Pahalgam Terror Attack: എന്താണ് കലിമ?; എന്തുകൊണ്ട് ഇത് അറിയാവുന്നവരെ തീവ്രവാദികൾ വെറുതെവിട്ടു?
What Is Kalima?: അഹൽഗാം ഭീകരാക്രമണത്തിനിടെ വിനോദസഞ്ചാരികളോട് തീവ്രവാദികൾ കലിമ ചൊല്ലാൻ ആവശ്യപ്പെട്ടിരുന്നു. ഇത് അറിയാത്തവരെയാണ് തീവ്രവാദികൾ വെടിവച്ച് കൊന്നത്. എന്താണ് കലിമ?

പഹൽഗാം ഭീകരാക്രമണത്തിനിടെ ഉയർന്നുകേട്ട ഒരു പദമാണ് കലിമ. വിനോദഞ്ചാരികളോട് കലിമ ചൊല്ലാനാണ് തീവ്രവാദികൾ ആവശ്യപ്പെട്ടത്. ഇത് ചൊല്ലിയവരെ അക്രമികൾ വെറുവിട്ടു. ഇതറിയാത്തവർക്ക് നേരെയാണ് അവർ വെടിയുതിർത്തത്. എന്താണ് കലിമ എന്നറിയാമോ? എന്തുകൊണ്ടാണ് ഇതറിയാവുന്നവരെ തീവ്രവാദികൾ വെറുതെവിട്ടത്?
എന്താണ് കലിമ?
‘ലാ ഇലാഹ ഇല്ലള്ളാ, മുഹമ്മദ് റസൂലുള്ളാ’ എന്നതാണ് കലിമ. ‘അള്ളാഹു അല്ലാതെ മറ്റൊരു ദൈവമില്ല എന്നും മുഹമ്മദ് അള്ളാഹുവിൻ്റെ ദൂതനാണ്’ എന്നുമാണ് ഈ വാചകത്തിൻ്റെ അർത്ഥം. ഇസ്ലാം മതവിശ്വാസത്തിൽ കലിമയ്ക്ക് ഉയർന്ന സ്ഥാനമുണ്ട്. ഈ സാക്ഷ്യപ്പെടുത്തലാണ് മറ്റ് മതവിശ്വാസികളെ മുസ്ലിം ആക്കുന്നത്. അത് വെറുതെ പറയുകയല്ല, അർത്ഥം മനസിലാക്കി പറയണം. അതായത്, ഇസ്ലാം മതത്തിലേക്ക് വരുന്നവർ ആദ്യം പറയേണ്ടത് ഇതാണ്. മരിക്കുമ്പോൾ അവസാനമായി ഈ വാചകം പറയാനായാൽ അയാൾ സ്വർഗത്തിൽ പ്രവേശിക്കുമെന്നാണ് വിശ്വാസം. അഞ്ച് നേരത്തെ ബാങ്കിൽ ഈ വചനങ്ങളുണ്ട്.
കലിമ പറഞ്ഞവരെ എന്തുകൊണ്ട് വെറുതെവിട്ടു?
മുസ്ലിമാണോ എന്നുറപ്പിക്കാനാണ് തീവ്രവാദികൾ ആളുകളോട് കലിമ ചൊല്ലാൻ ആവശ്യപ്പെട്ടത്. കലിമ അറിയാവുന്നവർ മുസ്ലിങ്ങളാണെന്ന് അവർ കരുതി. മറ്റ് മതവിശ്വാസികൾ കലിമ ചൊല്ലുമ്പോൾ അവർ ഇസ്ലാമിലേക്ക് വന്നു എന്നും ഇവർ കരുതി. എന്നാൽ, വെറുതെ കലിമ ചൊല്ലിയാൽ ഒരാൾ ഇസ്ലാം മതവിശ്വാസിയാവില്ലെന്ന പ്രാഥമിക അറിവ് പോലും ഈ തീവ്രവാദികൾക്ക് ഉണ്ടായിരുന്നില്ല. അസം പ്രൊഫസറായ ദേബാശിഷ് ഭട്ടാചാര്യ അടക്കം ഇങ്ങനെ കലിമ പറഞ്ഞ് രക്ഷപ്പെട്ട് ഇതരമതവിശ്വാസികളിൽ പെടുന്നു. താൻ പൂർണമായി കലിമ പറഞ്ഞില്ലെന്നും ‘ലാ ഇലാഹി’ എന്ന് പറഞ്ഞപ്പോൾ തീവ്രവാദികൾ തന്നെ വെറുതെവിട്ടു എന്നും അദ്ദേഹം വെളിപ്പെടുത്തി. അതായത് കലിമ സ്വയം അറിയാത്തവരാണ് മറ്റുള്ളവരെക്കൊണ്ട് അത് ചൊല്ലിച്ച് സർട്ടിഫിക്കറ്റ് നൽകിയതെന്നർത്ഥം.




Also Read: Kashmir Encounter: കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു
പഹൽഗാം ഭീകരാക്രമണം
ഈ മാസം 22നാണ് പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു ആക്രമണം. പെഹൽഗാമിലുള്ള ബൈസരനിൽ ട്രെക്കിംഗിന് പോയ വിനോദസഞ്ചാരികളെയാണ് തീവ്രവാദികൾ വെടിവെച്ച് കൊന്നത്. 28 പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു.