Nitin Gadkari: ‘ആളുകൾ ജാതിഭ്രാന്തുള്ളവരല്ല, പക്ഷേ രാഷ്ട്രീയക്കാർ അങ്ങനെയാണ്’; ആരോപണവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
Nitin Gadkari Says People Are Not Casteists: സാധാരണ ആളുകൾ മതഭ്രാന്തുള്ളവരല്ലെന്നും രാഷ്ട്രീയക്കാർക്കിടയിലാണ് അതുള്ളതെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഒരു പൊതുചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് മുതിർന്ന ബിജെപി നേതാവിൻ്റെ ആരോപണം.

രാഷ്ട്രീയക്കാർ ജാതിഭ്രാന്തുള്ളവരെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. സാധാരണ ആളുകൾക്കിടയിൽ ജാതിഭ്രാന്തില്ല. പക്ഷേ, രാഷ്ട്രീയക്കാർക്കിടയിൽ അതുണ്ട്. തങ്ങളുടെ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി രാഷ്ട്രീയക്കാർ ജാതിഭ്രാന്തരാണ് എന്നും മുതിർന്ന ബിജെപി നേതാവ് കൂടിയായ നിതിൻ ഗഡ്കരി പറഞ്ഞു. ഈ മാസം 22ന് ഒരു പൊതുചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ആരാണ് കൂടുതൽ പിന്നാക്കം നിൽക്കുന്നതെന്നുള്ള മത്സരമാണ്. ആളുകൾക്ക് ജാതിഭ്രാന്തില്ല. എന്നാൽ, തങ്ങളുടെ സ്വാർത്ഥ താത്പര്യങ്ങൾക്കായി രാഷ്ട്രീയക്കാർക്ക് ജാതിഭ്രാന്തുണ്ട്. സാമൂഹ്യ അസമത്വം തുടച്ചുനീക്കേണ്ടതുണ്ട്. ജാതി വേർതിരിവ് അവസാനിക്കണം. അതിനായി സ്വയം ആരംഭിക്കണം.”- നിതിൻ ഗഡ്കരി പറഞ്ഞു.
ഗതാഗത വകുപ്പിൻ്റെ ചുമതലയുള്ള കേന്ദ്രമന്ത്രിയാണ് നിതിൻ ഗഡ്കരി. 2014 മുതൽ അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടരുന്നു. അദ്ദേഹമാണ് നിലവിൽ ഏറ്റവും ദീർഘമായ സമയം ഈ സ്ഥാനത്ത് തുടർന്ന മന്ത്രി. നാഗ്പൂർ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2009 മുതൽ 2013 വരെ ബിജെപി പ്രസിഡൻ്റായിരുന്നു.
സ്റ്റാലിനെതിരെ അമിത് ഷാ
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തുവന്നിരുന്നു. ഹിന്ദി ഭാഷ അടിച്ചേല്പിക്കുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് പിന്നാലെയാണ് സ്റ്റാലിനെ അമിത് ഷാ രൂക്ഷമായി വിമർശിച്ചത്. സ്റ്റാലിൻ നയിക്കുന്ന ഡിഎംകെ ഭാഷയുടെ പേരിൽ വിഷം പടർത്തുകയാണെന്ന് പാർലമെൻ്റിൽ അമിത് ഷാ വിമർശിച്ചു. അഴിമതി മറച്ചുപിടിക്കാനുള്ള ഡിഎംകെയുടെ ആയുധമാണ് ഭാഷാവിവാദമെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തിന്റെ ആഭരണമായാണ് ഓരോ ഭാഷയെയും കണക്കാക്കുന്നത് എന്ന് അമിത് ഷാ പറഞ്ഞു. കേന്ദ്രത്തിന് കിഴക്കൻ ഭാഷകളോട് എതിർപ്പാണെന്നാണ് അവർ വിചാരിക്കുന്നത്. ഭാഷയുടെ പേരിൽ രാഷ്ട്രീയം നടത്തുന്നവർക്ക് അവരുടേതായ ഉദ്ദേശ്യങ്ങളുണ്ട്. അഴിമതി മറച്ചുവെക്കാനായി ഭാഷാവിവാദമുണ്ടാക്കുകയാണ് അവർ എന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു.
ഇതിനിടെ മണ്ഡലപുനർനിർണയത്തിനെതിരെ സ്റ്റാലിൻ്റെ നേതൃത്വത്തിൽ നടന്ന ആദ്യ സംയുക്ത ആക്ഷൻ കമ്മിറ്റി യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. കേരളം, പഞ്ചാബ്, തെലങ്കാന മുഖ്യമന്ത്രിമാർ, കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എന്നിവരാണ് സ്റ്റാലിനൊപ്പം ചെന്നൈയിൽ ഒത്തുചേർന്നത്. ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തുന്നതിനെ എതിർക്കണമെന്ന് നേരത്തെ സ്റ്റാലിൻ അഭ്യർത്ഥിച്ചിരുന്നു.