Pahalgam Terror Attack: സംഘത്തിൽ മൂന്ന് പാകിസ്താനികൾ; കഴിഞ്ഞ വർഷം പുഞ്ചിൽ നടന്ന ആക്രമണത്തിലും ഇവരെന്ന് റിപ്പോർട്ട്
3 Pakistanis In Pahalgam Attack: പഹൽഗാമിൽ ആക്രമണം നടത്തിയ തീവ്രവാദികളിൽ മൂന്ന് പേരെങ്കിലും പാകിസ്താനികളാണെന്ന് റിപ്പോർട്ട്. രണ്ട് പേർ പ്രദേശവാസികളാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവർ ആകെ അഞ്ച് പേരെന്ന് റിപ്പോർട്ട്. അഞ്ച് പേരിൽ മൂന്ന് പേരെങ്കിലും പാകിസ്താനികളാണെന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. ദൃക്സാക്ഷികളും ഇൻ്റലിജൻസും പറയുന്നതനുസരിച്ച് തീവ്രവാദികൾ രണ്ട് പേർ പ്രദേശവാസികളാണ്. ദി ഇന്ത്യൻ എക്സ്പ്രസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
അവർ സംസാരിക്കുന്ന ഉർദു പാകിസ്താനിലെ ചില പ്രദേശങ്ങളിൽ നിന്നുള്ളതായിരുന്നു എന്ന് ദേശീയ ഏജൻസിയെയും സൈന്യത്തെയും ഉദ്ധരിച്ച് വാർത്തയിൽ പറയുന്നു. അവർക്കൊപ്പം കുറഞ്ഞത് രണ്ട് പ്രദേശവാസികളെങ്കിലുമുണ്ടായിരുന്നു. ഇവർ പഹൽഗാമിലെ ബിജ്ബെഹറ, തൊകെർപൊര സ്വദേശികളാണ്. 2017ൽ പാകിസ്താനിലേക്ക് പോയ ഇവർ കഴിഞ്ഞ വർഷം തിരികെയെത്തി. പാകിസ്താനിൽ നിന്ന് ഇവർക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ജൈഷ് എ മുഹമ്മദ് സംഘടനയുമായി ബന്ധപ്പെട്ടവരാണ് ഇവർ. ലഷ്കർ എ തയ്ബയുമായി ചേർന്നാണ് ഇവർ ആക്രമണം നടത്തിയത് എന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം പൂഞ്ചിൽ ഐഎഎഫ് കോൺവോയ്ക്കെതിരെ നടന്ന ആക്രമണസംഘത്തിലുണ്ടായിരുന്നവർ പഹൽഗാമിൽ ആക്രമണം നടത്തിയവരിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകളുണ്ട്. ഇവർ ബോഡി ക്യാമറ ധരിച്ചിരുന്നു എന്ന വിവരം ജമ്മു കശ്മീർ പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിൽ ജമ്മു കശ്മീരിൽ നടന്ന ആക്രമണങ്ങളൊക്കെ തീവ്രവാദികൾ ശരീരത്തിലോ തോക്കിലോ ഘടിപ്പിച്ച ക്യാമകളിൽ ചിത്രീകരിച്ചിട്ടുണ്ട്. പ്രോപ്പഗണ്ടകൾക്കായാണ് ഈ വിഡിയോകൾ ഉപയോഗിക്കുന്നതെന്നും പോലീസ് അറിയിച്ചു. തീവ്രവാദികളുടെ ചിത്രങ്ങൾ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. ഇവരെപ്പറ്റിയുള്ള വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. എങ്ങനെയാണ് ഇവർ കശ്മീരിലെത്തിയതെന്നോ എത്ര നാളായി ഇവർ ഇവിടെയുണ്ടെന്നോ വ്യക്തമല്ല. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.




ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താനെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ചത്. സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കി. വാഗ-അട്ടാരി അതിര്‍ത്തി അടച്ച ഇന്ത്യ എല്ലാ പാകിസ്താനികളും ഉടന്‍ തന്നെ രാജ്യം വിടണമെന്ന നിർദ്ദേശവും നൽകി. അതിര്‍ത്തി കടന്നവര്‍ മെയ് ഒന്നിന് മുമ്പായി തിരികെയെത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.