5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Lok Sabha Election 2024: മൂന്നാം അങ്കത്തിനൊരുങ്ങി നരേന്ദ്രമോദി; വാരാണസിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി വാരാണസിയില്‍ മോദി റോഡ് ഷോ നടത്തിയിരുന്നു. ഇത്തവണ ഭൂരിപക്ഷം അഞ്ച് ലക്ഷത്തിന് മുകളില്‍ ലഭിക്കുമെന്നാണ് ബിജെപി പറയുന്നത്

Lok Sabha Election 2024: മൂന്നാം അങ്കത്തിനൊരുങ്ങി നരേന്ദ്രമോദി; വാരാണസിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
Follow Us
shiji-mk
SHIJI M K | Published: 14 May 2024 14:29 PM

ന്യൂഡല്‍ഹി: വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് മൂന്നാം തവണയാണ് നരേന്ദ്രമോദി വാരാണസിയില്‍ മത്സരിക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് നേതൃത്വം നല്‍കിയ പൂജാരിയും മോദിക്കൊപ്പമുണ്ടായിരുന്നു.

കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം, പ്രാര്‍ത്ഥന, പൂജ എന്നിവ നടത്തിയതിന് ശേഷമാണ് മോദി പത്രിക സമര്‍പ്പണത്തിനെത്തിയത്. മോദിയുടെ പത്രിക സമര്‍പ്പണത്തിലേക്ക് മുഖ്യമന്ത്രിമാരും എന്‍ഡിഎ നേതാക്കളും മുതിര്‍ന്ന ബിജെപി നേതാക്കളും എത്തിച്ചേര്‍ന്നിരുന്നു. മോദിയുടെ പത്രികയില്‍ ഒപ്പുവെക്കാന്‍ സാധാരണക്കാരെയാണ് മോദി തെരഞ്ഞെടുത്തത്, ബ്രാഹ്‌മണ സമുദായം, ഒബിസി, ദളിത് എന്നീ സമുദയാങ്ങളില്‍ നിന്നുള്ളവരാണ് പത്രികയില്‍ ഒപ്പുവെച്ചത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി വാരാണസിയില്‍ മോദി റോഡ് ഷോ നടത്തിയിരുന്നു. ഇത്തവണ ഭൂരിപക്ഷം അഞ്ച് ലക്ഷത്തിന് മുകളില്‍ ലഭിക്കുമെന്നാണ് ബിജെപി പറയുന്നത്.

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ രേഖപ്പെടുത്തിയത് ഭേദപ്പെട്ട പോളിങ് എന്ന് റിപ്പോര്‍ട്ട്. വൈകീട്ട് അഞ്ചുമണിവരെ ആകെ 62.31 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് ഭുവനഗിരിയിലാണ്, അത് 72.34 ശതമാനം.

തെലങ്കാനയില്‍ അഞ്ചുമണിവരെ 61.16 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഹൈദരാബാദില്‍ അഞ്ചുമണി വരെ 39.17 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ 52.49 ശതമാനം രേഖപ്പെടുത്തിയപ്പോള്‍ നന്ദുര്‍ബറില്‍ 60.60 ശതമാനം പോളിങ് രേഖപ്പെടുത്തി.

പൂനെയിലെ മൂന്ന് മണ്ഡലങ്ങളിലും പോളിങ് 50 ശതമാനം കടന്നിട്ടില്ല. ആന്ധ്രയില്‍ 67.99 ശതമാനമാണ് അഞ്ചുമണി വരെയുള്ള പോളിങ്. അതേസമയം, വിവിധയിടങ്ങളില്‍ വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷമുണ്ടായി. ബംഗാളിലാണ് വ്യാപക സംഘര്‍ഷമുണ്ടായത്. പശ്ചിമബംഗാളില്‍ വോട്ടെടുപ്പ് ദിവസം ആയിരത്തിലധികം പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്.

ഛപ്രയില്‍ തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ബെഹ്റാംപൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ടിഎംസി പ്രവര്‍ത്തകര്‍ തമ്മിലും സംഘര്‍ഷമുണ്ടായി. കൃഷ്ണനഗറില്‍ ടിഎംസി-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ബര്‍ദ്ധമാന്‍ ദുര്‍ഗാപൂരില്‍ കല്ലേറ് നടന്നു. ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകരെ ബിജെപി തടഞ്ഞുവെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. കനൗജിലെ ഒരുബൂത്തില്‍ വിവിപാറ്റും ഇവിഎം മെഷീനുമായി പൊരുത്തക്കേട് ഉണ്ടായെന്ന ആരോപണവും ഉയര്‍ന്നിരുന്നു. മധ്യപ്രദേശില്‍ ചിലയിടങ്ങളില്‍ പെയ്ത മഴ വോട്ടെടുപ്പിനെ ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്.

9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 96 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവന്‍ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടന്നതും ഈ ഘട്ടത്തില്‍ തന്നെയാണ്. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജിലും ഇന്ന് തെരഞ്ഞെടുപ്പ് നടന്നിരുന്നു.

1,717 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 7.70 കോടി വോട്ടര്‍മാരായിരുന്നു പോളിങ് ബൂത്തിലേക്കെത്തേണ്ടത്. ആന്ധ്രാപ്രദേശില്‍ ആകെയുള്ള 175 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒഡിഷയിലെ 28 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്നുതന്നെയായിരുന്നു.

അതേസമയം, 65.68 ശതമാനമാണ് പോളിങാണ് മൂന്നാം ഘട്ട വോട്ടെടുപ്പില്‍ രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് അസമിലാണ്. അവിടെ 85.25 ശതമാനമാണ് പോളിങ്. 93 മണ്ഡലങ്ങളിലേക്കായിരുന്നു മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്.

ബിഹാര്‍- 5 സീറ്റുകള്‍-59.14 ശതമാനം വോട്ടിങ് രേഖപ്പെടുത്തി, ഗോവ രണ്ട് സീറ്റുകള്‍- 76.06 ശതമാനം, ഛത്തീസ്ഗഢ് 7 സീറ്റുകള്‍-71.98 ശതമാനം, കര്‍ണാടക 14 സീറ്റുകള്‍- 71.84 ശതമാനം, ദാദ്ര നഗര്‍ ഹവേലി& ദാമന്‍ ദിയു രണ്ട് സീറ്റുകള്‍ 71.31 ശതമാനം, മധ്യപ്രദേശ് 66.74 ശതമാനം, ഗുജറാത്ത് 60.13 ശതമാനം എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്.