Pahalgam Terror Attack: സമ്മര്‍ദ്ദം ഇവിടെ വിലപോകില്ല; സിന്ധു നദീജല കരാര്‍ മരവിപ്പിച്ച് ഇന്ത്യ വിജ്ഞാപനമിറക്കി
India Suspends Indus Water Treaty: തുടര്‍ച്ചയായി അതിര്‍ത്തി കടന്ന് ആക്രമണം നടത്തുന്നതാണ് കരാറില്‍ നിന്നും പിന്മാറാന്‍ കാരണമെന്ന് വിജ്ഞാപനത്തില്‍ ഇന്ത്യ വ്യക്തമാക്കി. ഇത്തരം ചട്ടലംഘനങ്ങള്‍ക്ക് പുറമെ കരാറില്‍ പറഞ്ഞിരിക്കുന്നത് പോലെ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുള്ള ഇന്ത്യയുടെ അഭ്യര്‍ത്ഥനയോട് പ്രതികരിക്കാനും പാകിസ്താന്‍ വിസമ്മതിച്ചു.

ന്യൂഡല്‍ഹി: ഒരു നീക്കവും ഇനി നടക്കില്ലെന്ന സൂചന നല്‍കി പാകിസ്താനെതിരെയുള്ള നടപടികള്‍ വേഗത്തിലാക്കി ഇന്ത്യ. അതിന്റെ ആദ്യ ഘട്ടമായി സിന്ധു നദീജല കരാര്‍ മരവിപ്പിച്ചുകൊണ്ട് വിജ്ഞാപനമിറക്കി. വിഷയം പാകിസ്താനെ ഔദ്യോഗികമായി അറിയിച്ചു.
തുടര്‍ച്ചയായി അതിര്‍ത്തി കടന്ന് ആക്രമണം നടത്തുന്നതാണ് കരാറില്‍ നിന്നും പിന്മാറാന്‍ കാരണമെന്ന് വിജ്ഞാപനത്തില്‍ ഇന്ത്യ വ്യക്തമാക്കി. ഇത്തരം ചട്ടലംഘനങ്ങള്‍ക്ക് പുറമെ കരാറില്‍ പറഞ്ഞിരിക്കുന്നത് പോലെ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുള്ള ഇന്ത്യയുടെ അഭ്യര്‍ത്ഥനയോട് പ്രതികരിക്കാനും പാകിസ്താന്‍ വിസമ്മതിച്ചു. ഇതുള്‍പ്പെടെ പാകിസ്താന്‍ കരാര്‍ ലംഘിച്ചതായി ജലശക്തി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. തുടര്‍ച്ചയായ കരാര്‍ ലംഘനം നടത്തിയതിനാലാണ് സിന്ധു നദീജല കരാര്‍ മരവിപ്പിക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി.
അതേസമയം, സിന്ധു നദീജല കരാര്‍ ലംഘിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്നാണ് ഇന്ത്യയ്ക്ക് പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കരാറില്‍ പറഞ്ഞിരിക്കുന്നത് അനുസരിച്ച് പാകിസ്താന് ലഭിക്കേണ്ട വെള്ളം വഴിതിരിച്ചുവിടുകയോ തടയുകയോ ചെയ്യുന്നത് യുദ്ധസമാനമായ നടപടിയായി കണക്കാക്കുമെന്നാണ് പാകിസ്താന്റെ വാദം. പാകിസ്താന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വീസയും മരവിപ്പിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നല്‍കുമെന്നും പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.




അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഇന്ത്യ അടച്ചു. 120 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന അട്ടാരി ചെക്ക് പോസ്റ്റ് അതിര്‍ത്തി കടന്നുള്ള വ്യാപാരത്തിന്റെ നിര്‍ണായക ഭാഗം കൂടിയാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതികള്‍ പ്രധാനമായും ഇതുവഴിയാണ് കടന്നുവരുന്നത്.
ഏപ്രില്‍ 27നുള്ളില്‍ ഇന്ത്യ വിടാന്‍ പാകിസ്താന്‍ പൗരന്മാര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ വീസ കയ്യിലുള്ളവര്‍ക്ക് ഏപ്രില്‍ 29 വരെ ഇവിടെ തങ്ങാന്‍ സാധിക്കും.