Reasi Bus Attack: റിയാസി ഭീകരാക്രമണം; ജമ്മുവിൽ അഞ്ചിടത്ത് എൻഐഎ പരിശോധന
Reasi Bus Attack NIA Inspection: ഭീകരർക്ക് സഹായമെത്തിച്ചവരെയടക്കം കണ്ടെത്താനാണ് ലക്ഷ്യം. ഭീകരരുമായി ബന്ധമുള്ളവരിൽ നിന്നും കണ്ടെത്തിയ വസ്തുവകകൾ എൻഐഎ പിടിച്ചെടുത്തിട്ടുണ്ട്. ഈ മാസം ഒൻപതിനാണ് തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരാക്രമണം നടന്നത്.
ശ്രീനഗർ: റിയാസി ഭീകരാക്രമണവുമായി (Reasi Bus Attack) ബന്ധപ്പെട്ട് ജമ്മു കാശ്മീരിൽ അഞ്ചിടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പരിശോധന (NIA Inspection). രജൗരി ജില്ലയിലെ അഞ്ചിടങ്ങളിലായാണ് പരിശോധന നടക്കുന്നത്. ഭീകരർക്ക് സഹായമെത്തിച്ചവരെയടക്കം കണ്ടെത്താനാണ് ലക്ഷ്യം. ഭീകരരുമായി ബന്ധമുള്ളവരിൽ നിന്നും കണ്ടെത്തിയ വസ്തുവകകൾ എൻഐഎ പിടിച്ചെടുത്തിട്ടുണ്ട്. ഈ മാസം ഒൻപതിനാണ് തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരാക്രമണം നടന്നത്. സംഭവത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു.
മേഖലയിൽ ഭീകരവാദികൾക്ക് സഹായം നൽകിയിരുന്ന ഹകാം ഖാൻ എന്നയാളെ ജൂൺ 19ന് ജമ്മു കശ്മിർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭീകരവാദികൾക്ക് സുരക്ഷിതയിടവും ഭക്ഷണം ഉൾപ്പെടെയുള്ളവയും ഹകാം ലഭ്യമാക്കിയിരുന്നെന്ന് എൻഐഎ പറഞ്ഞു. ഭീകരവാദികളുമായി ബന്ധപ്പെട്ട പലവസ്തുക്കളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ജൂൺ ഒൻപതിന് കത്രയിലേക്ക് പുറപ്പെട്ട തീർഥാടകരുടെ ബസിന് നേർക്ക് ഭീകരവാദികൾ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒൻപതുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഉത്തർ പ്രദേശ്, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ളവരായിരുന്നു ഭൂരിഭാഗം തീർഥാടകരും. ഇവർ ശിവ് ഖോരി ക്ഷേത്ര സന്ദർശനത്തിനു ശേഷമുള്ള മടക്കയാത്രയിലായിരുന്നു.
ALSO READ: റിയാസി ഭീകരാക്രമണം: തീർത്ഥാടകരുടെ ബസിന് നേരെ വെടിയുതിർത്ത ഭീകരൻ്റെ രേഖാചിത്രം പുറത്തുവിട്ടു
ഭീകരർ വെടിയുതിർത്തതോടെ നിയന്ത്രണം വിട്ട ബസ് പാറയിടുക്കിലേക്ക് മറിയുകയായിരുന്നു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി തുടങ്ങിയ ഇടങ്ങളിലെ തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. റിയാസി ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ അമർനാഥ് തീർത്ഥാടനത്തിൻറെ സുരക്ഷ കേന്ദ്രം ശക്തമാക്കുകയും ചെയ്തു. യുഎപിഎ നിയമപ്രകാരമാണ് അന്വേഷണ ഏജൻസി കേസെടുത്തിരിക്കുന്നത്.
ബസിന് നേരെ വെടിയുതിർത്ത ഭീകരനെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം അന്വേഷണ ഏജൻസി നേരത്തെ പുറത്തുവിട്ടിരുന്നു. കൂടാതെ ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
ദൃക്‌സാക്ഷികൾ നൽകിയ വിവരണത്തിൻ്റെ അടിസ്ഥാനത്തിലാണ് ഭീകരൻ്റെ രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. നിരോധിത ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ജമ്മു കശ്മീർ പോലീസ് നേരത്തെ പറഞ്ഞിരുന്നു.
പോണി മേഖലയിലെ തെര്യത്ത് ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട ഡ്രൈവറടക്കം നാല് പേർ മരിച്ചത് വെടിയേറ്റാണെന്ന് കണ്ടെത്തിയിരുന്നു. യുപിയിൽ നിന്ന് ശിവ്‌ഖോഡിയിലേക്ക് തീർത്ഥാടനത്തിന് പോയവരുടെ ബസിന് നേരയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50000 രൂപ വീതവും സഹായധനം പ്രഖ്യാപിച്ചിരുന്നു.