Subhadra Yojana: പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പൈസ എത്തും; ആദ്യ ഘട്ടം ഇവിടെ
Subhadra Yojana: ഈ വർഷം പദ്ധതിക്കായി 10,000 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ നീക്കിവച്ചിരിക്കുന്നത്. ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്കാണ് പണം എത്തുക.
ഭുവനേശ്വർ: 74-ാം ജന്മദിനത്തോടനുബന്ധിച്ച് ഒഡീഷയിലെ സ്ത്രീശക്തീകരണം ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi). ഇതിന്റെ ഭാഗമായി ഒഡീഷയിൽ സുഭദ്ര യോജനയ്ക്ക് (Subhadra Scheme) പ്രധാനമന്ത്രി തുടക്കമിടും. സംസ്ഥാനത്തെ 21 നും 60 നും ഇടയിൽ പ്രായമുള്ള അർഹരായ സ്ത്രീകൾക്ക് പ്രതിവർഷം 10,000 രൂപയാണ് ലഭിക്കുക. 2028-29 വരെയുള്ള 5 വർഷ കാലയളവിൽ 50,000/- ലഭിക്കും.
ബിജെപിയുടെ ഇലക്ഷൻ മാനിഫെസ്റ്റോയിൽ പ്രഖ്യാപിച്ചിരുന്ന പദ്ധതിയാണിത്. ഭുവനേശ്വറിലെ ജനതാ മൈതാനിയിൽ നടക്കുന്ന ഇന്ന് നടക്കുന്ന സ്ത്രീകളുടെ പൊതുസമ്മേളനത്തിൽ ആദ്യ ഗഡു വിതരണം ചെയ്യും. 10 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പ്രധാനമന്ത്രി ഇന്ന് പണം ട്രാൻസ്ഫർ ചെയ്യുക. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഭുവനേശ്വറിൽ ഏർപ്പെടുത്തിയിട്ടുള്ളത്.
സുഭദ്ര യോജന
ജഗന്നാഥ ഭഗവാന്റെ (Lord Jagannath) ഇളയ സഹോദരി സുഭദ്ര ദേവിയുടെ(Goddess Subhadra) പേരാണ് പദ്ധതിക്ക് നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ ഒരു കോടിയിലധികം സ്ത്രീകളാണ് പദ്ധതിയുടെ ഗുണഭോക്താക്കളാകുക. പ്രതിവർഷം 10,000 രൂപ രണ്ട് ഗഡുകളായി അക്കൗണ്ടിലെത്തും. 5,000 രൂപയുടെ ആദ്യ ഗഡു അന്താരാഷ്ട്ര വനിതാ ദിനമായ (മാർച്ച് 8)നും രണ്ടാം ഗഡു രക്ഷാബന്ധനുമാണ് നൽകുക. 50 ലക്ഷത്തിലധികം സ്ത്രീകൾ ഇതിനോടകം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്കാണ് പണം എത്തുക. ചരൺ മാജി സർക്കാർ (Mohan Charan Majhi government ) പദ്ധതിക്ക് ഇ-കെവൈസി(e-KYC) നിർബന്ധമാക്കിയിട്ടുണ്ട്. ഗുണഭോക്താക്കൾക്ക് സുഭദ്ര ഡെബിറ്റ് കാർഡ്(Subhadra Debit Card) നൽകും. ഗ്രാമപഞ്ചായത്ത്/ നഗരസഭ/ കോർപ്പറേഷൻ മേഖലയിൽ
ഏറ്റവും കൂടുതൽ ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന 100 സുഭദ്ര ഗുണഭോക്താക്കൾക്ക് 500 രൂപ അധികം ലഭിക്കും.
അർഹതപ്പെട്ടവർ
സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകൾ, സർക്കാർ ജീവനക്കാർ, ആദായനികുതി അടയ്ക്കുന്നവർ എന്നിവർ ഈ പദ്ധതിക്ക് അർഹരല്ല. മറ്റേതെങ്കിലും സർക്കാർ പദ്ധതി പ്രകാരം പ്രതിമാസം 1,500 രൂപയോ അതിൽ കൂടുതലോ അല്ലെങ്കിൽ പ്രതിവർഷം 18,000 രൂപയോ അതിൽ കൂടുതലോ ലഭിക്കുന്ന സ്ത്രീകളെയും പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, പൊതു സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പദ്ധതിയുടെ രജിസ്ട്രേഷൻ.
2024-25 മുതൽ 2028-29 വരെ പദ്ധതിക്കായി 55,825 കോടി രൂപയാണ് സർക്കാർ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷം പദ്ധതിക്കായി 10,000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
രാഷ്ട്രീയ പശ്ചാത്തലം
24 വർഷത്തെ ബിജെഡി ഭരണത്തിന് അവസാനമിട്ടാണ് ഒഡീഷയിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയത്. നിയമസഭയിലേക്കുള്ള 21-ൽ 20 സീറ്റുകളിലേക്കും ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു. ബിജെഡിയുടെ മിഷൻ ശക്തിക്ക് ബദലായാണ് നിയമസഭാ, പാർലമെന്റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഡിബിടി പദ്ധതി ബിജെപി പ്രഖ്യാപിച്ചത്. അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തുന്ന രീതിയാണ് ഡിബിടി. പ്രചാരണ വേളയിൽ 50,000 രൂപയുടെ വൗച്ചർ നൽകുമെന്നും അത് രണ്ട് വർഷത്തിനുള്ളിൽ പണമാക്കി മാറ്റമെന്നും വാഗ്ദാനം നൽകിയിരുന്നു.
ഭുവനേശ്വറിൽ 2,800 കോടി രൂപയുടെ റെയിൽവേ പദ്ധതികൾക്കും 1,000 കോടി രൂപയിലധികം രൂപയുടെ ദേശീയപാത പദ്ധതികൾക്കും പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും.