Pahalgam Terror Attack: അമേരിക്കൻ സന്ദർശനം പാതിയിൽ ഉപേക്ഷിച്ച് രാഹുൽ ഗാന്ധി തിരികെയെത്തി; കോൺഗ്രസ് വർക്കിങ് കമ്മറ്റി യോഗത്തിൽ പങ്കെടുക്കും
Rahul Gandhi Returns To India: അമേരിക്കൻ സന്ദർശനം പാതിയിൽ ഉപേക്ഷിച്ച് രാഹുൽ ഗാന്ധി ഇന്ത്യയിൽ തിരികെയെത്തി. പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയത്.

അമേരിക്കൻ സന്ദർശനം പാതിയിൽ ഉപേക്ഷിച്ച് കോൺഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ഇന്ത്യയിൽ തിരികെയെത്തി. പഹൽഗാം ഭീകരണാക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം തിരികെ ഇന്ത്യയിലെത്തിയത്. ഏപ്രിൽ 24, വ്യാഴാഴ്ച രാവിലെ 10.30ന് ന്യൂഡൽഹിയിൽ വച്ച് നടക്കുന്ന കോൺഗ്രസ് വർക്കിംഗ് കമ്മറ്റി യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. നേരത്തെ, രാഹുൽ ഗാന്ധി തൻ്റെ ഔദ്യോഗിക യുഎസ് സന്ദർശനം പാതിയിൽ ഉപേക്ഷിച്ചെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേഷ് അറിയിച്ചിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 24ന് കേന്ദ്രസർക്കാർ സർവകക്ഷിയോഗം വിളിച്ചുചേർത്തിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ രാഗുൽ ഗാന്ധി പങ്കെടുക്കുമെന്ന് സൂചനകളുണ്ട്. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്രമോദി തൻ്റെ സൗദി അറേബ്യ സന്ദർശനവും ധനമന്ത്രി നിർമ്മല സീതാരാമൻ തൻ്റെ അമേരിക്കൻ സന്ദർശനവും പാതിയിൽ വച്ച് ഉപേക്ഷിച്ചിരുന്നു.
പഹൽഗാം ആക്രമണകാരികളിൽ മൂന്ന് പാകിസ്താനികൾ
പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവരിൽ മൂന്ന് പാകിസ്താനികളെന്ന് റിപ്പോർട്ട്. ആകെ ഉണ്ടായിരുന്ന അഞ്ച് പേരിൽ മൂന്ന് പേർ പാകിസ്താനികളും രണ്ട് പേർ പ്രദേശവാസികളും ആണെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത്. പ്രദേശവാസികൾ പഹൽഗാമിലെ ബിജ്ബെഹറ, തൊകെർപൊര സ്വദേശികളാണ് എന്നാണ് റിപ്പോർട്ടിലുള്ളത്. 2017ൽ പാകിസ്താനിലേക്ക് പോയ ഇവർ കഴിഞ്ഞ വർഷമാണ് തിരികെയെത്തിയത്. പാകിസ്താനിൽ വച്ച് ഇവർക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളിലുണ്ട്. ജൈഷ് എ മുഹമ്മദും ലഷ്കർ എ തയ്ബയുമായിച്ചേർന്നാണ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തീവ്രവാദികളുടെ ചിത്രങ്ങൾ നേരത്തെതന്നെ അധികൃതർ പുറത്തുവിട്ടു. ഇവരെപ്പറ്റിയുള്ള വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ഇവർ എങ്ങനെയാണ് കശ്മീരിലെത്തിയതെന്ന് വ്യക്തമല്ല. ഇതിൽ അന്വേഷണം നടക്കുകയാണ്. എത്ര നാളായി ഇവർ ഇവിടെയുണ്ടെന്നതിനെപ്പറ്റിയും അന്വേഷണം പുരോഗമിക്കുകയാണ്.