Dating App Scam: ഡേറ്റിങ് ആപ്പാവരുത്! സൂക്ഷിച്ചില്ലേൽ പണം പോകും; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
Online Dating App Scam Alert: വിവാഹമോ സൗഹൃദമോ വാഗ്ദാനം ചെയ്ത് ആപ്പുകളിൽ നിന്നു പരിചയപ്പെടുന്നവരെയാണ് ഈ തട്ടിപ്പു സംഘം ഇരയാക്കുന്നത്. സൗഹൃദം ആഴത്തിലാകുമ്പോൾ വിവിധ ട്രേഡിങ് പ്ലാറ്റ്ഫോമുകളിൽ പണം നിക്ഷേപിക്കാൻ ഇരകളോട് തട്ടിപ്പുകാർ ആവശ്യപ്പെടും. എന്നാൽ ഇവ വ്യാജ പ്ലാറ്റ്ഫോമുകളായിരിക്കും. ആദ്യഘട്ടത്തിൽ ചെറിയ ലാഭംനൽകി വിശ്വാസം പിടിച്ചെടുക്കുന്നു.
രാജ്യത്ത് ഡേറ്റിങ് ആപ്പിലൂടെ ഇടപാടുകാരെ വശീകരിച്ച് പണം തട്ടിയെടുക്കുന്ന സൈബർ അതിക്രമങ്ങൾ (dating app scam) വർധിക്കുന്നതായി റിപ്പോർട്ട്. ഇത്തരം സൈബർ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. ഡേറ്റിങ് ആപ്പുകൾ സാമൂഹികമാധ്യമങ്ങളിലും അല്ലാതെയും ധാരാളം പരസ്യങ്ങൾ ചെയ്തു വരുന്നുണ്ടെന്നും ഇതിലൂടെയാണ് തട്ടിപ്പുകൾ നടക്കുന്നതെന്നും അധികൃതർ മുന്നറിയിപ്പിൽ പറയുന്നു.
വിവാഹമോ സൗഹൃദമോ വാഗ്ദാനം ചെയ്ത് ആപ്പുകളിൽ നിന്നു പരിചയപ്പെടുന്നവരെയാണ് ഈ തട്ടിപ്പു സംഘം ഇരയാക്കുന്നത്. സൗഹൃദം ആഴത്തിലാകുമ്പോൾ വിവിധ ട്രേഡിങ് പ്ലാറ്റ്ഫോമുകളിൽ പണം നിക്ഷേപിക്കാൻ ഇരകളോട് തട്ടിപ്പുകാർ ആവശ്യപ്പെടും. എന്നാൽ ഇവ വ്യാജ പ്ലാറ്റ്ഫോമുകളായിരിക്കും. ആദ്യഘട്ടത്തിൽ ചെറിയ ലാഭംനൽകി വിശ്വാസം പിടിച്ചെടുക്കുന്നു. പിന്നീട്, കൂടുതൽ നിക്ഷേപത്തിനായി സമ്മർദം ചെലുത്തുകയും ചിലർ വൻതുക നിക്ഷേപിക്കുകയും ചെയ്യുന്നു.
പിന്നീട് നിക്ഷേപിച്ച തുക പിൻവലിക്കാൻ ശ്രമിക്കുമ്പോൾ ഇവർ മറ്റൊരു സംഖ്യ ഫീസായി ആവശ്യപ്പെടും. പിന്നീട്, പണം തിരികെ ലഭിക്കാതെ വരുമ്പോഴാണ് തട്ടിപ്പിനിരയായതായി മനസ്സിലാകുന്നത്. എന്നാൽ ഇതിനോടകം സൈബർ തട്ടിപ്പുകാർ കടന്നുകളയുന്നു. ഇത്തരം തട്ടിപ്പുകാർക്കെതിരേ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. കൂടാതെ തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനുള്ളിൽ 1930 എന്ന നമ്പരിൽ വിവരമറിയിക്കണമെന്നും നിർദേശമുണ്ട്.
മുൻകരുതൽ ഇങ്ങനെ
- ഡേറ്റിംഗ് ആപ്പുകളിൽ ഇടപഴകുമ്പോൾ വ്യക്തികളെ പൂർണമായും മനസ്സിലാക്കാൻ ശ്രിമിക്കുക.
- തീവ്രമായ വികാരങ്ങൾ പ്രകടിപ്പിക്കുന്ന വ്യക്തികളിൽ ജാഗ്രത പാലിക്കുക.
- ഓൺലൈനിൽ കണ്ടുമുട്ടുന്നവരിലേക്ക് സാമ്പത്തിക വിവരങ്ങൾ പങ്കിടാനോ പണം അയയ്ക്കാനോ പാടില്ല.
- നിങ്ങളുടെ വിശ്വാസം പിടിച്ചുപറ്റാനുള്ള അവരുടെ തന്ത്രങ്ങൾ മനസ്സിലാക്കി മുന്നോട്ട് പോവുക.