PM Modi Swearing-in Ceremony 2024: സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കോണ്‍ഗ്രസിന് ക്ഷണമില്ല; ആ സമയം ലോകകപ്പ് കാണുമെന്ന് തരൂര്‍
PM Modi Swearing-in Ceremony 2024: ഇന്ന് വൈകീട്ട് 7.15 നാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. നരേന്ദ്രമോദിയെ കൂടാതെ മുപ്പതോളം പേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.
ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയിലേക്ക് തങ്ങളെ ക്ഷണിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. ലോക നേതാക്കള്‍ക്ക് വരെ ക്ഷണമുള്ള ചടങ്ങിലേക്കാണ് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനെ ക്ഷണിക്കാതിരുന്നത്. രാഷ്ട്രീയവും ധാര്‍മികവുമായും തോറ്റ വ്യക്തിയുടെ സത്യുപ്രതിജ്ഞയ്ക്ക് എങ്ങനെ പങ്കെടുക്കുമെന്ന് ജയ്‌റാം രമേശ് ചോദിച്ചു.
എന്നാല്‍ സത്യപ്രതിജ്ഞയുടെ സമയത്ത് ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം തത്സമയം കാണുമെന്ന് ശശി തരൂര്‍ എംപി വ്യക്തമാക്കി. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ന് വൈകീട്ട് 7.15 നാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. നരേന്ദ്രമോദിയെ കൂടാതെ മുപ്പതോളം പേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.
എണ്ണായിരത്തോളം അതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കും. ബിജെപിയുടെയും സഖ്യകക്ഷികളുടെയും പ്രധാന നേതാക്കളെ കൂടാതെ ആറ് രാഷ്ട്ര നേതാക്കളാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. കൂടാതെ പുതിയ പാര്‍ലമെന്റ് നിര്‍മാണത്തില്‍ പങ്കാളികളായ തൊഴിലാളികള്‍, വന്ദേഭാരത്, മെട്രോ എന്നിവയുടെ നിര്‍മാണത്തില്‍ പങ്കാളികളായവര്‍ തുടങ്ങിയവര്‍ക്കും ക്ഷണമുണ്ട്.
ഭരണഘടനയുടെ അനുഛേദം 75 അനുസരിച്ച് നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു നരേന്ദ്രമോദിയെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നിയമിച്ചതായി രാഷ്ട്രപതിഭവന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
ബി.ജെ.പി അധ്യക്ഷന്‍ ജെപി നദ്ദയുടെ നേതൃത്വത്തില്‍ ഉള്ള എന്‍ ഡി എ പ്രതിനിധി സംഘം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ച് മോദിയെ നേതാവായി തിരഞ്ഞെടുത്തതായി കാണിച്ച് കത്ത് നല്‍കിയിരുന്നു. എന്‍ ഡി എ ഘടകകക്ഷികളുടെ പിന്തുണ അറിയിച്ചുള്ള കത്തും രാഷ്ട്രപതിക്ക് കൈമാറി.ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയും എത്തുമെന്ന് റിപ്പോര്‍ട്ട്.