General Bipin Rawat : ഓര്‍മകളില്‍ ജനറല്‍ ബിപിന്‍ റാവത്ത്; പ്രഥമ സംയുക്ത സേനാ മേധാവി വിട പറഞ്ഞിട്ട് മൂന്ന് വര്‍ഷം; രാജ്യത്തെ ഞെട്ടിച്ച ഹെലികോപ്ടര്‍ ദുരന്തം
General Bipin Rawat Death Anniversary : സുലൂര്‍ വ്യോമസേന വിമാനത്താവളത്തില്‍ നിന്ന് വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വീസ് കോളേജിലേക്ക് പോകും വഴിയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. കനത്ത മൂടല്‍മഞ്ഞ് മൂലം കാട്ടേരി വനപ്രദേശത്ത് വച്ച് തകര്‍ന്നുവീഴുകയായിരുന്നു
രാജ്യത്തിന്റെ പ്രഥമ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഹെലിക്ടോപ്ടര്‍ അപകടത്തില്‍ മരിച്ചിട്ട് ഇന്ന് മൂന്ന് വര്‍ഷം. 2021 ഡിസംബര്‍ എട്ടിന് തമിഴ്‌നാട്ടിലെ കുനൂരിലുണ്ടായ അപകടത്തില്‍ ജനറല്‍ ബിപിന്‍ റാവത്തും ഭാര്യ മധുലികയും ഉള്‍പ്പെടെ 14 പേരാണ് മരിച്ചത്.
ബ്രിഗേഡിയര്‍ ലഖ്ബിന്ദര്‍ സിങ് ലിഡര്‍, ലെഫ്റ്റ്‌നന്റ് കേണല്‍ ഹര്‍ജിന്ദര്‍ സിങ്, വിങ് കമാന്‍ഡര്‍ പി.എസ്. ചൗഹാന്‍, സ്‌ക്വാഡ്രോണ്‍ ലീഡര്‍ കുല്‍ദീപ് സിങ്, ജെഡബ്ല്യുഒ റാണ പ്രതാപ് ദാസ്, ജെഡബ്ല്യുഒ പ്രദീപ്, ഹവല്‍ദാര്‍ സത്പാല്‍ റായ്, നായിക് ഗുര്‍സേവക് സിങ്, നായിക് ജിതേന്ദര്‍ കുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് സായ് തേജ എന്നിവര്‍ അപകടം ഉണ്ടായ ഉടന്‍ മരിച്ചു. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് ചികിത്സയിലിരിക്കെയും മരിച്ചു. ഇതില്‍ പ്രദീപ് മലയാളിയാണ്.
രാജ്യത്തെ ഏറെ ഞെട്ടിച്ച കുനൂര്‍ ദുരന്തം
സുലൂര്‍ വ്യോമസേന വിമാനത്താവളത്തില്‍ നിന്ന് വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വീസ് കോളേജിലേക്ക് പോകും വഴിയാണ് ‘Mi-17V5’ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. കനത്ത മൂടല്‍മഞ്ഞ് മൂലം കാട്ടേരി വനപ്രദേശത്ത് വച്ച് തകര്‍ന്നുവീഴുകയായിരുന്നു. ഹെലി കോപ്റ്റര്‍ പൂര്‍ണമായും കത്തിയമര്‍ന്നു.
ഡിഫന്‍സ് സര്‍വീസ് കോളേജില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു സംയുക്ത സൈനിക മേധാവിയുടെയും സംഘത്തിന്റെയും യാത്ര. ഏകദേശം ഉച്ചയ്ക്ക് 12.10നായിരുന്നു അപകടം. കാട്ടേരി-നഞ്ചപ്പൻഛത്രം പ്രദേശത്തെ ബന്ദിഷോല പഞ്ചായത്തിലെ നഞ്ചപ്പച്ചത്തിരം കുഗ്രാമത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള സ്വകാര്യ ടീ എസ്റ്റേറ്റ് ജീവനക്കാരുടെ താമസ കോളനിക്ക് സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.
2021 ഡിസംബർ 10-ന് ഡൽഹി കൻ്റോൺമെൻ്റിലെ ബ്രാർ സ്‌ക്വയർ ശ്മശാനത്തിൽ സമ്പൂർണ സൈനിക ബഹുമതികളോടെയും മതാചാര പ്രകാരവും സംയുക്ത സേനാ മേധാവിയുടെ മൃതദേഹം സംസ്‌കരിച്ചു.
ബിപിന്‍ റാവത്ത്
1958 മാര്‍ച്ച് 16ന് ഉത്തരാഖണ്ഡിലെ പൗരിയില്‍ ജനനം. സൈനികപാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ജനിച്ചത്. പിതാവ് ലക്ഷ്മണ്‍ സിങ് റാവത്ത് ആര്‍മിയില്‍ ലെഫ്റ്റ്‌നന്റ് ജനറല്‍ ആയിരുന്നു. കൂടാതെ, അദ്ദേഹത്തിന്റെ നിരവധി ബന്ധുക്കളും സൈനികരായിരുന്നു.
ഡെറാഡൂണിലെ കാംബ്രിയന്‍ ഹാള്‍ സ്‌കൂളിലും, ഷിംലയിലെ സെന്റ് എഡ്വേര്‍ഡ് സ്‌കൂളിലുമായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പിന്നീട് ഖദക്വാസ്ലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നു. ഡെറാഡൂണിലെ ഇന്ത്യന്‍ സൈനിക അക്കാദമിയിലും പരിശീലനം നേടി.
READ ALSO: മാർ ജോർജ് കൂവക്കാട് കർദിനാളായി സ്ഥാനമേറ്റു; ഇന്ത്യയ്ക്ക് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി
തുടര്‍ന്ന് 11 ഗൂര്‍ഖ റൈഫിള്‍സിന്റെ അഞ്ചാമത്തെ ബറ്റാലിയനിലേക്ക് കമ്മീഷന്‍ ചെയ്തു. 1978 ഡിസംബര്‍ 16നായിരുന്നു ഇത്. സെക്കന്‍ഡ് ലെഫ്റ്റ്‌നന്റായാണ് ഇന്ത്യന്‍ സൈന്യത്തില്‍ പ്രവേശിച്ചത്. ഉയരത്തിലുള്ള യുദ്ധമേഖലകളില്‍ അദ്ദേഹത്തിന് പരിചയസമ്പത്തുണ്ടായിരുന്നു. വടക്ക്-കിഴക്കന്‍ സൈനിക മേഖലകളിലും പ്രവര്‍ത്തിച്ചു. ജമ്മു കശ്മീരില്‍ കമാന്‍ഡറായും പ്രവര്‍ത്തിച്ചു.
ഐക്യരാഷ്ട്ര സമാധാന സേനയുടെ ഭാഗമായിരുന്നു. കോംഗോയില്‍ മള്‍ട്ടി നാഷണല്‍ ബ്രിഗേഡിന്റെ കമാന്‍ഡറായും ബിപിന്‍ റാവത്ത് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2016 ജനുവരി ഒന്നിന് സൈനിക കമാന്‍ഡര്‍ ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. പിന്നാലെ ഉപസൈനിക മേധാവിയായി. 2016 ഡിസംബര്‍ 17ന് കരസേന മേധാവിയായി. 2020 ജനുവരി ഒന്നിനാണ് പ്രഥമ സംയുക്ത സേനാ മേധാവിയായി അദ്ദേഹം നിയമിക്കപ്പെട്ടത്.