Pehalgam Terror Attack: പെഹൽഗാം ഭീകരാക്രമണം; മരിച്ചവരുടെ എണ്ണം 28 ആയി, കശ്മീരില്‍ ഇന്ന് ബന്ദ്
Pahalgam Terror Attack Updates: ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദ്വിദിന സൗദി അറേബ്യ സന്ദർശനം വെട്ടിച്ചുരുക്കി നരേന്ദ്ര മോദി ഇന്ത്യയിലെത്തി. പ്രധാനമന്ത്രി ഇന്ന് കശ്മീർ സന്ദർശിക്കുമെന്നാണ് വിവരം.

ഡൽഹി: ജമ്മു കശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ട സംഭവത്തിൽ നടുങ്ങി രാജ്യം. കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആണ് പെഹൽഗാമിലെ ബൈസരനിൽ ട്രെക്കിംഗിന് പോയ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിന് പിന്നാലെ ലഷ്‌കറെ തൊയ്ബ അനുകൂല സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് – ടിആർഎഫ് ഉത്തരവാദിത്തം ഏറ്റെടുത്തു. ആക്രമണത്തെ തുടർന്ന് കശ്മീരിൽ ഇന്ന് ബന്ദ് ആചരിക്കും.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദ്വിദിന സൗദി അറേബ്യ സന്ദർശനം വെട്ടിച്ചുരുക്കി നരേന്ദ്ര മോദി ഇന്ത്യയിലെത്തി. പ്രധാനമന്ത്രി ഇന്ന് കശ്മീർ സന്ദർശിക്കുമെന്നാണ് വിവരം. ഭീകരാക്രമണത്തെ യുഎസും റഷ്യയും ഉൾപ്പടെയുള്ള വിവിധ ലോകരാഷ്ട്രങ്ങൾ അപലപിച്ചു. ജമ്മു കശ്‍മീരിലെ ഭീകരാക്രമണം കണക്കിലെടുത്ത് ഡൽഹി, മുംബൈ, ജയ്പൂർ, അമൃതസർ തുടങ്ങിയ നഗരങ്ങളിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വല്യ ഭീകരാക്രമണമാണ് പെഹൽഗാമിൽ നടന്നത്. ഒരു മലയാളിയും രണ്ടു വിദേശികളും ഉൾപ്പടെ 28 വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്. മകൾ ആരതിയുടെ മുന്നിൽ വെച്ചാണ് മലയാളിലയായ രാമചന്ദ്രൻ കൊല്ലപ്പെട്ടത്. മരിച്ചവരിൽ കൊച്ചിയിലെ നേവി ഉദ്യോഗസ്ഥനും ഹരിയാന സ്വദേശിയുമായ വിനയ് നർവാളും, ഭാര്യ ഹിമാൻഷിയും ഉൾപ്പെടുന്നു. അനന്ത്നഗറിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പെഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആക്രമണം ഉണ്ടായത്. സൈനിക വേഷത്തിൽ എത്തിയ ഭീകരർ വിനോദ സഞ്ചാരികളെ തിരഞ്ഞുപിടിച്ചു വെടിവെക്കുകയായിരുന്നു.
ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ രാജസ്ഥാൻ, തമിഴ്നാട്, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും നേപ്പാൾ, യുഎഇ സ്വദേശികയും ഉണ്ട്. മിനി സ്വിറ്റ്‌സർലൻഡ് എന്നറിയപ്പെടുന്ന ബൈരസൻ താഴ്വരയിലേക്കുള്ള വഴിമധ്യേയാണ് വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്. സംഘത്തിൽ ഏഴ് പേരുണ്ടായിരുന്നു എന്നാണ് വിവരം. പൈന്മരക്കാടുകളിൽ നിന്ന് എത്തിയ ഭീകരർ മുന്നിൽ കണ്ടവരെയെല്ലാം വെടിവെച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ബൈരസൻ താഴ്വരയിലേക്ക് കുതിരപ്പുറത്തേറിയും നടന്നും മാത്രമേ എത്താനാകൂ എന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയായി. പരിക്കേറ്റ പലരെയും പ്രദേശവാസികൾ കുതിരപ്പുറത്തേറ്റിയാണ് പുറത്തെത്തിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കറെ തൊയ്ബ അനുകൂല സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് – ടിആർഎഫ് ഏറ്റെടുത്തു. സംഭവത്തിൽ എൻഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, എംഎൽഎമാരായ എം മുകേഷ്, കെ പി എ മജീദ്, ടി സിദ്ദിഖ്, കെ ആൻസലൻ എന്നിവർ നിലവിൽ ശ്രീനഗറിൽ ഉണ്ട്. ഇവർ സുരക്ഷിതരാണ്. കശ്മീരിൽ വിനോദയാത്രയ്ക്കായി എത്തിയിട്ടുള്ള മലയാളികൾക്ക് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് നോർക്ക റൂട്ട്സ് നിർദേശം നൽകിയിട്ടുണ്ട്. കശ്മീരിലേക്ക് വിനോദയാത്ര പോയ ഹൈക്കോടതി ജസ്റ്റിസുമാരായ ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത്കുമാർ, ജസ്റ്റിസ് ഗിരീഷ് എന്നിവരും സുരക്ഷിതരാണ്. ഇന്ന് നാട്ടിലേക്ക് മടങ്ങുമെന്നാണ് വിവരം.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തെ അപലപിച്ചു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു. പെഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു.