Odisha Assembly Election Result 2024: ഒഡീഷയിൽ നവീൻ പട്നായിക്കിൻ്റെ കോട്ട തകർത്ത് ബിജെപി; ഇത് ചരിത്ര വിജയം
Odisha Assembly Election Result 2024 Malayalam: ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഒഡീഷയിൽ ബിജെപി തന്നെയാണ് മുന്നിൽ.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരമ്പോൽ നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലാണ് ഒഡിഷ. മുഖ്യമന്ത്രി നവീൻ പട്നായിക് നയിച്ച ബിജെഡിയുടെ ഉറച്ചകോട്ട തകർത്തുകൊണ്ട് ബിജെപി മുന്നേറുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ബിജെപി തന്നെയാണ് മുന്നിൽ. നിലവിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ 73 സീറ്റുകളാണ് ബിജെപി നേടിയിരിക്കുന്നത്. 57 സീറ്റുകൾ നേടി ബിജെഡി രണ്ടാം സ്ഥാനത്താണ്.
എക്‌സിറ്റ് പോളുകൾ ശരിയാണെന്ന് തെളിയിക്കുന്നതാണ് ഒഡീഷയിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം. ന്യൂസ് 18 മെഗാ എക്‌സിറ്റ് പോൾ ഫലം അനുസരിച്ച്, ഒഡീഷയിലെ ഭൂരിഭാഗം ലോക്‌സഭാ മണ്ഡലങ്ങളും ഭാരതീയ ജനതാ പാർട്ടി (ബിജെപി) കീഴടക്കുമെന്നായിരുന്നു പ്രവചനം. നിലവിൽ ആകെയുള്ള 21 സീറ്റിൽ 19 സീറ്റിലും ബിജെപിയാണ് മുന്നിൽ നിൽക്കുന്നത്.
ALSO READ: തെലുങ്ക് ദേശം പാർട്ടി ആന്ധ്രാപ്രദേശിൽ തിരിച്ചുവരവിന് ഒരുങ്ങുന്നു
അതേസമയം, 2024ലെ ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെഡിയും ബിജെപിയും തുല്യ സീറ്റുകൾ നേടുമെന്നാണ് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രവചിച്ചിരുന്നത്. എന്നാൽ, ജാൻ കി ബാത്ത് എക്സിറ്റ് പോൾ സംസ്ഥാനത്ത് ബിജെഡിക്ക് 68-93 സീറ്റുകളും ബിജെപിക്ക് 44-72 സീറ്റുകളും പ്രവചിച്ചിരുന്നു.
സംസ്ഥാനത്ത് തുടർച്ചയായി അഞ്ച് തവണ അധികാരം നേടിയ ബിജെഡി നേതാവ് നവീൻ പട്‌നായിക്ക് ഇപ്പോൾ ഇരട്ട ഹാട്രിക്ക് ലക്ഷ്യവച്ചാണ് കളത്തിലിറങ്ങിയത്. സംസ്ഥാനത്ത് ബിജെഡിയും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. ചരിത്ര വിജയം കുറിച്ചുകൊണ്ടാണ് ബിജെപി മുന്നിലെത്തിയിരിക്കുന്നത്.
2019 ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെഡി 112 സീറ്റുകൾ നേടിയപ്പോൾ ബിജെപി 23 സീറ്റുകൾ മാത്രമാണ് നേടിയത്. 2019 നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒമ്പത് സീറ്റുകൾ നേടിയിരുന്നു.
ഒഡീഷയിലെ 147 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് മെയ് 13 മുതൽ ജൂൺ ഒന്ന് വരെ നാല് ഘട്ടങ്ങളിലായാണ് നടന്നത്. സംസ്ഥാനത്ത് നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ഒരേ സമയത്താണ് വോട്ടെടുപ്പ് നടന്നത്. ഒഡീഷയിൽ 63.46 ശതമാനം പോളിങ് രേഖപ്പെടുത്തിയ അവസാനഘട്ട വോട്ടെടുപ്പ് രാത്രി എട്ടുമണിക്കാണ് പൂർത്തിയായത്.