Nagpur Violence: ഔറംഗസേബ് വിവാദം; നാഗ്പൂർ സംഘർഷഭരിതം, കർഫ്യൂ ഏർപ്പെടുത്തി
Nagpur Violence: മഹലിന് പിന്നാലെ നാഗ്പൂരിലെ ഹൻസപുരി പ്രദേശത്തും അക്രമം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. പ്രതിഷേധക്കാർ വാഹനങ്ങൾക്ക് തീയിടുകയും കല്ലെറിയുകയും കടകൾ നശിപ്പിക്കുകയും ചെയ്തു. മുഖംമൂടി ധരിച്ചാണ് അക്രമികൾ എത്തിയത്.

മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്തതിനെതിരെയുണ്ടായ വൻ പ്രതിഷേധങ്ങളെത്തുടർന്ന് നാഗ്പൂരിലെ വിവിധ ഇടങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) സെക്ഷൻ 163 പ്രകാരമാണ് ഭരണകൂടം നിരവധി പ്രദേശങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണങ്ങൾ തുടരുമെന്നും നാഗ്പൂർ പോലീസ് കമ്മീഷണർ രവീന്ദർ കുമാർ സിംഗാൾ പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവിൽ പറയുന്നു. ലകഡ്ഗഞ്ച്, പച്ച്പയോളി, കോട്വാലി, ഗണേഷ്പേത്ത്, തഹസിൽ, സക്കർദാര, നന്ദൻവൻ, ശാന്തിനഗർ, ഇമാംവാദ, യശോധരനഗർ, കപിൽനഗർ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.
നാഗ്പൂരിലെ ചിറ്റ്നിസ് പാർക്കിൽ മാർച്ച് 17 രാത്രി 7.30ഓടെയാണ് അക്രമം പൊട്ടി പുറപ്പെട്ടത്. വിശ്വഹിന്ദു പരിഷത്തിലെയും ബജ്‌റംഗ്ദളിലെയും 200 ലധികം അംഗങ്ങൾ മഹലിലെ ഛത്രപതി ശിവാജി മഹാരാജ് പ്രതിമയ്ക്ക് സമീപം ഒത്തുകൂടി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയായിരുന്നു. ഛത്രപതി ശിവാജി മഹാരാജ് പ്രതിമയ്ക്ക് സമീപം നടത്തിയ ഈ പ്രകടനത്തിനിടെ മതവികാരം വ്രണപ്പെടുത്തുന്ന പ്രവൃത്തികളുണ്ടായെന്ന ആരോപണങ്ങളാണ് സംഘർഷത്തിന് കാരണമായത്.
കർഫ്യൂ പ്രഖ്യാപിച്ച പ്രദേശങ്ങളിൽ മെഡിക്കൽ ആവശ്യങ്ങൾക്ക് അല്ലാതെ മറ്റൊന്നിനും വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്ന് ഉത്തരവിൽ പറയുന്നു. അഞ്ചിൽ കൂടുതൽ ആളുകൾ വീടിനുള്ളിൽ ഒത്തുകൂടാനോ, ഏതെങ്കിലും തരത്തിലുള്ള കിംവദന്തികൾ പ്രചരിപ്പിക്കാനോ പാടില്ല. കർഫ്യൂ ലംഘിക്കുന്നവർ ബിഎൻഎസ് സെക്ഷൻ 223 പ്രകാരം ശിക്ഷാർഹനാണെന്നും ഉത്തരവിൽ പറയുന്നു. അതേസമയം, ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും, സർക്കാർ / ഭരണ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും, അഗ്നിശമന സേനയുമായും വിവിധ വകുപ്പുകളുമായും ബന്ധപ്പെട്ട വ്യക്തികൾക്കും ഇത് കർഫ്യൂ ബാധകമല്ല.
അതേ സമയം സംഘർഷത്തിൽ പൊലീസിന്റേത് ഏകപക്ഷീയ നടപടിയാണെന്ന് വിമർശനം ഉയർന്നു. എഫ്ഐആർ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തതിൽ 51 പേർ മുസ്ലീം വിഭാഗക്കാരാണ്. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായിട്ടും ഒരു വിഭാഗത്തിൽപ്പെട്ടവരെ മാത്രം അറസ്റ്റ് ചെയ്യുന്നതായി വിമർശനമുണ്ട്. അതിനിടെ മതവികാരം വ്രണപ്പെടുത്തിയ കേസിൽ വിശ്വ ഹിന്ദു പരിശത്തിന്റെയും ബജ്റംഗ് ദളിന്റെയും എട്ട് അംഗങ്ങൾ പൊലീസിന് മുന്നിൽ കീഴടങ്ങിയിട്ടുണ്ട്. മഹലിന് പിന്നാലെ നാഗ്പൂരിലെ ഹൻസപുരി പ്രദേശത്തും അക്രമം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. പ്രതിഷേധക്കാർ വാഹനങ്ങൾക്ക് തീയിടുകയും കല്ലെറിയുകയും കടകൾ നശിപ്പിക്കുകയും ചെയ്തു. മുഖംമൂടി ധരിച്ചാണ് അക്രമികൾ എത്തിയത്.