Roopkund Lake: മനുഷ്യ അസ്ഥികൂടങ്ങൾ നിറഞ്ഞ തടാകം! നി​ഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഹിമാലയത്തിലെ രൂപ് കുണ്ഡ്

Roopkund Lake Mystery: നരവംശശാസ്ത്രജ്ഞരും ശാസ്ത്രജ്ഞരും അരനൂറ്റാണ്ടായി ഈ അസ്ഥികൂടങ്ങളെക്കുറിച്ച് പഠിക്കുന്നു. ഈ തടാകം ഇപ്പോഴും വിനോദസഞ്ചാരികളുടെ ഒരു കേന്ദ്രമാണ്. ധാരാളം സഞ്ചാരികൾ ഈ തടാകം കാണാൻ എത്താറുമുണ്ട്.

Roopkund Lake: മനുഷ്യ അസ്ഥികൂടങ്ങൾ നിറഞ്ഞ തടാകം! നി​ഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഹിമാലയത്തിലെ രൂപ് കുണ്ഡ്

Roopkund lake.

Updated On: 

29 Jun 2024 16:26 PM

മനുഷ്യനും ശാസ്ത്രത്തിനും ഇന്നും പിടിതരാത്ത അത്ഭുതങ്ങൾ ഇന്നും നമ്മുടെ ലോകത്തുണ്ട്. അത്തരത്തിലൊരു സ്ഥലമാണ് ഹിമാലയം. നി​ഗൂഢതകൾ ഒളിഞ്ഞുകിടക്കുന്ന ഇത്തരം നിരവധി രഹസ്യങ്ങൾ മഞ്ഞുമൂടി കിടപ്പുണ്ട് ഇന്നും ഹിമാലയത്തിൽ (Himalayan lake). അവയിൽ ഒന്നാണ് ഹിമാലയൻ മേഖലയിലെ മഞ്ഞുമൂടിയ കൊടുമുടികൾക്കിടയിലുള്ള രൂപ്കുണ്ഡ് തടാകം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 16,500 അടി ഉയരത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ത്രിശൂൽ എന്നറിയപ്പെടുന്ന ഹിമാലയത്തിലെ മൂന്ന് കൊടുമുടികൾക്കിടയിലാണ് തണുത്തുറഞ്ഞ ഈ ജലാശയം സ്ഥിതി ചെയ്യുന്നത്.

കേട്ടാൽ വിചിത്രമെന്ന് തോന്നുന്ന മറ്റൊരു പേരുകൂടി ഈ തടാകത്തിനുണ്ട്. ‘അസ്ഥികൂടങ്ങളുടെ തടാകം’. എന്താണ് ഈ തടാകത്തിന്റെ പ്രത്യേകത എന്ന് നിങ്ങൾ ഇപ്പോഴും ചിന്തിക്കുന്നുണ്ടോ? മറ്റൊന്നുമല്ല അസ്ഥികൂടങ്ങളാൽ നിറഞ്ഞൊരു തടാകമാണ് രൂപ്കുണ്ഡ്. ഇവിടെ അസ്ഥികൾ തടാകത്തിൽ അവിടെയും ഇവിടെയുമായി ചിതറിക്കിടക്കുന്നത് കാണാം. എന്നാൽ ഈ അസ്ഥികൂടങ്ങൾ എങ്ങനെ, എവിടെ നിന്ന് ഈ തടാകത്തിൽ എത്തിയെന്നതിന് ഇന്നും ഉത്തരമില്ല. നിഗൂഢ രഹസ്യമായി ശാസ്ത്രലോകത്തെപോലും അമ്പരപ്പിച്ചുകൊണ്ടുള്ള ഈ തടാകം 1942-ൽ ഒരു ബ്രിട്ടീഷ് റേഞ്ചറാണ് പട്രോളിംഗിനിടെ കണ്ടെത്തുന്നത്.

നരവംശശാസ്ത്രജ്ഞരും ശാസ്ത്രജ്ഞരും അരനൂറ്റാണ്ടായി ഈ അസ്ഥികൂടങ്ങളെക്കുറിച്ച് പഠിക്കുന്നു. ഈ തടാകം ഇപ്പോഴും വിനോദസഞ്ചാരികളുടെ ഒരു കേന്ദ്രമാണ്. ധാരാളം സഞ്ചാരികൾ ഈ തടാകം കാണാൻ എത്താറുമുണ്ട്. ആദ്യകാലങ്ങളിൽ 1,000 വർഷങ്ങൾക്ക് മുമ്പ് ഒരേസമയം ഒരു കൂട്ടമരണ സംഭവിച്ചതായും അതിൻ്റെ അടയാളമാണ് ഈ അസ്ഥികൂടങ്ങളെന്നുമായിരുന്നു നി​ഗമനം. എന്നാൽ പിന്നീട് ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ നടത്തിയ പഠനം ഈ വാദത്തെ തള്ളിക്കളഞ്ഞു.

ALSO READ: നാവുകൊണ്ട് കണ്ണ് വൃത്തിയാക്കുന്ന വൃദ്ധ…: ഇന്ത്യയിൽ ഇൻ്റർനെറ്റ് വിച്ഛേദിക്കണമെന്ന് സമൂഹം

ഇവ ഒരേസമയം ഉണ്ടായ കൂട്ടമരണത്തിൽ നിന്നുള്ളതല്ലെന്നും മറിച്ച് ഒന്നിലധികം സംഭവങ്ങളിൽ ബന്ധപ്പെട്ടതാണെന്നും പഠനം പറഞ്ഞു. 38 അസ്ഥികൂട അവശിഷ്ടങ്ങളുടെ ഡിഎൻഎയിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

600 മുതൽ 800 അസ്ഥികൂടങ്ങൾ

തടാകത്തിലെ മഞ്ഞ് ഉരുകുമ്പോഴാണ് ഈ മനുഷ്യ അസ്ഥികൂടങ്ങൾ ദൃശ്യമാകുക. ഈ തടാകത്തിൽ നിന്ന് ഇതുവരെ 600 മുതൽ 800 വരെ മനുഷ്യ അസ്ഥികൂടങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ ഭൂരിഭാഗവും മധ്യവയസ്‌കരാണെന്നും അവരുടെ പ്രായം 35 നും 40 നും ഇടയിലായിരിക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ഇവരിൽ കുട്ടികളുടെ അസ്ഥികൂടങ്ങളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ പ്രായമായ സ്ത്രീകളുടെ അസ്ഥികൂടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാ​ഗമായി ഉത്തരാഖണ്ഡ് സർക്കാർ ഇതിനെ ‘നിഗൂഢ തടാകം’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഈ അസ്ഥികൂടങ്ങൾ ആരുടേതാണെന്നും ഈ ആളുകൾ എങ്ങനെ മരിച്ചുവെന്നും അവർ എവിടെ നിന്നാണ് വന്നതെന്നും ശാസ്ത്രജ്ഞർ ഇന്നും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ ഈ രഹസ്യത്തിന് പരിഹരം കണ്ടെത്താനായിട്ടില്ല.

അതിനിടെ, 2004-ൽ നടത്തിയ ഒരു പഠനത്തിൽ രൂപ്കുണ്ഡ് തടാകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകളും പുറത്തുവന്നിരുന്നു. ഈ അസ്ഥികൂടങ്ങൾ ഏഴ് മുതൽ 10 വരെയുള്ള നൂറ്റാണ്ടുകൾക്കിടയിലുള്ളതാണെന്ന് ഈ പഠനത്തിലൂടെ കണ്ടെത്തി. ഡിഎൻഎ പരിശോധനയ്ക്ക് ശേഷമാണ് പുതിയ പല കാര്യങ്ങളും വെളിപ്പെട്ടത്. ഈ അസ്ഥികൂടങ്ങൾ വ്യത്യസ്ത ഭൂമിശാസ്ത്രപരമായ സ്ഥലങ്ങളുടേതാണെന്നും ആ പഠനം വെളിപ്പെടുത്തി.

 

പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ
സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ