PM Modi AC Yojana 2025: കേന്ദ്രം എല്ലാവർക്കും സൗജന്യമായി എസി നൽകുന്നുവെന്ന് പ്രചാരണം; വ്യാജമെന്ന് അധികൃതർ
PM Modi AC Yojana 2025 Is Fake: കേന്ദ്രം എല്ലാവർക്കും സൗജന്യമായി എസി നൽകുന്നുവെന്ന പ്രചാരണം തള്ളിൽ കേന്ദ്ര ഫാക്ട് ചെക്കിങ് ഏജൻസിയായ പിഐബി ഫാക്ട് ചെക്ക്. പ്രചാരണം വ്യാജമാണെന്നും സർക്കാർ ഇങ്ങനെ ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്നും പിഐബി ഫാക്ട് ചെക്ക് പറഞ്ഞു.

കേന്ദ്രം എല്ലാവർക്കും എസി നൽകുന്നുവെന്ന് വ്യാജപ്രചാരണം. പിഎം മോദി എസി യോജന എന്ന പേരിൽ സർക്കാർ പുതിയ പദ്ധതി അവതരിപ്പിച്ചു എന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ഇത് കേന്ദ്ര ഫാക്ട് ചെക്കിങ് ഏജൻസിയായ പിഐബി ഫാക്ട് ചെക്ക് തന്നെ തള്ളി. സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് വ്യാജപ്രചാരണമാണെന്നും ഇങ്ങനെ ഒരു പ്രഖ്യാപനം സർക്കാർ നടത്തിയിട്ടില്ലെന്നും പിഐബി ഫാക്ട് ചെക്ക് പറഞ്ഞു.
18 വയസ് തികഞ്ഞ ആളുകൾക്ക് 5 സ്റ്റാർ എസിയ്ക്കായി രജിസ്റ്റർ ചെയ്യാമെന്നായിരുന്നു പ്രചാരണം. 30 ദിവസത്തിനുള്ളിൽ സൗജന്യമായി എസി ലഭിക്കും. എസിയില്ലാത്തവർക്ക് 50 ശതമാനം വിലക്കിഴിവിൽ പുതിയ എസി വാങ്ങാനുള്ള സൗകര്യവും സർക്കാർ ഒരുക്കുന്നുണ്ടെന്നും ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട വ്യാജ പോസ്റ്റിൽ അവകാശപ്പെട്ടു. കാർബൺ പുറന്തള്ളൽ കുറയ്ക്കാനും വൈദ്യുതി ബിൽ കുറയ്ക്കാനുമായി പിഎം മോദി എസി യോജനയിലൂടെയാണ് ഇത് നൽകുന്നതെന്നും ബിഎസ്ഇഎസ് യമുന പവർ ലിമിറ്റഡിൻ്റെ വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടതെന്നും ഈ പോസ്റ്റിൽ പറഞ്ഞിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇൻസ്റ്റഗ്രാമിൽ നിന്നാരംഭിച്ച പ്രചാരണം മറ്റ് സമൂഹമാധ്യമങ്ങളും ഏറ്റുപിടിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകളും പ്രചരിച്ചു. ഗൂഗിൾ സെർച്ച് ക്വയറിയിൽ വരെ പിഎം മോദി എസി യോജന കയറിപ്പറ്റിയതോടെ പിഐബി ഫാക്ട് ചെക്ക് രംഗത്തുവന്നു.
ഈ പ്രചാരണങ്ങളൊക്കെ കേന്ദ്രം തള്ളി. ‘പിഎം മോദി എസി യോജന 2025 എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ അവകാശവാദങ്ങൾ പ്രചരിക്കുന്നുണ്ട്. എല്ലാവർക്കും 5 സ്റ്റാർ എസി നൽകുമെന്നും ഒന്നരക്കോടി എസികൾ ഇതിനകം തയ്യാറാക്കിക്കഴിഞ്ഞു എന്നും ഈ പോസ്റ്റിൽ പറയുന്നു. ഈ അവകാശവാദം തെറ്റാണ്. ഇത്തരത്തിലുള്ള ഒരു പ്രഖ്യാപനവും ഊർജമന്ത്രി നടത്തിയിട്ടില്ല. 5 സ്റ്റാർ എസി നൽകുന്ന ഒരു പദ്ധതിയും സർക്കാരിൻ്റേതായി ഇല്ല’- പിഐബി ഫാക്ട് ചെക്ക് പറഞ്ഞു.