ചുവെന്നും ദാരിദ്ര്യത്തെ ഒരു പോരാട്ടമായി കണ്ടിട്ടില്ലെന്നും മോദി കൂട്ടിച്ചേർത്തു.

ജീവിതത്തിൽ സ്വാമി വിവേകാനന്ദന്റെ സ്വാധീനം

കുട്ടിക്കാലത്ത് താൻ ഇടയ്ക്കിടെ ഗ്രാമത്തിലെ ഒരു വായനശാല സന്ദർശിച്ചിരുന്നുവെന്നും, അവിടെ നിന്നും സ്വാമി വിവേകാനന്ദനെക്കുറിച്ച് വായിച്ചിരുന്നുവെന്നും മോദി പറയുന്നു. അദ്ദേഹത്തിന്റെ ആശയങ്ങൾ തൻ്റെ ജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തി. വ്യക്തിപരമായ നേട്ടങ്ങളിൽ നിന്നല്ല, മറ്റുള്ളവർക്കുള്ള നിസ്വാർത്ഥ സേവനത്തിൽ നിന്നാണ് യഥാർത്ഥ നിർവൃദ്ധി ലഭിക്കുന്നതെന്ന് വിവേകാനന്ദനിൽ നിന്ന് താൻ മനസിലാക്കിയെന്നും മോദി പറഞ്ഞു.

ജീവിതത്തിലെ ആർഎസ്എസിന്റെ പങ്ക്

ആർഎസ്എസിന്റെ ഭാഗമാകാൻ കഴിഞ്ഞത് തന്റെ സൗഭാഗ്യമായാണ് കരുതുന്നതെന്ന് മോദി പറയുന്നു. തൻ്റെ ജീവിതലക്ഷ്യവും നിസ്വാർത്ഥ സേവനത്തിൻ്റെ മൂല്യങ്ങളും തന്നെയാണ് ആർഎസ്എസിലും പ്രതിഫലിക്കുന്നതെന്ന് ഒരു അനുഗ്രഹമായി കരുതുന്നു. ആഗോളതലത്തിൽ ആർഎസ്എസ് വഹിക്കുന്ന പങ്കിനെ കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇടതുപക്ഷ തൊഴിലാളി യൂണിയനുകളും ആർഎസ്എസ്-അനുബന്ധ തൊഴിലാളി യൂണിയനും തമ്മിലുള്ള വൈരുദ്ധ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടതുപക്ഷ യൂണിയനുകൾ ‘ലോകത്തെ തൊഴിലാളികളേ, ഒന്നിക്കൂ’ എന്ന് പറയുമ്പോൾ ആർഎസ്എസ് ‘തൊഴിലാളികളേ, ലോകത്തെ ഒന്നിപ്പിക്കൂ’ എന്നാണ് പറയുന്നതെന്നും മോദി കൂട്ടിച്ചേർത്തു.