5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

NEET Exam 2024 Result: നീറ്റ് അത്ര നീറ്റായില്ല; വോട്ടെണ്ണലില്‍ ഒളിച്ച് കടത്തിയത് എന്തിന്?

NEET Exam 2024 Result issues and why: ഫലം പ്രഖ്യാപിച്ചതിന് ശേഷം വിഷയത്തില്‍ വിശദീകരണം നല്‍കികൊണ്ട് എന്‍ടിഎ രംഗത്തെത്തിയിരുന്നു. ഒന്നാം റാങ്ക് നേടിയ 47 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയെന്നാണ് എന്‍ടിഎ പറഞ്ഞത്.

NEET Exam 2024 Result: നീറ്റ് അത്ര നീറ്റായില്ല; വോട്ടെണ്ണലില്‍ ഒളിച്ച് കടത്തിയത് എന്തിന്?
NEET EXAM
shiji-mk
Shiji M K | Updated On: 08 Jun 2024 12:13 PM

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനത്തിലാണ് നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. വളരെ തിടുക്കപ്പെട്ടാണ് ഫലപ്രഖാപനം നടത്തിയതെന്ന വിമര്‍ശനം തുടക്കം മുതല്‍ ഉണ്ടായിരുന്നു. ഫലം പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ച 10 ദിവസം മുമ്പാണ് ഫലം പ്രഖ്യാപിച്ചത്. ഒന്നോ രണ്ടോ പേര്‍ മാത്രം നേടുന്ന മുഴുവന്‍ മാര്‍ക്ക് ഇത്തവണ നേടിയത് 67 പേരാണ്.

ഇതോടെ വിദ്യാര്‍ഥികളിലും രക്ഷിതാക്കളില്‍ ആശങ്കയുണര്‍ന്നു. ഫലം പ്രഖ്യാപിച്ചതിന് ശേഷം വിഷയത്തില്‍ വിശദീകരണം നല്‍കികൊണ്ട് എന്‍ടിഎ രംഗത്തെത്തിയിരുന്നു. ഒന്നാം റാങ്ക് നേടിയ 47 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയെന്നാണ് എന്‍ടിഎ പറഞ്ഞത്. കേരളത്തില്‍ നിന്നും ഉത്തരേന്ത്യയില്‍ നിന്നും ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ അട്ടിമറി ആരോപിക്കുന്നുണ്ട്. ഈ ആക്ഷേപം വിദ്യാഭ്യാസ മന്ത്രാലയവും അന്വേഷിക്കുന്നുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളില്‍ ഒന്നും സത്യമില്ലെന്നും ഒരു അട്ടമറി നടന്നിട്ടില്ലെന്നും എന്‍ടിഎ പറയുന്നുണ്ട്.

എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ ഉത്തരവിന്റെ പിഴവിന് ഗ്രേസ് മാര്‍ക്ക് എന്നാണ് എന്‍ടിഎ വിശദീകരിക്കുന്നത്. മാത്രമല്ല രണ്ടാം റാങ്ക് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് സമയം കിട്ടിയില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയത്. മുന്‍കോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്നും എന്‍ടിഎ പറയുന്നുണ്ട്.

എന്‍ടിഎ നല്‍കിയ വിശദീകരണത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും സംതൃപ്തരായില്ല. ഒന്നാം റാങ്ക് നേടിയ 67 പേരില്‍ ആറ് പേര്‍ ഒരേ സെന്ററില്‍ നിന്ന് തന്നെ പരീക്ഷ എഴുതിയവരാണെന്നാണ് പരാതിക്കാര്‍ ഉന്നയിക്കുന്നത്. ഫലത്തിനെതിരെ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. പുനര്‍മൂല്യനിര്‍ണയം ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കാളും വിദ്യാഭ്യാസ മന്ത്രാലയത്തിനും ദേശീയ പരീക്ഷ ഏജന്‍സികള്‍ക്കും പരാതി നല്‍കി. ഇപ്പോഴിതാ ഫലപ്രഖ്യാപനത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഐഎംഎ ജൂനിയര്‍ ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരിക്കുകയാണ്. റാങ്ക് നിര്‍ണയത്തിലും മാര്‍ക്ക് നല്‍കിയതിലും കാണപ്പെടുന്ന പൊരുത്തക്കേടുകള്‍ ആശങ്കയുണര്‍ത്തുന്നതാണെന്നാണ് പൊതുവേ ഉയരുന്ന ആക്ഷേപം.

എന്താണ് നീറ്റ് പരീക്ഷാഫലത്തിനെതിരെ ഉയരുന്ന ആരോപണം

കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഒന്നും രണ്ടും പേര്‍ക്ക് മാത്രമാണ് നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും റാങ്കുകള്‍ ലഭിച്ചിരുന്നത്. അതും മുഴുവന്‍ മാര്‍ക്ക് നേടി റാങ്ക് ലഭിക്കുന്നവരും ചുരുക്കമായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ ഫലം വന്നപ്പോള്‍ എല്ലാവരും ശരിക്ക് ഞെട്ടി ഒന്നും രണ്ടും പേര്‍ക്കല്ല ഒന്നാം റാങ്ക് ലഭിച്ചത്. 67 പേരാണ് ഒന്നാം റാങ്കിലേക്ക് ഉയര്‍ന്നത്.

ചരിത്രത്തിലാദ്യമായിട്ടാണ് ഇത്രയും ഒന്നാം റാങ്കുകാര്‍ ഉണ്ടാകുന്നത്. ഒന്നാം റാങ്ക് മാത്രമല്ല, അതിന് താഴെ റാങ്ക് നേടിയവര്‍ക്കും ഉയര്‍ന്ന സ്‌കോറാണ് ലഭിച്ചിരിക്കുന്നത്. 180 ചോദ്യങ്ങളാണ് ആകെ നീറ്റ് പരീക്ഷയിലുള്ളത്. അതില്‍ ഒരു ശരി ഉത്തരത്തിന് നാല് മാര്‍ക്ക് ലഭിക്കും. ഓരോ തെറ്റിനും ഒരു മാര്‍ക്ക് വീതം കുറയുകയും ചെയ്യും.

എല്ലാ ചോദ്യത്തിനും ഉത്തരം ശരിയാകുന്നവര്‍ക്ക് 720 മാര്‍ക്കാണ് ലഭിക്കുക. ഇനി ഒരുത്തരം മാത്രം നല്‍കിയില്ല എങ്കിലും ആ വിദ്യാര്‍ഥിക്ക് 716 മാര്‍ക്ക് ലഭിക്കും. എങ്ങനെ പോയാലും 720 ന് താഴെ ലഭിക്കാവുന്ന മാര്‍ക്ക് 716 ആണ്. ഒരിക്കലും 719, 718 എന്നീ മാര്‍ക്കുകള്‍ ലഭിക്കില്ല. എന്നാല്‍ ഇത്തവണ ഫലം വന്നപ്പോള്‍ പല വിദ്യാര്‍ഥികള്‍ക്കും ഈ മാര്‍ക്കുകള്‍ ലഭിച്ചിട്ടുണ്ട്.

ഇതിന് കാരണമായി നാഷണല്‍ ഏജന്‍സികള്‍ പറയുന്നത് ഇപ്രകാരമാണ്. ഒന്ന് വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു. 20,38,596 വിദ്യാര്‍ഥികളാണ് 2023ല്‍ പരീക്ഷ എഴുതിയത്. എന്നാല്‍ ഈ വര്‍ഷം പരീക്ഷ എഴുതിയത് 23,33,297 വിദ്യാര്‍ഥികളാണ്. രണ്ടാമത്തെ കാരണം പരീക്ഷ എളുപ്പമായിരുന്നു എന്നതാണ്. മൂന്ന് ഫിസിക്‌സിലെ എന്‍സിഇആര്‍ടി പഴയ പന്ത്രണ്ടാം ക്ലാസ് സയന്‍സ് പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യത്തില്‍ പിഴവ് വന്നിരുന്നു എന്നതാണ്. ആ ചോദ്യത്തിന് ഉത്തരമെഴുതിയവര്‍ക്കെല്ലാം ഗ്രേസ് മാര്‍ക്ക് നല്‍കി. വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ സമയവും പരീക്ഷയെഴുതാന്‍ സാധിക്കാതെ വന്നെന്നും എന്‍ടിഎയുടെ നോര്‍മലൈസേഷന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇവര്‍ക്ക് ഗ്രേസ് മാര്‍ക്കി നല്‍കിയതുകൊണ്ടാണ് 719,718 മാര്‍ക്കുകള്‍ ലഭിച്ചതെന്നുമാണ് എന്‍ടിഎ പറയുന്നത്.

ജൂണ്‍ 14നായിരുന്നു നേരത്തെ നീറ്റ് ഫലം പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ പത്ത് ദിവസം മുമ്പ് ജൂണ്‍ നാലിന് ഫലം പ്രഖ്യാപിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടയില്‍ നീറ്റ് ഫലം വന്നത് പലരും അറിഞ്ഞുപോലുമില്ല. ഫലത്തിലുള്ള തിരിമറികള്‍ ഒളിപ്പിക്കാന്‍ വേണ്ടിയല്ലെ ഈ ദിവസം തന്നെ ഫലം പ്രഖ്യാപിച്ചതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

പരീക്ഷയ്ക്ക് മുമ്പ് ചില ടെലിഗ്രാം ചാനലുകളില്‍ ചോദ്യപേപ്പറുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നുവെന്നും പരീക്ഷ നടന്നുകൊണ്ടിരിക്കെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ ചോദ്യപേപ്പറുകള്‍ കണ്ടെത്തിയ സംഭവം നേരത്തെ തന്നെ ചോദ്യപേപ്പറുകള്‍ ലഭ്യമാക്കി എന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്ന് വിമര്‍ശകര്‍ ഉന്നയിക്കുന്നുണ്ട്.

ലക്ഷ്യം എയിംസ്

പരീക്ഷയെഴുതുന്ന പല വിദ്യാര്‍ഥികളുടെയും ലക്ഷ്യം എയിംസില്‍ പ്രവേശനം ലഭിക്കുക എന്നതാണ്. കഴിഞ്ഞ വര്‍ഷം 57ാം റാങ്ക് വരെ നേടിയ വിദ്യാര്‍ഥികള്‍ക്ക് എയിംസില്‍ പ്രവേശനം ലഭിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ഒന്നാം റാങ്ക് നേടിയ 67 പേര്‍ക്ക് പോലും എയിംസില്‍ പ്രവേശനം ലഭിക്കാന്‍ സാധ്യതയില്ല. പരീക്ഷയെഴുതിവരില്‍ ഭൂരിഭാഗം പേര്‍ക്കും ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചതുകൊണ്ട് തന്നെ ഇത്തവണത്തെ പ്രവേശനം അതികഠിനമായിരിക്കും. എത്രപേര്‍ക്ക് പ്രവേശനം നേടാന്‍ സാധിക്കുമെന്ന കാര്യത്തില്‍ വലിയ ആശങ്ക ഉയരുന്നുണ്ട്.