Narendra Modi: വിവേകാനന്ദന്‍ ധ്യാനമിരുന്ന സ്ഥലത്ത് 48 മണിക്കൂര്‍ ധ്യാനം; മോദി കന്യാകുമാരിയിലേക്ക്
നേരത്തെ 2019ലെ തെരഞ്ഞെടുപ്പ് ഫലത്തിനുമുമ്പും മോദി സമാനരീതിയില്‍ ധ്യാനത്തിന് പോയിരുന്നു. ഉത്തരാഘണ്ഡിലെ കേദാര്‍നാഥിലെ ഗുഹയിലാണ് അദ്ദേഹം അന്ന് ധ്യാനത്തിനെത്തിയത്.
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനായി കന്യാകുമാരിയിലേക്ക്. കന്യാകുമാരിയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോദി എത്തുന്നത്. വിവേകാനന്ദപ്പാറയിലെത്തുന്ന മോദി ഇവിടെ 48 മണിക്കൂറോളം ധ്യാനത്തിലിരിക്കും. സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന അതേ സ്ഥലത്തായിരിക്കും മോദിയും ധ്യാനമിരിക്കുക.
മെയ് 30ന് കന്യാകുമാരിയിലെത്തുന്ന മോദി 31നാകും വിവേകാനന്ദപ്പാറയിലെത്തുക. ധ്യാനത്തിന് ശേഷം ജൂണ്‍ ഒന്നിന് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസം തിരിച്ച് ഡല്‍ഹിക്ക് പോകും. പ്രധാനമന്ത്രി എത്തുന്നതോട് അനുബന്ധിച്ച് വന്‍സുരക്ഷാ മുന്നൊരുക്കങ്ങളാണ് കന്യാകുമാരിയില്‍ നടക്കുന്നത്. കന്യാകുമാരി ജില്ലയിലും ലക്ഷദ്വീപ് കടലിലും സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ട്.
നേരത്തെ 2019ലെ തെരഞ്ഞെടുപ്പ് ഫലത്തിനുമുമ്പും മോദി സമാനരീതിയില്‍ ധ്യാനത്തിന് പോയിരുന്നു. ഉത്തരാഘണ്ഡിലെ കേദാര്‍നാഥിലെ ഗുഹയിലാണ് അദ്ദേഹം അന്ന് ധ്യാനത്തിനെത്തിയത്. ഹിമാലയത്തില്‍ 11,700 അടി മുകളിലുള്ള രുദ്ര ധ്യാനഗുഹ എന്നറിയപ്പെടുന്ന സ്ഥലത്താണ് അന്ന് മോദി ഒരുദിവസം ചെലവഴിച്ചിരുന്നത്.
ഗുഹയില്‍ വൈദ്യുതിയും ഹീറ്ററും സാധാരണ കിടക്കയും അറ്റാച്ച്ഡ് ടോയ്ലറ്റും ടെലിഫോണുമടക്കമുള്ള കാര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി അന്ന് രുദ്രപ്രയാഗ് കളക്ടറെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടുചെയ്തിരുന്നു. 2014ല്‍ മഹാരാഷ്ട്രയില്‍ ശിവാജി മഹാരാജാവിന്റെ പ്രതാപ്ഗഡിലായിരുന്നു പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്.
വിവേകാനന്ദപ്പാറ
ഇന്ത്യന്‍ മഹാസമുദ്രവും ബംഗാള്‍ ഉള്‍ക്കടലും അറബിക്കടലും സംഗമിക്കുന്നിടത്ത് 500 മീറ്ററോളം കടലിലേക്ക് മാറിയാണ് വിവേകാനന്ദപ്പാറ സ്ഥിതി ചെയ്യുന്നത്. ഇതിനടുത്തായി തിരുവള്ളുവര്‍ പ്രതിമയുമുണ്ട്. പരിവ്രാജകനായി ആസേതുഹിമാചലം സഞ്ചരിച്ച വിവേകാനന്ദന്‍ കന്യാകുമാരിയില്‍ നിന്ന് കടല്‍ നീന്തി കടന്നാണ് പറയിലെത്തിയത്. പിന്നീട് 1892 ഡിസംബര്‍ 25 മുതല്‍ 27 വരെ അദ്ദേഹം അവിടെ ധ്യാനത്തിലിരുന്നു. 1970ലാണ് അവിടെ സ്വാമി വിവേകാനന്ദന് സ്മാരകം നിര്‍മ്മിച്ചത്.
ദേവക്കോട്ടയിലെ സ്ഥാപതി എസ് കെ ആചാരിയാണ് മണ്ഡപത്തിന്റെ രൂപകല്‍പന ചെയ്തത്. ഇരുപത്തിയഞ്ച് പടികള്‍ കയറി ചെല്ലുന്നിടത്താണ് സഭാമണ്ഡപം കാണാനാകുക. ഏഴരയടി ഉയരമുള്ള വിവേകാനന്ദന്റെ പൂര്‍ണകായ വെങ്കലപ്രതിമയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. ശ്രീപാദചിഹ്നം സംരക്ഷിക്കാന്‍ പ്രതിമയ്ക്ക് അഭിമുഖമായി പാറയില്‍ ചെറിയൊരു മണ്ഡപവും ഉണ്ട്. വിവേകാനന്ദന്റെ ഗുരുവായ രാമകൃഷ്ണപരമഹംസര്‍ക്കും അദ്ദേഹത്തിന്റെ പത്‌നി ശാരദാദേവിയ്ക്കുമായി രണ്ട് മുറികളും അവിടെ ഉണ്ടാക്കിയിട്ടുണ്ട്.