Nagpur Violence: നാഗ്പൂര്‍ അക്രമം; മുഖ്യപ്രതി ഫാഹിം ഖാന്‍ ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി
Nagpur Violence Updates: മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. നാഗ്പൂരിലെ ചിറ്റ്‌നിസ് പാര്‍ക്കില്‍ മാര്‍ച്ച് 17 ഓടെയാണ് അക്രമം ഉണ്ടായത്. മഹാരാഷ്ട്ര സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ അബു ആസ്മി ഔറംഗസേബിനെ പ്രശംസിച്ച് സംസാരിച്ചിരുന്നു.

നാഗ്പൂര്‍: നാഗ്പൂര്‍ ആക്രമണക്കേസിലെ മുഖ്യപ്രതിയായ ഫാഹിം ഖാന്‍ ഉള്‍പ്പെടെയുള്ള അഞ്ച് പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. സമൂഹ മാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്. പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചതായി പോലീസ് അറിയിച്ചു.
മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. നാഗ്പൂരിലെ ചിറ്റ്‌നിസ് പാര്‍ക്കില്‍ മാര്‍ച്ച് 17 ഓടെയാണ് അക്രമം ഉണ്ടായത്. മഹാരാഷ്ട്ര സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ അബു ആസ്മി ഔറംഗസേബിനെ പ്രശംസിച്ച് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയും സംഘ്പരിവാര്‍ സംഘടനകളും വിവാദത്തിന് തിരികൊളുത്തിയത്.
ഔറംഗസേബിനെ കുറിച്ച് പരാമര്‍ശം നടത്തിയതിന് പിന്നാലെ അദ്ദേഹത്തെ മാര്‍ച്ച് 26 വരെ നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പൊതുവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചുകൊണ്ട് ഒന്നിലധികം എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.




ഔറംഗസേബിന്റെ ശവകുടീരം പൊളിച്ച് നീക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. പൊളിച്ച് നീക്കിയില്ലെങ്കില്‍ കര്‍സേവയിലൂടെ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്. നിരവധി വാഹനങ്ങള്‍ക്കും കടകള്‍ക്കും പ്രതിഷേധക്കാര്‍ തീവെച്ചു. സംഘര്‍ഷത്തില്‍ നിരവധി വീടുകള്‍ തകര്‍ക്കപ്പെട്ടു. സംഭവത്തില്‍ ഇതുവരെ 65 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 30 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
Also Read: Nagpur Violence: ഔറംഗസേബ് വിവാദം; നാഗ്പൂർ സംഘർഷഭരിതം, കർഫ്യൂ ഏർപ്പെടുത്തി
സംഭാജി നഗര്‍ ജില്ലയിലുള്ള ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നാണ് സംഘ്പരിവാര്‍ സംഘടനകള്‍ ആവശ്യപ്പെടുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് ശവകുടീരത്തിന്റെ പരിസരത്ത് പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ശവകുടീരം പൊളിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് നേരത്തെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായി ദേവേന്ദ്ര ഫഡ്‌നാവിസും രംഗത്തെത്തിയിരുന്നു.