Sunita Kejriwal: ദില്ലി മുഖ്യമന്ത്രിയുടെ വസതിയിൽ ദേശീയ പതാക ഉയര്‍ന്നില്ല; ‘വേദനാജനകം’ എന്ന് സുനിത കെജ്‍രിവാൾ
ദില്ലി മുഖ്യമന്ത്രിയുടെ വസതിയിൽ ദേശീയ പതാക ഉയർത്താതിരുന്നതിനെ തുടർന്ന് സുനിത കെജരിവാൾ രൂക്ഷ വിമർശനങ്ങളുമായി രംഗത്ത് എത്തി.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് ദില്ലി മുഖ്യമന്ത്രിയുടെ വസതിയിൽ ദേശീയ പതാക ഉയർത്താതിരുന്നത്. ഇത് വേദനാജനകമാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഭാര്യ സുനിത കെജരിവാൾ. കെജരിവാൾ ജയിലിൽ തുടരുന്ന വേളയിലാണ് സുനിത കെജരിവാളിന്റെ പ്രതികരണം.
സുനിത കെജരിവാൾ തന്റെ ഔദ്ധ്യോഗിക എക്സ് അക്കൗണ്ട് വഴിയാണ് പ്രതികരിച്ചത്. “ഇന്ന് സ്വാതന്ത്ര്യ ദിനമാണ്, 1947-ൽ ബ്രിട്ടീഷ് സ്വേച്ഛാധിപത്യത്തിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ദിവസം. നമുക്ക് ഈ സ്വാതന്ത്ര്യം ലഭിക്കാൻ, നൂറുകണക്കിന് സ്വാതന്ത്ര്യ സമര സേനാനികൾ ലാത്തിച്ചാർജ്ജ് നേരിടുകയും ജയിലിൽ പോകുകയും ജീവൻ ബലിയർപ്പിക്കുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രി കള്ളക്കേസിൽ കുടുങ്ങുകയും മാസങ്ങളോളം ജയിലിൽ കിടക്കുകയും ചെയ്യുമെന്ന് ആരും സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല. നമ്മുടെ അവസാന ശ്വാസം വരെ ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരുമെന്ന് ഈ സ്വാതന്ത്ര്യ ദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം” സുനിത കെജരിവാൾ എക്‌സിൽ കുറിച്ചു.
आज स्वतंत्रता दिवस है, जब 1947 में भारत को अंग्रेजों की तानाशाही से आज़ादी मिली। सैंकड़ों स्वतंत्रता सैनानियों ने लाठियाँ खायीं, जेल गये और अपनी जान की क़ुर्बानी दी – हमें यह आज़ादी दिलवाने के लिए। उनके सपनों में भी ऐसा विचार नहीं आया होगा कि एक दिन, आज़ाद भारत में, एक चुने हुए… pic.twitter.com/mXwV40eJvp
— Atishi (@AtishiAAP) August 15, 2024
ദില്ലി സർക്കാരിനെ പ്രതിനിതീകരിച്ച് മന്ത്രി അതിഷിയെ പതാക ഉയർത്താൻ അനുവദിക്കണമെന്ന കെജരിവാളിന്റെ ആവശ്യം ലെഫ്റ്റനെന്റ് ഗവർണർ തള്ളിയിരുന്നു. ലെഫ്റ്റനെന്റ് ഗവർണറുടെ നിർദ്ദേശ പ്രകാരം മന്ത്രി കൈലാഷ് ഗെലോട്ടാണ് ഔദ്യോഗിക പരിപാടിയിൽ പതാക ഉയർത്തിയത്. ഇന്ത്യൻ നിയമ വ്യവസ്ഥയിൽ വിശ്വാസം ഉണ്ടെന്നും കെജരിവാൾ ഉടൻ ജയിലിൽ നിന്ന് പുറത്തിറങ്ങി ദേശീയ പതാക ഉയർത്തുമെന്ന് ഉറപ്പുണ്ടെന്നും പ്രസംഗത്തിൽ കൈലാഷ് ഗെലോട്ട് പറഞ്ഞു.
ഇതിനു പിന്നാലേ, മന്ത്രി അതിഷിയും വിമർശനവുമായി രംഗത്തെത്തി. ഏകാധിപത്യത്തിനെതിരായ പോരാട്ടം നമ്മുടെ അവസാന ശ്വാസം വരെ തുടരുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം എന്ന് അതിഷി കുറിച്ചു.
മദ്യനയ കേസിൽ അറസ്റ്റിലായ കെജരിവാൾ ഇപ്പോഴും തീഹാർ ജയിലിൽ തുടരുകയാണ്. അടുത്ത ആഴ്ച അറസ്റ്റിനെതിരായ കെജരിവാളിന്റെ ഹർജി സുപ്രീം കോടതി പരിഗണിക്കും.