Pahalgam Terror Attack: പഹൽഗാം ഭീകരാക്രമണം; ഇന്ത്യയ്ക്ക് പിന്തുണയുമായി ട്രംപ്, അപലപിച്ച് ലോകരാജ്യങ്ങൾ
World Leaders Condemn Pahalgam Terror Attack: ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച ട്രംപ് ഈ ഹീനമായ ആക്രമണത്തിന് പിന്നിലുള്ള കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഇന്ത്യയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ന്യൂഡൽഹി: ജമ്മു കശ്‌മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ഇന്ത്യയ്ക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നരേന്ദ്ര മോദിയെ വിളിച്ച ട്രംപ് ജമ്മു കശ്‌മീരിലെ ഭീകരാക്രമണത്തിൽ നിരപരാധികളുടെ ജീവൻ നഷ്‍ടപ്പെട്ടതിൽ അഗാധമായ അനുശോചനം അറിയിച്ചു. ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച ട്രംപ് ഈ ഹീനമായ ആക്രമണത്തിന് പിന്നിലുള്ള കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഇന്ത്യയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു. കൂടാതെ ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് ലോകനേതാക്കളും രംഗത്തെത്തി.
രാജ്യത്തെ നടുക്കിയ ഭീകരാക്രമണ വിവരം അറിഞ്ഞതിന് പിന്നാലെ സൗദി അറേബ്യയിൽ ദ്വിദിന സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി മോദി സന്ദർശനം റദ്ദാക്കി ചൊവ്വാഴ്‌ച രാത്രി തന്നെ ഡൽഹിയിലേക്ക് മടങ്ങിയിരുന്നു. അതേസമയം, ജമ്മു കശ്‌മീരിലെ ഭീകരാക്രമണത്തെക്കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ട്രംപിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ചൊവ്വാഴ്‌ച അറിയിച്ചു. ഇതിന് പിന്നാലെയാണ് മോദിയുമായി ട്രംപ് സംസാരിച്ചത്. ട്രൂത്ത് സോഷ്യൽ എന്ന ചാനലിലെ ഒരു പോസ്‌റ്റിൽ, കശ്‌മീരിലെ ഭീകരാക്രമണങ്ങളെ ട്രംപ് അപലപിക്കുകയും തീവ്രവാദത്തിനെതിരെ ഇന്ത്യയ്‌ക്കൊപ്പം അമേരിക്ക ശക്തമായി നിലകൊള്ളുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
സംഭവത്തിൽ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും അനുശോചനം രേഖപ്പെടുത്തി. ഭാര്യ ഉഷ വാൻസിനും കുട്ടികൾക്കുമൊപ്പം ഇന്ത്യയിലെത്തിയതാണ് വാൻസ്. മറ്റ് ലോകനേതാക്കളും രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുന്നുവെന്നും ആവശ്യമായ എന്ത് പിന്തുണയും നൽകാൻ തയ്യാറാണെന്നും അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ആക്രമണത്തെ ക്രൂരമായ കുറ്റകൃത്യം എന്ന് വിശേഷിപ്പിക്കുകയും നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും അയച്ച സന്ദേശത്തിൽ അറിയിച്ചു.
ALSO READ: പെഹൽഗാം ഭീകരാക്രമണം; മരിച്ചവരുടെ എണ്ണം 28 ആയി, കശ്മീരില്‍ ഇന്ന് ബന്ദ്
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും സംഭവത്തിൽ അനുശോചനം അറിയിച്ചു. കൂടാതെ, ഇസ്രായേൽ, യുകെ തുടങ്ങിയ രാജ്യങ്ങളും അനുശോചനം രേഖപ്പെടുത്തി. കശ്മീരിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നാണ് പഹൽഗാമിൽ ഉണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് ഭീകരാക്രമണം നടന്നത്. ബൈസരൻ താഴ്‌വരയിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ 28ഓളം പേർ കൊല്ലപ്പെട്ടുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.