5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Indian Armed Forces Flag Day : ധീരസൈനികര്‍ക്ക് ഇടനെഞ്ചില്‍ നിന്ന് സല്യൂട്ട് ! ഇന്ന് സായുധസേന പതാകദിനം

Indian Armed Forces Flag Day 2024: സായുധ സേനയുടെ ക്ഷേമത്തിനായി ഫണ്ട് കണ്ടെത്തുന്നതിനാണ് പതാക ദിനം എന്ന ആശയം സർക്കാർ ആദ്യം നിർദ്ദേശിച്ചത്. സൈനികരോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായി ഡിസംബര്‍ ഏഴ് ഇതിനായി നിശ്ചയിക്കുകയായിരുന്നു

Indian Armed Forces Flag Day : ധീരസൈനികര്‍ക്ക് ഇടനെഞ്ചില്‍ നിന്ന് സല്യൂട്ട് ! ഇന്ന് സായുധസേന പതാകദിനം
കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി സായുധ സേനയുടെ പതാക ദിന ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നു (image credits: PTI)
jayadevan-am
Jayadevan AM | Updated On: 07 Dec 2024 07:39 AM

ഇന്ന് സായുധ സേന പതാകദിനം. സായുധ സേനയിലെ സൈനികരെയും വിമുക്തഭടന്മാരെയും ആദരിക്കുന്നതിനായി 1949 മുതല്‍ എല്ലാ വര്‍ഷവും ഡിസംബര്‍ ഏഴിനാണ് സായുധ സേന പതാക ദിനം ആചരിക്കുന്നത്. 1949 ആഗസ്ത് 28-ന് പ്രതിരോധ മന്ത്രിയുടെ കീഴിൽ രൂപീകരിച്ച ഒരു സമിതിയാണ് എല്ലാ വര്‍ഷവും ഡിസംബര്‍ ഏഴിന് സായുധ സേന പതാക ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.

സായുധ സേനയുടെ ക്ഷേമത്തിനായി ഫണ്ട് കണ്ടെത്തുന്നതിനാണ് പതാക ദിനം എന്ന ആശയം സർക്കാർ ആദ്യം നിർദ്ദേശിച്ചത്. സൈനികരോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായി ഡിസംബര്‍ ഏഴ് ഇതിനായി നിശ്ചയിക്കുകയായിരുന്നു.

പൊതുജനങ്ങൾക്ക് ചെറിയ പതാകകൾ വിതരണം ചെയ്യുകയും സംഭാവനകൾ ശേഖരിക്കുകയും ചെയ്യുക എന്നതും ഇതിന് പിന്നിലെ ഒരു ആശയമായിരുന്നു. പതാക ദിന ഫണ്ട് 1949 ൽ പ്രതിരോധ മന്ത്രിയുടെ കമ്മിറ്റി രൂപീകരിച്ചു.

1993-ൽ, പ്രതിരോധ മന്ത്രാലയം അനുബന്ധ ക്ഷേമനിധികളെ ഒരൊറ്റ സായുധ സേനാ പതാക ദിന ഫണ്ടായി ഏകീകരിച്ചു. സൈനികരുടെ പ്രത്യേക ഫണ്ട്, പതാക ദിന ഫണ്ട്, സെൻ്റ് ഡൺസ്റ്റൻസ് (ഇന്ത്യ) കേന്ദ്രീയ സൈനിക് ബോർഡ് ഫണ്ട്, ഇന്ത്യൻ ഗൂർഖ മുൻ സൈനിക ക്ഷേമനിധി എന്നീ ഫണ്ടുകളാണ് ഏകീകരിച്ചത്.

രാജ്യത്തിന് വേണ്ടി പോരാടുന്ന സായുധ സേനാംഗങ്ങളുടെ കുടുംബങ്ങളെയും ആശ്രിതരെയും പരിപാലിക്കേണ്ടത് രാജ്യത്തെ ജനതയുടെ ഉത്തരവാദിത്തം കൂടിയാണെന്ന് ഊട്ടിയുറപ്പിക്കുന്ന ദിനം കൂടിയാണിത്.

യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന്റെ പുനരധിവാസം, നിലവില്‍ പ്രവര്‍ത്തിക്കുന്ന സൈനികരുടെയും കുടുംബത്തിന്റെയും ക്ഷേമം, വിമുക്തഭടന്മാരുടെയും അവരുടെ കുടുംബത്തിന്റെ പുനരധിവാസവും ക്ഷേമവും തുടങ്ങിയവ ലക്ഷ്യമിടുന്നു. പതാക ദിനത്തിൽ ഇന്ത്യൻ ആർമി, ഇന്ത്യൻ എയർ ഫോഴ്സ്, ഇന്ത്യൻ നേവി എന്നിവ വിവിധ ഷോകൾ, കാർണിവലുകൾ, തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.

ALSO READ: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ്; തമിഴ്‌നാടിന് 944.80 കോടി രൂപ അടിയന്തര സഹായം അനുവദിച്ചു, രണ്ടു ഗഡുക്കളായി നൽകും

കേന്ദ്രീയ സൈനിക് ബോർഡാണ്‌ ഫണ്ട് ശേഖരണം നിയന്ത്രിക്കുന്നത്. സന്നദ്ധ സംഘടനകൾ മുഖേന ഫണ്ട് ശേഖരിക്കും. സ്കൂളുകളും കോളേജുകളും സർക്കാർ സ്ഥാപനങ്ങളും ദിനത്തിൻ്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും സായുധ സേനയുടെ പങ്കിനെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിനുമായി എല്ലാ വര്‍ഷവും പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ വരവോടെ പതാക ദിനത്തിൻ്റെ വ്യാപ്തി വര്‍ധിച്ചു. ഓൺലൈൻ സംഭാവന കാമ്പെയ്‌നുകളും സോഷ്യൽ മീഡിയ ഡ്രൈവുകളും പതാക ദിനത്തിന്റെ ഭാഗമായി മാറി.