Parliament Session: പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; വഖഫടക്കം 16 ബില്ലുകൾ അവതരിപ്പിക്കും
Parliament Winter Session: അദാനിക്കെതിരേ യുഎസ് കോടതി കേസെടുത്തതും മണിപ്പൂരിലെ കലാപവും തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന ആരോപണവുമടക്കമുയർത്തി സമ്മേളനം പ്രതിപക്ഷം പ്രക്ഷുബ്ധമാക്കാൻ സാധ്യതയുണ്ട്. വഖഫ് ഭേദഗതിബിൽ, ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പുൾപ്പെടെ 16 ബില്ലുകളാണ് സഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.
ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് മുതൽ തുടക്കം. ഡിസംബർ 20 വരെ നീളുന്ന സമ്മേളനത്തിന് മുന്നോടിയായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം സർവകക്ഷിയോഗം ചേർന്നിരുന്നു. അദാനിക്കെതിരേ യുഎസ് കോടതി കേസെടുത്തതും മണിപ്പൂരിലെ കലാപവും തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന ആരോപണവുമടക്കമുയർത്തി സമ്മേളനം പ്രതിപക്ഷം പ്രക്ഷുബ്ധമാക്കാൻ സാധ്യതയുണ്ട്. വഖഫ് ഭേദഗതിബിൽ, ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പുൾപ്പെടെ 16 ബില്ലുകളാണ് സഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.
പാർലമെന്റ് സമ്മേളനത്തിന്റെ ഭാഗമായി രാവിലെ 10 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമപ്രവർത്തകരുമായി സംസാരിക്കും. വയനാട്ടിൽ നിന്ന് ജയിച്ച എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ബുധനാഴ്ചയോ വ്യാഴാഴ്ചയോ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽകയറും. പാർലമെന്റിൽ ഉരുൾപൊട്ടൽ വിഷയമാവും ആദ്യമായി പ്രിയങ്ക അവതരിപ്പിക്കുകയെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. കൂടാതെ മലയാളം പഠിക്കുന്ന കാര്യം പ്രിയങ്കയുടെ ആലോചിനയിലുണ്ടെന്നും അവരോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഈയാഴ്ച അവസാനത്തോടെ പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തും.
ഞായറാഴ്ച പാർലമെൻ്റിന് മുന്നോടിയായ ചേർന്ന സർവകക്ഷിയോഗത്തിൽ കേരളത്തിൽനിന്ന് കൊടിക്കുന്നിൽ സുരേഷ്, ഇ ടി മുഹമ്മദ് ബഷീർ, എൻ കെ പ്രേമചന്ദ്രൻ, കെ രാധാകൃഷ്ണൻ, പി സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. എന്നാൽ കേന്ദ്രമന്ത്രിമാർ ചോദ്യങ്ങൾക്ക് ഇംഗ്ലീഷിന് പകരം ഹിന്ദിയിൽ ഉത്തരങ്ങൾ നൽകുന്നത് തിരുത്തണമെന്ന് സർവകക്ഷിയോഗത്തിൽ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. ഇക്കാര്യം സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് രാജ്‌നാഥ് സിങ് ഉറപ്പുനൽകി. വഖഫ് ഭേദഗതിബില്ലിൽ അടിയന്തരമായി മാറ്റം കൊണ്ടുവരാനുള്ള കേന്ദ്രത്തിൻ്റെ നീക്കം പ്രകോപനം സൃഷ്ടിക്കാനാണെന്ന് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. വഖഫ് നിയമ ഭേദഗതിയിൽ സംയുക്ത പാർലമെന്ററി സമിതി റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്.
സർവകക്ഷി യോഗത്തിൽ മണിപ്പൂരിലെ അക്രമവും പ്രശ്‌നം അവസാനിപ്പിക്കാനുള്ള പരിഹാരവും ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ശീതകാല സമ്മേളനത്തിന് മുന്നോടിയായി ഭരണകക്ഷി നേതാക്കൾ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പാർലമെൻ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സമ്മേളനത്തിൻ്റെ സുഗമമായ നടത്തിപ്പിനായി എല്ലാ പാർട്ടികളും സഹകരിക്കണമെന്ന് യോഗത്തിന് ശേഷം പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു അഭ്യർത്ഥിച്ചു.
അതേസമയം അദാനിവിഷയം ചർച്ച ചെയ്യുന്നതടക്കമുള്ള കാര്യത്തിൽ തീരുമാനമെടുക്കുന്നത് ബിസിനസ് അഡ്വൈസറി കമ്മിറ്റിയാണെന്നും പ്രധാനമന്ത്രിക്കും കമ്മിറ്റിക്കും മുൻപാകെ വിവരം അറിയിക്കാമെന്നും രാജ്‌നാഥ് സിങ് പ്രതിപക്ഷത്തോട് മറുപടിയായി പറഞ്ഞു. 26-ന് ഭരണഘടനാ ദിനാചരണത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പഴയ പാർലമെന്റ് മന്ദിരമായ സംവിധാൻസദനിലെ സെൻട്രൽഹാളിൽ നടക്കുന്ന ചടങ്ങിൽ ഇരുസഭകളിലെയും എംപിമാരെ അഭിസംബോധന ചെയ്യും.
വയനാട്ടിൽ പ്രയങ്കയുടെ കന്നിയങ്കം
വയനാട് ലോക്സഭ മണ്ഡലത്തിൽ 410931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ഗാന്ധി വിജയിച്ചത്. വയനാട്ടിൽ 2024ൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോൾ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്കയുടെ തിളക്കമാർന്ന വിജയം. 622338 വോട്ടുകൾ പ്രിയങ്ക ആകെ നേടിയപ്പോൾ രണ്ടാമതെത്തിയ എൽഡിഎഫിൻറെ സത്യൻ മോകേരി 211407 വോട്ടുകൾ മാത്രമാണ് നേടിയത്. 109939 വോട്ടുകളാണ് ബിജെപിയുടെ നവ്യ ഹരിദാസിനു ലഭിച്ചത്.