Viral News: പാനി പൂരി വില്പനക്കാരന് വരുമാനം 40 ലക്ഷം; പിന്നാലെ ജിഎസ്ടി നോട്ടീസ്
Pani Puri Vendor Income of 40 lakhs: വിവിധ ഓൺലൈൻ പ്ലാറ്റുഫോമുകളിൽ നിന്നായി ശേഖരിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഓൺലൈൻ ഓർഡറുകളിലൂടെ ഇദ്ദേഹത്തിന് ലഭിച്ച തുകയെ കുറിച്ചുള്ള വിവരങ്ങളും സമൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാ വിഷയം ഒരു തമിഴ്‌നാട്ടിലെ പാനി പൂരി വിൽപ്പനക്കാരൻ ആണ്. പാനി പൂരി കച്ചവടക്കാരന് 2023-24 വർഷത്തിൽ 40 ലക്ഷം രൂപയാണ് ഓൺലൈൻ പേയ്‌മെന്‍റായി ലഭിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തെ തേടി ചരക്ക് സേവന നികുതി (ജിഎസ്ടി) നോട്ടീസും എത്തി. ഇതിന്റെ പകർപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഓൺലൈനിൽ വിഷയം സജീവ ചർച്ചയായത്.
ഡിസംബർ പതിനേഴിനാണ് പാനി പൂരി കച്ചവടക്കാരനെ തേടി സമൻസ് എത്തുന്നത്. അദ്ദേഹത്തോട് നേരിട്ട് ഹാജരാകാനും രേഖകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാട് ചരക്ക് സേവന നികുതി നിയമത്തിലെയും സെൻട്രൽ ജിഎസ്‌ടി നിയമത്തിലെയും വ്യവസ്ഥകൾ പ്രകാരമാണ് നോട്ടീസ്. വിവിധ ഓൺലൈൻ പ്ലാറ്റുഫോമുകളിൽ നിന്നായി ശേഖരിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഓൺലൈൻ ഓർഡറുകളിലൂടെ ഇദ്ദേഹത്തിന് ലഭിച്ച തുകയെ കുറിച്ചുള്ള വിവരങ്ങളും സമൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലഭിച്ച റിപ്പോർട്ടുകൾ അനുസരിച്ച് 2023-24ൽ കച്ചവടക്കാരന് ലഭിച്ചത് 40 ലക്ഷം രൂപയാണ്. പരിധി കടന്ന ശേഷവും ജിഎസ്ടി രജിസ്‌ട്രേഷൻ നടത്താതെ വില്പന തുടർന്നത് കുറ്റകരം ആണെന്നും സമൻസിൽ പറയുന്നു.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന നോട്ടീസിന്റെ പകർപ്പ്:
Pani puri wala makes 40L per year and gets an income tax notice 🤑🤑 pic.twitter.com/yotdWohZG6
— Jagdish Chaturvedi (@DrJagdishChatur) January 2, 2025
എന്നാൽ, ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ നോട്ടീസിന്റെ ആധികാരികത എത്രത്തോളമാണെന്ന കാര്യത്തിൽ വ്യക്തമല്ല. എന്നിരുന്നാൽ പോലും ഓൺലൈനിൽ സംഭവം വലിയ ചർച്ചയാവുകയാണ്. പലരും ‘കരിയർ മാറ്റാൻ സമയമായി’ എന്നാണ് കമന്റുകളിലൂടെ പറയുന്നത്. ‘ചിലപ്പോൾ അദ്ദേഹത്തിന് 40 ലക്ഷം ലഭിച്ചിട്ടുണ്ടാകാം, എന്നാൽ അത് വരുമാനം ആകാനും ആകാതിരിക്കാനും സാധ്യത ഉണ്ട്’ എന്നും ചിലർ അഭിപ്രായപ്പെട്ടു. ‘പല മെഡിക്കൽ കോളേജുകളിലെയും പ്രഫസമാരുടെ ശമ്പളത്തേക്കാൾ കൂടുതലാണ് ഇതെന്ന്’ മറ്റ് ചിലർ പറയുന്നു.
അതേസമയം, രാജ്യത്തെ നിയമം അനുസരിച്ച് തെരുവ് കച്ചവടക്കാർക്ക് പൊതുവിൽ ചരക്ക് സേവന നികുതി (ജിഎസ്ടി) അല്ലെങ്കിൽ ആദായനികുതി അടയ്‌ക്കേണ്ടതില്ല. എന്നാൽ, ഈ സംഭവത്തിലേത് പോലെ 40 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവ് ഉള്ള ബിസിനസുകൾക്ക് ജിഎസ്ടി രജിസ്‌ട്രേഷൻ നിർബന്ധമാണ്. അതുപോലെ, 60 വയസിന് താഴെയുള്ള 2.5 ലക്ഷം രൂപ വരുമാനപരിധിയുള്ള വ്യക്തികൾ ആദായനികുതി നിർബന്ധമായും അടയ്ക്കണം.
മിതമായ വരുമാനത്തിലാണ് തെരുവ് കച്ചവടക്കാർ പ്രവർത്തിക്കുന്നത് എന്നത് കൊണ്ടുതന്നെ അവർ സാധാരണയായി ഇത്തരം നികുതികളിൽ നിന്ന് ഒഴിവാക്കപ്പെടുകയാണ് പതിവ്. അതുപോലെ, പണം നേരിട്ട് ലഭിക്കുന്നതിനാൽ ഇത് പരിശോധിക്കപ്പെടാറുമില്ല. എന്നാൽ, ഓൺലൈൻ പേയ്‌മെന്റുകൾ വ്യാപകമായതോടെയാണ് ഇത്തരം വിവരങ്ങൾ പുറത്തുവരാൻ തുടങ്ങിയത്.