Nitish Kumar : എൻഡിഎയിൽ വിള്ളൽ? മണിപ്പൂരിൽ ബിജെപിക്കുള്ള പിന്തുണ പിൻവലിച്ച് നിതീഷ് കുമാറിൻ്റെ ജെഡിയു
നിലവിൽ 60 അംഗ മണിപ്പൂർ നിയമസഭയിൽ ബിജെപിക്ക് 37 സീറ്റുകളാണുള്ളത്.
ഇംഫാൽ : കേന്ദ്രം ഭരിക്കുന്ന എൻഡിഎ സർക്കാരിൽ വിള്ളൽ. എൻഡിഎയുടെ ഭാഗമായ നിതീഷ് കുമാറിൻ്റെ ജെഡിയു മണിപ്പൂരിൽ ബിജെപി സർക്കാരിന് നൽകിയിരുന്നു പിന്തുണ പിൻവലിച്ചു. ഒരു എംഎൽഎ മാത്രമാണ് നിലവിൽ ജെഡിയുവിന് മണിപ്പൂരിലുള്ളത്. എന്നാൽ 2022 തിരഞ്ഞെടുപ്പിൽ ജെഡിയു ടിക്കറ്റിൽ ആറ് പേരാണ് ജയിച്ച് മണിപ്പൂർ നിയമസഭയിലേക്കെത്തിയത്. പിന്നീട് മാസങ്ങൾക്കുള്ളിൽ ആറിൽ അഞ്ച് പേർ ബിജെപിക്കൊപ്പം ചേരുകയും ചെയ്തു. ബിജെപിക്കുള്ള പിന്തുണ പിൻവലിച്ചുയെന്ന് പാർട്ടി എംഎൽഎ ഗവർണർ അജയ് കുമാർ ഭല്ലായെ രേഖമൂലം അറിയിച്ചു. അതേസമയം ജെഡിയു പിന്തുണ പിൻവലിച്ചെങ്കിലും മണിപ്പൂരിലെ ബിജെപി ഭരണത്തെ ബാധിക്കില്ല. നേരത്തെ മാസങ്ങൾക്ക് മുമ്പ് മേഘാലയിലെ ഭരണകക്ഷിയായ നാഷ്ണൽ പീപ്പിൾസ് പാർട്ടിയും മണിപ്പൂരിലെ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു.
60 അംഗ മണിപ്പൂർ നിയമസഭയിൽ ബിജെപിക്ക് 37 എംഎൽഎമാരാണുള്ളത്. ഇതിന് പുറമെ അഞ്ച് നാഗാ എംഎൽഎമാരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണ ബിജെപിക്കുണ്ട്. ജെഡിയു പിന്തുണ പിൻവലിച്ചതിൽ മണിപ്പൂരിൽ ബി.ജെ.പിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നില്ലെങ്കിലും ദേശീയതലത്തിൽ കേന്ദ്ര സർക്കാരിനുള്ള ഒരു മുന്നറിയിപ്പായിട്ടാണ് ഈ മുന്നണി മാറ്റം സൂചന നൽകുന്നത്.
അതേസമയം ഈ മുന്നണി മാറ്റം ബിഹാറിലെ എൻഡിഎക്കുള്ളിൽ വിള്ളൽ സൃഷ്ടിക്കുമോ എന്നറിയാൻ കാത്തിരിക്കേണ്ടി വരും. നിലവിൽ ലോക്സഭയിൽ നിതീഷ് കുമാറിൻ്റെ പാർട്ടിക്ക് 12 എംപിമാരാണുള്ളത്. ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപി കഴിഞ്ഞാൽ എൻഡിഎ സഖ്യത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയാണ് ജെഡിയു