നീക്കങ്ങള്‍ കടുപ്പിച്ച് ഇന്ത്യ; കശ്മീരിൽ രാത്രിയിലും ഭീകരര്‍ക്കായി വ്യാപക തെരച്ചിൽ
Pahalgam Terrorist Attack: നടപടികള്‍ കടുപ്പിക്കുന്നതിനിടെയാണ് ഭീകരർക്കെതിരായ നീക്കങ്ങൾ ശക്തമാക്കിയത്. നേരത്തെ ആരംഭിച്ച തെരച്ചിൽ കൂടുതൽ വ്യാപമാക്കിയിട്ടുണ്ട്. സൈന്യവും പൊലീസും ചേര്‍ന്നാണ് കശ്മീരിലെ വിവിധയിടങ്ങളിൽ വ്യാപക തെരച്ചിൽ നടത്തുന്നത്.

ന്യൂഡൽഹി: ജമ്മു പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ രാത്രിയിലും ഭീകരര്‍ക്കായി വ്യാപക തെരച്ചിൽ നടത്തി സൈന്യം. പാകിസ്ഥാനെതിരെ നയതന്ത്ര തലത്തിൽ നടപടികള്‍ കടുപ്പിക്കുന്നതിനിടെയാണ് ഭീകരർക്കെതിരായ നീക്കങ്ങൾ ശക്തമാക്കിയത്. നേരത്തെ ആരംഭിച്ച തെരച്ചിൽ കൂടുതൽ വ്യാപമാക്കിയിട്ടുണ്ട്. സൈന്യവും പൊലീസും ചേര്‍ന്നാണ് കശ്മീരിലെ വിവിധയിടങ്ങളിൽ വ്യാപക തെരച്ചിൽ നടത്തുന്നത്.
ഇതിന്റെ ഭാഗമായി തീവ്രവാദ കേസുകളിൽ പെട്ടവരുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്. സൈന്യം നടത്തുന്ന തെരച്ചിലിന് പുറമെ കശ്മീരിലും പഞ്ചാബിലും എന്‍ഐഎ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. ജമ്മുകശ്മീരിലെത്തിയ കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി സാഹചര്യം വിലയിരുത്തി. കശ്മീരിലേക്ക് കൂടുതല്‍ സേനയെ അയച്ചേക്കും.
അതേസമയം രാജ്യത്തെ എല്ലാ പാകിസ്ഥാൻ പൗരന്മാരെയും ഉടനെ കണ്ടെത്തി തിരിച്ചയക്കാൻ നിർദ്ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. എല്ലാം സംസ്ഥാന മുഖ്യമന്ത്രിമാരെയും നേരിട്ട് വിളിച്ച അമിത് ഷാ സമയപരിധി കഴിഞ്ഞ് രാജ്യത്ത് ഒരു പാകിസ്ഥാനിയും ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
പാകിസ്ഥാനെതിരെ നയതന്ത്രതലത്തില്‍ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി പാകിസ്ഥാൻ പൗരന്മാര്‍ക്കുള്ള എല്ലാ വിസകളും കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോട് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം.
രാജ്യത്തിനകത്തുള്ള പാകിസ്ഥാൻ പൗരന്മാരോട് ഏപ്രില്‍ 27-നകം രാജ്യം വിടാനാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മെഡിക്കല്‍ വിസയുള്ള പാക് പൗരന്മാരോട് ഏപ്രില്‍ 29-നകം രാജ്യം വിടേണ്ടിവരുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.