Pahalgam Terror Attack: പഹൽഗാം ഭീകരാക്രമണം: കുപ്വാരയിൽ ലഷ്കർ ഭീകരൻ ഫാറൂഖ് അഹമ്മദിൻ്റെ വീട് സ്ഫോടനത്തിൽ തകർത്തു
Lashkar terrorist Farooq Ahmed House: നിലവിൽ പാക്കിസ്ഥാനിൽ ഭീകര സംഘത്തിനൊപ്പമാണ് ഫാറൂഖ് കഴിയുന്നത്. പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ മറ്റ് ഭീകരരുടെയും വീടുകൾ ഇത്തരത്തിൽ തകർത്തിരുന്നു. ഇന്നലെ മാത്രം കശ്മീരിൽ അഞ്ച് ഭീകരരുടെ വീടുകളാണ് ജില്ലാ ഭരണകൂടം തകർത്തത്.

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കശ്മീരിൽ ഭീകരരുടെ വീടുകൾ തകർക്കുന്ന നടപടി തുടർന്ന് അധികൃതർ. ലഷ്കർ ഭീകരൻ ഫാറൂഖ് അഹമ്മദിൻ്റെ കുപ്വാരയിലുള്ള വീടാണ് സ്ഫോടനത്തിലൂടെ തകർത്തത്. നിലവിൽ പാക്കിസ്ഥാനിൽ ഭീകര സംഘത്തിനൊപ്പമാണ് ഫാറൂഖ് കഴിയുന്നത്. പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ മറ്റ് ഭീകരരുടെയും വീടുകൾ ഇത്തരത്തിൽ തകർത്തിരുന്നു.
ഇന്നലെ മാത്രം കശ്മീരിൽ അഞ്ച് ഭീകരരുടെ വീടുകളാണ് ജില്ലാ ഭരണകൂടം തകർത്തത്. കശ്മീരിലെ ഷോപിയാൻ, കുൽഗാം എന്നീ ജില്ലകളിൽ ഓരോ വീടുകളും പുൽവാമയിൽ മൂന്ന് വീടുകളുമാണ് തകർത്തത്. മുതിർന്ന ലഷ്കരെ ത്വയ്ബ കമാൻഡർ ഷാഹിദ് അഹ്മദ് കുട്ടേയുടെ ഷോപിയാനിലെ വീടും, കുൽഗാമില് ഭീകരൻ സാഹിദ് അഹമ്മദിന്റെയും വീടുകളുമാണ് തകർത്തത്. പുൽവാമയിലുള്ള ലഷ്കർ ഭീകരൻ ഇഷാൻ അഹമ്മദ് ഷെയ്ഖ്, ഹാരിസ് അഹമ്മദ്, അഹ്സാൻ ഉൾ ഹഖ് ഷെയ്ഖ് എന്നിവരുടെ വീടുകളും കഴിഞ്ഞ ദിവസം തകർത്തിരുന്നു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലെ നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്. ആക്രമണത്തിൻ്റെ പശ്ചാതലത്തിൽ, ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികൾക്ക് സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ജീവനക്കാരുടെ അവധി അടക്കം നിയന്ത്രിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാവണമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കുന്നതടക്കം വിഷയങ്ങളിൽ ഉടൻ ഉന്നത തലത്തിൽ ചർച്ചകൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചിരുന്നു. പാക് വ്യോമപാതയടച്ച പശ്ചാത്തലത്തിൽ വിമാനക്കമ്പനിക റൂട്ടുകളിലെ മാറ്റം യാത്രക്കാരെ കൃത്യമായി അറിയിക്കണമെന്നും വ്യോമയാന മന്ത്രാലയം നിർദ്ദേശം നൽിയിട്ടുണ്ട്.
കൂടാതെ വിമാനങ്ങൾ വഴി മാറി പോകുന്നതിനാൽ യാത്രയിലെ സമയ ദൈർഘ്യമടക്ക്യവും വഴിയിൽ സാങ്കേതിക കാര്യങ്ങൾക്കായി ഏതൊക്കെ വിമാനത്താവളങ്ങളിൽ വിമാനം ഇറക്കേണ്ടിവരുമെന്നകാര്യവും അടക്കം മുൻകൂട്ടി യാത്രക്കാരെ അറിയിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഇന്ത്യയെടുത്ത കടുത്ത നടപടികൾക്ക് പിന്നാലെ പാക് വ്യോമ മേഖലയിൽ ഇന്ത്യയിൽ നിന്നും ഇന്ത്യയിലേക്കുമുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുകയായിരുന്നു.