Pahalgam Terror Attack: പഹൽഗാം ഭീകരാക്രമണത്തിൻ്റെ ആസൂത്രകൻ; ആരാണ് സൈഫുള്ള ഖാലിദ്?
Who Is Saifulla Khalid: പഹൽഗാമിലെ ഭീകരാക്രമണത്തിൻ്റെ ആസൂത്രകൻ സൈഫുള്ള ഖാലിദ് എന്നയാളാണെന്നാണ് റിപ്പോർട്ടുകൾ. ലഷ്കർ എ തൊയ്ബയുടെ നേതാക്കളിൽ ഒരാളായ ഇയാളെപ്പറ്റിയുള്ള കൂടുതൽ കാര്യങ്ങളറിയാം.

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ മരണം 28 ആയി. സൈനികവേഷത്തിലെത്തിയ ഭീകരർ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. രാജ്യം ഞെട്ടിയ ഈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരകൻ സൈഫുള്ള ഖാലിദ് ആണെന്നാണ് റിപ്പോർട്ടുകൾ. ഭീകരസംഘടനയായ ലഷ്കർ എ തൊയ്ബയുടെ നേതാക്കളിലൊരാളായ സൈഫുള്ള ഖാലിദിനെപ്പറ്റി കൂടുതലറിയാം.
ആരാണ് സൈഫുള്ള ഖാലിദ്?
സൈഫുള്ള കസൂരി എന്നും അറിയപ്പെടുന്ന സൈഫുള്ള ഖാലിദ് പാക് ഭീകര സംഘടനയായ ലക്ഷ്കർ എ തൊയ്ബയുടെ ഡെപ്യൂട്ടി ചീഫ് ആണ്. ഇന്ത്യയിൽ മുൻ നടന്ന പല ഭീരാക്രമണങ്ങളുടെയും ആസൂത്രകനായ പാകിസ്താൻ ഭീകരൻ ഹാഫിസ് സയീദുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് സൈഫുള്ള ഖാലിദ്. പല സൈനികോദ്യോഗസ്ഥരുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രകോപനപരമായ പ്രസംഗങ്ങൾ കൊണ്ട് കുപ്രസിദ്ധനാണ് ഇയാൾ. തൻ്റെ പ്രസംഗങ്ങളിലൂടെ ഇയാൾ യുവാക്കളെ അക്രമത്തിലേക്ക് പ്രേരിപ്പിച്ച നിരവധി സംഭവങ്ങളുണ്ട്.
രണ്ട് മാസങ്ങൾക്ക് മുൻപ് ഇയാൾ പാകിസ്താനിലെ പഞ്ചാബിലുള്ള കങ്കൺപൂരിലെത്തിയിരുന്നു. ഇവിടെ പാക് സൈന്യം ക്യാമ്പ് ചെയ്തിരുന്നു. പാക് സൈന്യത്തിലെ കേണലായിരുന്ന സാഹിദ് സരിൻ ഖട്ടക്ക് പ്രസംഗിക്കാനായി ഇയാളെ വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇവിടെ വച്ച് ഇയാൾ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വയിൽ നടത്തിയ പ്രസംഗത്തിൽ 2026ഓടെ കശ്മീർ പിടിച്ചടക്കാൻ ശ്രമിക്കുമെന്ന് ഇയാൾ അവകാശപ്പെട്ടിരുന്നു. അതുവരെ ആക്രമണം കടുപ്പിക്കുമെന്നും ഇയാൾ പറഞ്ഞു.




Also Read: Pahalgam Terror Attack: സൈന്യത്തിൻ്റെ മോക് ഡിൽ ആയിരുന്നില്ല, വേഷം മാറിയെത്തിയത് ഭീകരർ; ഒടുവിൽ
ദി റെസിസ്റ്റൻ്റ് ഫ്രണ്ട്
ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ദി റെസിസ്റ്റൻ്റ് ഫ്രണ്ട് എന്ന ഭീകരസംഘടനയെ 2024ൽ കേന്ദ്രസർക്കാർ വിലക്കിയിരുന്നു. ഓൺലൈനിലൂടെ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നു എന്ന കാരണത്താലാണ് സംഘടനയെ സർക്കാർ വിലക്കിയത്. കേന്ദ്രം വിലക്കിയ ലഷ്കർ എ തൊയ്ബയുടെ നിഴൽ സംഘടനയായാണ് 2019ൽ ടിആർഎഫ് രൂപീകരിച്ചത്. 2024ൽ സർക്കാർ വിലക്കിയെങ്കിലും സംഘടന ഇപ്പോഴും സജീവമായി തുടരുകയാണെന്നാണ് നിലവിലെ ആക്രമണം തെളിയിക്കുന്നത്.