അനുമതി ലഭിച്ചില്ല; മോദി ബില്‍ ഗേറ്റ്‌സ് അഭിമുഖം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യില്ല
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെ വിമര്‍ശനം ഉയരുമെന്ന് അനൗദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസാര്‍ ഭാരതിയെ അറിയിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും തമ്മിലുള്ള അഭിമുഖം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യില്ല. സംപ്രേഷണം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയില്ല. ഒരു പ്രമുഖ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
പ്രസാര്‍ ഭാരതിയുടെ അനുമതി തേടിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുകൂല നിലപാട് സ്വീകരിക്കാത്തതിനെ തുര്‍ന്നാണ് അഭിമുഖം സംപ്രേഷണം ചെയ്യാനുള്ള നീക്കം ഉപേക്ഷിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെ വിമര്‍ശനം ഉയരുമെന്ന് അനൗദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസാര്‍ ഭാരതിയെ അറിയിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ രാമായണം സീരിയല്‍ വീണ്ടും സംപ്രേഷണം ചെയ്ത് ദൂരദര്‍ശന്‍. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അയോധ്യ ക്ഷേത്രവും രാമായണവും ഉയര്‍ത്തിക്കാട്ടി വോട്ട് നേടാനുള്ള ശ്രമമാണിതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഇതിന് ദൂരദര്‍ശനെ കൂട്ടുപിടിക്കുകയാണെന്നും പ്രതിപക്ഷം വിമര്‍ശിക്കുന്നു.
കഴിഞ്ഞ ദിവസം കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രൊപ്പഗാണ്ട ചിത്രമായ ‘ദി കേരള സ്റ്റോറി’ ദൂരദര്‍ശന്‍ പ്രദര്‍ശിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഇതിനെതിരെ സംസ്ഥാനത്ത് മുഖ്യമന്ത്രിയും ഇടതുപക്ഷവും യുഡിഎഫും രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളി ദൂരദര്‍ശന്‍ ചിത്രം പ്രദര്‍ശിപ്പിച്ചു.