Rahul Gandhi: പാർലമെന്റ് വളപ്പിലെ സംഘർഷം, രാഹുൽ ​ഗാന്ധിക്ക് എതിരായ കേസ് അന്വേഷിക്കുക ക്രെെംബ്രാ‍ഞ്ച്; 7 വർഷം വരെ തടവ്

Parliament scuffle case against Rahul Gandhi: ഭാരതീയ ന്യായ സംഹിതയിലെ ദേഹോപദ്രവം ഏൽപ്പിക്കൽ, ആളുകളുടെ സുരക്ഷക്കും ജീവനും ഭീഷണിയാകുന്ന പെരുമാറ്റം, പ്രകോപനത്തെ തുടർന്നുള്ള കയ്യേറ്റം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Rahul Gandhi: പാർലമെന്റ് വളപ്പിലെ സംഘർഷം, രാഹുൽ ​ഗാന്ധിക്ക് എതിരായ കേസ് അന്വേഷിക്കുക ക്രെെംബ്രാ‍ഞ്ച്; 7 വർഷം വരെ തടവ്

Rahul Gandhi

Published: 

20 Dec 2024 22:00 PM

ഡൽഹി: പാർലമെൻറ് സംഘർഷത്തിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ കേസ് ക്രെെംബ്രാഞ്ച് അന്വേഷിക്കും. ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ക്രെെംബ്രാഞ്ചിന് കെെമാറിയിരിക്കുന്നത്. പാർലമെന്റ് വളപ്പിൽ എംപിമാരെ ആക്രമിച്ചെന്ന പരാതിയാണ് ‍ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ബിജെപി എംപിമാർക്കെതിരെ കോൺഗ്രസ് വനിത എംപിമാർ നൽകിയ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ബിജെപി എംപിമാരുടെ പരാതിയിന്മേൽ 5 വകുപ്പുകൾ ചുമത്തിയാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. 7വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് കോൺ​ഗ്രസ് നേതാവിനെതിരെ ചുമത്തിയിരിക്കുന്നത്.

പാർലമെന്റ് കവാടത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുണ്ടായ കയ്യാങ്കളിയിലാണ് ബിജെപി എംപിമാർക്ക് പരിക്കേറ്റത്. പരിക്കേറ്റ ബിജെപി എംപിമാരായ പ്രതാപ് ചന്ദ്ര സാരം​ഗി, മുകേഷ് രാജ്പുത് എന്നിവർ ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ബിജെപി അം​ഗങ്ങളുടെ പരാതിയിൽ ഇന്നലെയാണ് രാ​ഹുൽ ​ഗാന്ധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ബിജെപി എംപി ഹേമാംഗ് ജോഷി, മുൻ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, ബൻസുരി സ്വരാജ് എന്നിവരാണ് രാഹുൽ ​ഗാന്ധിക്കെതിരെ പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.

ഭാരതീയ ന്യായ സംഹിതയിലെ ദേഹോപദ്രവം ഏൽപ്പിക്കൽ, ആളുകളുടെ സുരക്ഷക്കും ജീവനും ഭീഷണിയാകുന്ന പെരുമാറ്റം, പ്രകോപനത്തെ തുടർന്നുള്ള കയ്യേറ്റം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വധശ്രമത്തിന് കേസെടുക്കണമെന്ന് ബിജെപി എംപിമാർ പരാതിയിൽ ആവശ്യപ്പെട്ടെങ്കിലും കേസ് രജിസ്റ്റർ ചെയ്തപ്പോൾ ഈ വകുപ്പ് ഒഴിവാക്കി.

കേസ് അന്വേഷണത്തിന്റെ ഭാ​ഗമായി പൊലീസ് രാഹുൽ ​ഗാന്ധിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുമെന്നാണ് വിവരം. പാർലമെന്റ് കവാടത്തിന് മുന്നിൽ നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങളും ക്രെെംബ്രാഞ്ച് പാർലമെന്റ് സെക്രട്ടറിയേറ്റിൽ നിന്ന് ശേഖരിക്കും. രജിസ്റ്റർ ചെയ്തിരിക്കുന്ന സെക്ഷൻ 117 ഒഴികെയുള്ള മറ്റെല്ലാ വകുപ്പുകളിലും രാഹുലിന് ജാമ്യം ലഭിക്കുമെന്നും ഡൽഹി പൊലീസിലെ ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഇന്ത്യ ടിവി റിപ്പോർട്ട് ചെയ്തു. സെക്ഷൻ 117-ന് ഏഴ് വർഷം മുതൽ ജീവപര്യന്തം വരെ തടവ് ലഭിച്ചേക്കാം.

ബിആർ അംബേദ്കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിവാദ പരാമർശമാണ് സംഘർഷങ്ങൾക്ക് വഴിവെച്ചത്. അംബേദ്കർ എന്ന് ഉരുവിടുന്നതിന് പകരം കോൺ​ഗ്രസ് ദെെവത്തെ വിളിച്ചാൽ സ്വർ​ഗത്തിൽ പോകാമെന്നായിരുന്നു അമിത് ഷായുടെ പരാമർശം. രാജ്യസഭയിലെ ഭരണഘടനാ ചർച്ചക്കിടെയായിരുന്നു പരാമർശം. അംബേദ്കറിൻറെ പേര് ഉച്ചരിക്കുന്നത് ഇപ്പോൾ ഒരു ഫാഷനാണെന്നും കേന്ദ്രമന്ത്രി പരിഹാസ രൂപേണ പറഞ്ഞിരുന്നു. എന്നാൽ തൻറെ പ്രസംഗം കോൺഗ്രസ് വളച്ചൊടിച്ചതാണെന്നും ഭരണഘടനയെ അനുസരിച്ച് പോകുന്ന പാർട്ടിയാണ് ബിജെപിയെന്നുമുള്ള ന്യായീകരണവുമായി പിന്നീട് അമിത് ഷാ രം​ഗത്തെത്തി. പരാമർശത്തിൽ അമിത് ഷാ മാപ്പുപറയണമെന്നും രാജി വയ്ക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.‌ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് ഉടനീളം പ്രതിഷേധങ്ങളും നടക്കുന്നുണ്ട്.

ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
മോഡേൺ ലുക്കിലും താലിമാല അണിഞ്ഞ് കീർത്തി സുരേഷ്
ഈ ക്രിസ്മസിന് ഈന്തപ്പഴം ഗോതമ്പ് കേക്ക്
ഇന്ത്യക്കായി ഏറ്റവുമധികം രാജ്യാന്തര വിക്കറ്റുകൾ; ആർ അശ്വിൻ പട്ടികയിൽ