പദവി ഒരേപോലെ കേന്ദ്രമന്ത്രി, പക്ഷേ ചുമതലകൾ വ്യത്യസ്തമാണ്; എന്താണ് ക്യാബിനെറ്റ് മന്ത്രിമാരും സഹമന്ത്രിമാരും തമ്മിലുള്ള വ്യത്യാസം?
Difference Between Cabinet Minister, Minister of State With Independent Charge And Minister Of State : 71 അംഗം മൂന്നാം മോദി സർക്കാരിൽ 36 പേരും സഹമന്ത്രിമാരാണ്. അഞ്ച് പേർക്കാണ് സ്വതന്ത്ര ചുമതല സഹമന്ത്രി സ്ഥാനം ലഭിച്ചിരിക്കുന്നത്.
ഇന്നലെ ജൂൺ ഒമ്പതാം തീയതി ഞായറാഴ്ചയാണ് മൂന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ 71 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ 30 ക്യാബിനെറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 36 സഹമന്ത്രമാരുമാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റത്. കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി എംപിയായ സുരേഷ് ഗോപിയും ബിജെപി നേതാവായ ജോർജ് കുര്യനും ഈ സഹമന്ത്രിമാരുടെ പട്ടികയിൽ ഉൾപ്പെടുന്നു.
റിപ്പോർട്ടുകളിൽ ആദ്യം സുരേഷ് ഗോപിക്ക് ക്യാബിനെറ്റ് പദവി ലഭിക്കുമെന്നായിരുന്നു. എന്നാൽ പിന്നീട് നടനും കൂടിയായ തൃശൂരിൻ്റെ നിയുക്ത ലോക്സഭ എംപിക്ക് സഹമന്ത്രി സ്ഥാനമാണ് ബിജെപി നേതൃത്വം നൽകിയത്. ഇതെ തുടർന്ന് പലരും അവശേഷിക്കുന്ന സംശയമാണ് എന്താണ് ക്യാബിനെറ്റ് പദവിയും സഹമന്ത്രി സ്ഥാനവും സ്വതന്ത്ര ചുമതലയുമുള്ള സഹമന്ത്രി സ്ഥാനവും തമ്മിലുള്ള വ്യത്യാസം?
കേന്ദ്രമന്ത്രി സ്ഥാനം മുന്ന് പട്ടികയിലായിട്ടാണ് തരംതിരിക്കുന്നത്. ഒന്ന് ക്യാബിനെറ്റ് മന്ത്രി, രണ്ട് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി, മൂന്ന് സഹമന്ത്രി. ചുമതലകൾക്കനുസരിച്ചാണ് ഓരോ സ്ഥാനവും ലഭിക്കുന്നത്. ഇവ മൂന്നും എങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്നുയെന്ന് പരിശോധിക്കാം.
ക്യാബിനെറ്റ് മന്ത്രി
കേന്ദ്രമന്ത്രിമാരുടെ പട്ടികയിൽ ഏറ്റവും അധികാരമുള്ള പദവിയാണ് ക്യാബിനെറ്റ് മന്ത്രിസ്ഥാനം. ഒരു മന്ത്രാലയത്തിൻ്റെ സമ്പൂർണ ചുമതല ഈ ക്യാബിനെറ്റ് മന്ത്രിക്കായിരിക്കും. നേരിട്ട് പ്രധാനമന്ത്രിയോടെയാണ് എല്ലാ കാര്യവും വിശദീകരിക്കേണ്ടത്. കൂടാതെ മന്ത്രിസഭയുടെ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതും ഈ ക്യാബിനെറ്റ് മന്ത്രിമാരുടെ യോഗത്തിലാണ്.
സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി
ക്യാബിനെറ്റ് മന്ത്രി കഴിഞ്ഞാൽ കേന്ദ്രമന്ത്രിസ്ഥാനത്ത് രണ്ടാമത് അധികാരമുള്ളത് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിക്കാണ്. ഇവരും നേരിട്ട് പ്രധാനമന്ത്രിയെയാണ് റിപ്പോർട്ട് ചെയ്യേണ്ടത്. കൂടാതെ അതാത് മന്ത്രാലയത്തിൻ്റെ ചുമതല നേരിട്ട് വഹിക്കണം. എന്നാൽ ഈ കേന്ദ്രമന്ത്രിമാർക്ക് ക്യാബിനെറ്റ് മന്ത്രിമാരുടെ ആനുകൂല്യമുണ്ടാകില്ല. കൂടാതെ ക്യാബിനെറ്റ് യോഗത്തിൽ പങ്കെടുക്കാനും സാധിക്കില്ല.
സഹമന്ത്രി
ക്യാബിനെറ്റ് മന്ത്രിമാർ ചുമതല വഹിക്കുന്ന മന്ത്രാലയത്തിൻ്റെ പ്രവർത്തനങ്ങൾ ഏകോപിക്കുകയാണ് ഇവരുടെ പ്രധാന ചുമതല. ഇവർ റിപ്പോർട്ട് ചെയ്യേണ്ടത് അതാത് മന്ത്രാലയത്തിൻ്റെ ക്യാബിനെറ്റ് മന്ത്രിമാരെയാണ്. കൂടാതെ ക്യാബിനെറ്റ് മന്ത്രിയുടെ അഭാവത്തിൽ മന്ത്രാലയത്തിൻ്റെ പൂർണ ചുമതല കൈകാര്യം ചെയ്യേണ്ടതും സഹമന്ത്രിമാരാണ്.