Nithyananda’s Death: നിത്യാനന്ദ മരിച്ചിട്ടില്ല! അഭ്യൂഹങ്ങൾ നിഷേധിച്ച് ‘കൈലാസ’
Nithyananda's Death: നിത്യാനന്ദ മരിച്ചുവെന്ന് അദ്ദേഹത്തിന്റെ അനന്തരവൻ സുന്ദരേശ്വർ അവകാശപ്പെട്ടതിനെ തുടർന്നാണ് മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പരന്നത്. നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വിഡിയോ കോളിലൂടെയായിരുന്നു വെളിപ്പെടുത്തൽ.

ലൈംഗിക പീഡനക്കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്ന സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദയുടെ മരണവാർത്ത തള്ളി അനുയായികൾ. നിത്യാനന്ദ ‘ജീവനോടെയും സുരക്ഷിതമായും സജീവമായും’ ഉണ്ടെന്ന് അനുയായികൾ പ്രസ്താവന ഇറക്കി. നിത്യാനന്ദ സ്ഥാപിച്ച ഒരു സാങ്കൽപ്പിക രാജ്യമായ കൈലാസമാണ് പ്രസ്താവന പുറത്തിറക്കിയത്.
‘എസ്‌പിഎച്ചിനെ അപകീർത്തിപ്പെടുത്താനുള്ള ഈ അപവാദ പ്രചാരണത്തെ കൈലാസ അസന്ദിഗ്ധമായി അപലപിക്കുന്നു’ എന്ന് പ്രസ്താവനയിൽ പറയുന്നു. നിത്യാനന്ദ ജീവിച്ചിരിപ്പുണ്ടെന്ന തെളിയിക്കാൻ, മാർച്ച് 30 ന് നടന്ന ഉഗാദി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന്റെ ലൈവ് സ്ട്രീം ലിങ്ക് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിത്യാനന്ദ മരിച്ചുവെന്ന് അദ്ദേഹത്തിന്റെ അനന്തരവൻ സുന്ദരേശ്വർ അവകാശപ്പെട്ടതിനെ തുടർന്നാണ് മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പരന്നത്. നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വിഡിയോ കോളിലൂടെയായിരുന്നു വെളിപ്പെടുത്തൽ.
ഇന്ത്യയിലുടനീളം നിരവധി ആശ്രമങ്ങൾ നടത്തിയിരുന്ന സ്വയ പ്രഖ്യാപിത ആൾ ദൈവമാണ് നിത്യാനന്ദ. തമിഴ്നാട്ടിലെ തിരുവണ്ണാമലയിലാണ് ജനനം. 2010ൽ സിനിമ നടിക്കൊപ്പമുള്ള അദ്ദേഹത്തിന്റെ അശ്ലീല വിഡിയോ പുറത്തുവന്നതോടെയാണ് നിത്യാനന്ദയുടെ വിവാദ യാത്ര തുടങ്ങുന്നത്. ഇതിനിടെ ലൈംഗികാതിക്രമം, ദുരുപയോഗം, കുട്ടികളെ തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾകൃത്യങ്ങളിൽ നിത്യാനന്ദ പ്രതിയായി. 2019 ൽ തങ്ങളുടെ മൂന്ന് കുട്ടികളെ തട്ടികൊണ്ട് പോയെന്ന ദമ്പതികളുടെ പരാതിക്ക് പിന്നാലെ ഇയാൾ രാജ്യം വിടുകയായിരുന്നു.
ALSO READ: വിവാദങ്ങൾക്കിടെ വഖഫ് ബിൽ ഇന്ന് പാർലമെന്റിൽ; പ്രതിരോധിക്കാൻ ഇന്ത്യ സഖ്യം
പിന്നീട് ഒരു അജ്ഞാത സ്ഥലത്ത് ‘കൈലാസ’ എന്ന പേരിൽ ഒരു സാങ്കൽപിക രാജ്യം സ്ഥാപിച്ചു. ഇക്വഡോർ തീരത്തുള്ള ഒരു ദ്വീപാണ് ഇതെന്നാണ് റിപ്പോർട്ട്. ഒളിവിൽ പോയ നിത്യാനന്ദയെ ഇതുവരെ പൊലീസ് കണ്ടെത്തിയിട്ടില്ല. ലോകത്തിലെ തന്നെ ഏക പരമാധികാര ഹിന്ദു രാഷ്ട്രമാണിതെന്ന് പറഞ്ഞുകൊണ്ടാണ് കൈലാസ സ്ഥാപിക്കുന്നത്. തുടർന്ന് കൈലാസ രാജ്യത്തിന് പാസ്‌പോർട്ട്, പൗരത്വം, കറൻസി തുടങ്ങിയവയും പ്രഖ്യാപിച്ചിരുന്നു.
അതേസമയം കഴിഞ്ഞ മാർച്ച് 25 ചൊവ്വാഴ്ച, ബൊളീവിയയിലെ ഇമിഗ്രേഷൻ മന്ത്രാലയം കൈലാസയിൽ നിന്നുള്ള 20 അംഗങ്ങളെ നാടുകടത്തിയതായി അറിയിച്ചു. ബൊളീവിയയിലെ തദ്ദേശീയ സമൂഹത്തിന്റെ ഭൂമി പിടിച്ചെടുക്കാൻ അംഗങ്ങൾ ശ്രമിച്ചുവെന്നാണ് ആരോപണം. ‘ഇവർ വിനോദസഞ്ചാരികളായി ബൊളീവിയയിലേക്ക് പ്രവേശിക്കുകയായിരുന്നു. ചില വ്യക്തികൾ 2024 നവംബർ മുതൽ ബൊളീവിയയിൽ ഉണ്ടായിരുന്നു, എന്നാൽ ഭൂരിഭാഗവും 2025 ജനുവരിയിലാണ് പ്രവേശിച്ചവരാണ്’ എന്ന് ബൊളീവിയയുടെ ഇമിഗ്രേഷൻ ഡയറക്ടർ കാതറിൻ കാൽഡെറോൺ പറഞ്ഞു. ഇതിനിടെയാണ് നിത്യാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രചരിച്ചത്.