Pahalgam Terror Attack: ‘ലഘുഭക്ഷണം കഴിക്കുന്നതിനിടെ ഭർത്താവിനെ വെടിവച്ചു, ദയവായി രക്ഷിക്കൂ’; നിലവിളിച്ച് യുവതി, ദൃശ്യങ്ങൾ പുറത്ത്
Pahalgam Terror Attack Victim Pleads for Help: അക്രമണത്തിൽ കൊല്ലപ്പെട്ട ഭർത്താവിന് സമീപം വിലപിക്കുന്ന യുവതിയുടെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ഉടനീളം പ്രചരിക്കുന്നുണ്ട്.

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ വെടിയേറ്റ് നിലത്തു വീണ് കിടക്കുന്ന വിനോദ സഞ്ചാരികളുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അക്രമണത്തിൽ കൊല്ലപ്പെട്ട ഭർത്താവിന് സമീപം വിലപിക്കുന്ന യുവതിയുടെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ഉടനീളം പ്രചരിക്കുന്നുണ്ട്. “ദയവായി എന്റെ ഭർത്താവിനെ രക്ഷിക്കൂ. ദൈവത്തെ ഓർത്ത്, അവനെ രക്ഷിക്കൂ. ഞങ്ങൾ ലഘുഭക്ഷണം കഴിക്കുമ്പോൾ ഒരാൾ വന്ന് എന്റെ ഭർത്താവിനെ വെടിവെച്ചു” എന്ന് യുവതി പറയുന്നത് വീഡിയോയിൽ കാണാം.
ഭീകരാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മരണസംഘ്യ ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിനോദ സഞ്ചാരികളെ സുരക്ഷാ സേന എത്തിയാണ് ആശുപത്രികളിലേക്ക് മാറ്റിയത്. അതേസമയം, ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേർന്നിരുന്നു. അമിത് ഷായുടെ നേതൃത്വത്തിൽ ശ്രീനഗറിൽ ഇന്ന് അടിയന്തര യോഗവും ചേരും. അതിനിടെ, കേസന്വേഷണം ഏറ്റെടുത്ത എൻഐഎ ഉടൻ പഹൽഗാമിലെത്തും. സമീപകാലത്ത് രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്.
ALSO READ: പഹൽഗാം ഭീകരാക്രമണത്തിൻ്റെ ആസൂത്രകൻ; ആരാണ് സൈഫുള്ള ഖാലിദ്?
ചൊവ്വാഴ്ച ഉച്ചയോടെയാണ് പഹൽഗാമിൽ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. സാധാരണക്കാരായ വിനോദ സഞ്ചാരികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സൈനികരുടെ വേഷത്തിൽ എത്തിയായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരിൽ രാജസ്ഥാൻ, തമിഴ്നാട്, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും നേപ്പാൾ, യുഎഇ സ്വദേശികളും ഉണ്ട്. അതേസമയം, ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദ്വിദിന സൗദി അറേബ്യ സന്ദർശനം റദ്ധാക്കി പുലർച്ചെ നരേന്ദ്ര മോദി ഡൽഹിയിലെത്തി.