Lok Sabha Election Results 2024: ഹാസനിൽ 20 വർഷങ്ങൾക്ക് ശേഷം ജെ.ഡി.എസിന്റെ കുടുംബാധിപത്യം അവസാനിക്കുന്നു…
Lok Sabha Election Results 2024: ൻഡിഎ സ്ഥാനാർത്ഥിയായ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയെ തോല്പിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി ശ്രേയാസ് പട്ടേൽ എത്തിയതോടെയാണ് ചരിത്രം തിരുത്തപ്പെട്ടത്.
ബെംഗളൂരു: രാജ്യം ഉറ്റുനോക്കിയ ഹാസൻ മണ്ഡലത്തിൽ 20 വർഷം നീണ്ട കുടുംബവാഴ്ചയ്ക്ക് അന്ത്യം. എൻഡിഎ സ്ഥാനാർത്ഥിയായ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയെ തോല്പിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി ശ്രേയാസ് പട്ടേൽ എത്തിയതോടെയാണ് ചരിത്രം തിരുത്തപ്പെട്ടത്. 45,000ലധികം വോട്ടുകൾക്കാണ് ശ്രേയാംസ് വിജയിച്ചിരിക്കുന്നത്. ആദ്യ റൗണ്ടുകളിൽ മുന്നിട്ടുനിന്നെങ്കിലും പിന്നീട് പ്രജ്വൽ രേവണ്ണ മുന്നിലെത്തുകയും അവസാനം ലീഡ് തിരിച്ചുപിടിച്ച് ശ്രേയാംസ് വിജയിക്കുകയുമായിരുന്നു.
പ്രജ്ജ്വലിൻ്റെ പിന്നാമ്പുറം
ലൈംഗികാതിക്രമക്കേസിൽ പ്രതി ചേർക്കപ്പെട്ടതോടെയാണ് പ്രജ്വൽ ദേശീയ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ലൈംഗികാതിക്രമത്തിനു വിധേയരാക്കിയ സ്ത്രീകളുടെ വിഡിയോകൾ പുറത്തുവന്നതിനു പിന്നാലെ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. പിന്നാലെ നിരവധി സ്ത്രീകളിൽ പ്രജ്വലിനെതിരെ രംഗത്തുവന്നു.
കർണ്ണാടക മുൻ പൊതുമരാമത്ത് മന്ത്രി എച്ച്ഡി രേവണ്ണയുടെ മകനും മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവ ഗൗഡയുടെ കൊച്ചുമകനുമാണ് പ്രജ്വൽ രേവണ്ണ. കർണ്ണാടക മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയാണ് അമ്മാവൻ. പാർലമെൻറിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ അംഗം കൂടിയാണ് പ്രജ്വൽ.
2019- ൽ ദേവഗൗഡയുടെ സ്വാധീനത്താൽ പ്രജ്വലിനെ ഹാസനിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു. കൊച്ചു മകന് പകരം ദേവഗൗഡ തുംകൂരിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഏന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച തൻ്റെ പാർട്ടിയുടെ ആറ് സ്ഥാനാർത്ഥികളിൽ നിന്ന് ഏക വിജയിയായി മാറിയ പ്രജ്വൽ ചരിത്രം സൃഷ്ടിച്ചു.
തൻ്റെ മുത്തച്ഛൻ തുംകൂരിൽ നിന്ന് പരാജയപ്പെട്ടതിൽ ദുഃഖിതനായ പ്രജ്വൽ വിജയിച്ച് 12 മണിക്കൂറിനുള്ളിൽ, തൻ്റെ രാജി പ്രഖ്യാപിച്ചു വീണ്ടും ഞെട്ടിച്ചു. സീറ്റ് ഗൗഡയ്ക്ക് വാഗ്ദാനം ചെയ്യുകയും കൂടി ചെയ്തതോടെ വാർത്തയിൽ ഇടം നേടി.