One Nation One Election: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; പാർലമെന്റിൽ ബിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം
One Nation One Election Bill: എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളുമായി ജെപിസി ചർച്ച നടത്തിയ ശേഷമാകും അന്തിമ തീരുമാനമെടുക്കുക. എല്ലാ സംസ്ഥാനങ്ങളിലേയും നിയമസഭാ സ്പീക്കറുമാരേയും സൈദ്ധാന്തികരേയും ഈ ചർച്ചയുടെ ഭാഗമാക്കുമെന്നും അധികൃതർ അറിയിച്ചു. കൂടാതെ സാധാരണക്കാരായ ജനങ്ങളുടെയും അഭിപ്രായം ഇക്കാര്യത്തിൽ തേടുമെന്ന് അധികൃതർ പറഞ്ഞു.
ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് (One Nation One Election) ബില്ല് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോർട്ടാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്. ഈ പദ്ധതി മന്ത്രിസഭ നേരത്തെ അംഗീകരിച്ചിരിന്നു. ബില്ലിൽ സമവായമുണ്ടാക്കാൻ സർക്കാർ നിലവിൽ ആഗ്രഹിക്കുന്നതായും വിശദമായ ചർച്ചകൾക്കായി ജോയിന്റ് പാർലിമെന്ററി കമ്മിറ്റിക്ക് (ജെപിസി) കൈമാറിയേക്കാമെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളുമായി ജെപിസി ചർച്ച നടത്തിയ ശേഷമാകും അന്തിമ തീരുമാനമെടുക്കുക. എല്ലാ സംസ്ഥാനങ്ങളിലേയും നിയമസഭാ സ്പീക്കറുമാരേയും സൈദ്ധാന്തികരേയും ഈ ചർച്ചയുടെ ഭാഗമാക്കുമെന്നും അധികൃതർ അറിയിച്ചു. കൂടാതെ സാധാരണക്കാരായ ജനങ്ങളുടെയും അഭിപ്രായം ഇക്കാര്യത്തിൽ തേടുമെന്ന് അധികൃതർ പറഞ്ഞു. ജനങ്ങളുടെ അഭിപ്രായത്തിന് തന്നെയാണ് മുൻഗണനയെന്നും മറ്റ് കാര്യങ്ങൾ പിന്നീട് ചർച്ചചെയ്യാനുമാണ് ആലോചനയെന്നും വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ, കുറഞ്ഞത് ആറ് ഭരണഘടനാ ഭേദഗതികളിലൂടെയെങ്കിലും മാത്രമെ ഈ ബിൽ നടപ്പാക്കാൻ സാധിക്കുകയുള്ളൂ. പാർലമെൻ്റിൽ ബിൽ പാസാകണമെങ്കിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം എന്ന കടമ്പ കടന്നുകിട്ടുകയും വേണം. നവംബർ 25-ന് ആരംഭിച്ച പാർലമെന്റ് ശൈത്യകാല സമ്മേളനം ഡിസംബർ 20-ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്രത്തിൻ്റെ പുതിയ നീക്കം.
62 പാർട്ടികളോട് അഭിപ്രായം തേടിയാണ് രാജ്നാഥ് സിങ്ങ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്. അതിൽ ബിജെപി ഉൾപ്പെടെ 32 പാർട്ടികൾ അനുകൂലിക്കുകയും കോൺഗ്രസ് ഉൾപ്പെടെ 15 പാർട്ടികൾ ഈ പദ്ധതിയോട് വിയോജിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. 2015 ൽ ഐഡിഎഫ്സി ഇൻസ്റ്റിറ്റ്യൂട്ട് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിൽ പഠനം നടത്തുകയും ചെയ്തിരുന്നു.
2029 ൽ തിരഞ്ഞെടുപ്പ് നടക്കണമെങ്കിൽ അതിന് ഇടയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സർക്കാരുകളുടെ നിയമസഭാ കാലാവധികൾ വെട്ടിക്കുറച്ചാൽ മാത്രമേ ഈ പദ്ധതി രാജ്യത്ത് നടപ്പാക്കാൻ സാധിക്കുകയുള്ളൂ. കേരളം ഉൾപ്പെടെ ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുടെ നിയമസഭാ കാലാവധി മൂന്ന് വർഷമാക്കി ചുരുക്കേണ്ടി വരും.