Narendra Modi-JD Vance Meet: ജെഡി വാൻസുമായി കൂടിക്കാഴ്ച നടത്തി മോദി; വ്യാപാര കരാറിലെ പുരോഗതിയെ സ്വാഗതം ചെയ്ത് നേതാക്കൾ
PM Narendra Modi Meets US Vice President JD Vance: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ആശംസകൾ നേർന്ന പ്രധാനമന്ത്രി, ഈ വർഷാവസാനം ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദർശനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിനെ തിങ്കളാഴ്ച ഡൽഹിയിലെ വസതിയിൽ സ്വീകരിച്ചു. ജൂലൈ വരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നടപടിയിന്മേൽ നടന്ന ചർച്ചയിൽ ഉഭയകക്ഷി വ്യാപാര കരാറിലെ പുരോഗതിയെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. പ്രധാനമന്ത്രിയും വാൻസും ഉഭയകക്ഷി സഹകരണത്തിൻ്റെ വിവിധ മേഖലകളിലെ പുരോഗതി അവലോകനം ചെയ്യുകയും, പരസ്പര താൽപ്പര്യമുള്ള വിവിധ പ്രാദേശിക, ആഗോള വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു.
ഊർജ്ജം, പ്രതിരോധം, തന്ത്രപരമായ സാങ്കേതികവിദ്യകൾ, മറ്റ് മേഖലകൾ എന്നിവയിൽ സഹകരണം വർധിപ്പിക്കേണ്ട പ്രാധാന്യം ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. ജെഡി വാൻസിന്റെ ഭാര്യ ഉഷ വാൻസ്, മക്കളായ ഇവാൻ, വിവേക്, മിറാബെൽ എന്നിവരും ഉഭയകക്ഷി യോഗത്തിൽ പങ്കെടുത്തു. അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ആശംസകൾ നേർന്ന പ്രധാനമന്ത്രി, ഈ വർഷാവസാനം ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദർശനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് അറിയിച്ചു. വർഷാവസാനം ഇന്ത്യ ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്ന ക്വാഡ് ഉച്ചകോടിയുടെ പ്രധാന യോഗത്തിൽ ട്രംപ് പങ്കെടുക്കാൻ സാധ്യതയുണ്ട്. വാൻസുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ജനുവരിയിൽ വാഷിംഗ്ടൺ ഡിസി സന്ദർശിച്ചതിനെ കുറിച്ചും ട്രംപുമായുള്ള ഫലപ്രദമായ ചർച്ചകളെക്കുറിച്ചും പ്രധാനമന്ത്രി അനുസ്മരിച്ചു.
ALSO READ: 10 വർഷങ്ങൾക്ക് ശേഷം കോടതിയ്ക്ക് മുന്നിലെത്തി അതിജീവിത; പോക്സോ കേസ് പ്രതിയ്ക്ക് ജീവപര്യന്തം തടവ്
ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനത്തിനായി തിങ്കളാഴ്ച ഡൽഹിയിൽ എത്തിയ വാൻസ്, സ്വാമിനാരായണൻ അക്ഷർധാം ക്ഷേത്രം സന്ദർശിച്ചു. തുടർന്ന്, ജൻപഥിലെ ഒരു എംപോറിയം സന്ദർശിച്ചു. ഇന്ന് (ഏപ്രിൽ 22) വാൻസ് ജയ്പൂരിലെ ചരിത്രപ്രസിദ്ധമായ ആമേർ കോട്ടയും മറ്റ് സാംസ്കാരിക സ്ഥലങ്ങളും സന്ദർശിക്കും. തുടർന്ന്, രാജസ്ഥാൻ ഇന്റർനാഷണൽ സെന്ററിൽ നടക്കുന്ന ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യും. അടുത്ത ദിവസം, വാൻസും കുടുംബവും താജ്മഹലും ഓപ്പൺ എയർ എംപോറിയമായ ശിൽപ്ഗ്രാമും സന്ദർശിക്കും.