പങ്കാളി ജീവിച്ചിരിക്കെ മുസ്ലിങ്ങള്‍ക്ക് ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് സാധിക്കില്ല: അലഹബാദ് ഹൈക്കോടതി
മകളെ തട്ടികൊണ്ട് പോയെന്ന് കാണിച്ച് സ്‌നേഹയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതിന് പിന്നാലെ ഇരുവരും സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു
ലഖ്‌നൗ: ഇസ്ലാമിക് നിയമമനുസരിച്ച് വിവാഹിതരായ മുസ്ലിങ്ങള്‍ക്ക് ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് അവകാശമില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഒരുമിച്ച് ജീവിക്കാന്‍ അവകാശം തേടി സ്‌നേഹ ദേവി, മുഹമ്മദ് ഷദാബ് ഖാന്‍ എന്നിവര്‍ നല്‍കിയ റിട്ട് ഹരജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസുമാരായ എആര്‍ മസൂദി, എകെ ശ്രീവാസതവ എന്നിവരുടെതാണ് നിരീക്ഷണം.
മകളെ തട്ടികൊണ്ട് പോയെന്ന് കാണിച്ച് സ്‌നേഹയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതിന് പിന്നാലെ ഇരുവരും സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. തങ്ങള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാണൈന്നും രണ്ടുപേര്‍ക്കും പ്രായപൂര്‍ത്തിയായതുകൊണ്ട് തന്നെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും അവര്‍ ഇരുവരും കോടതിയില്‍ പറഞ്ഞു.
എന്നാല്‍ മുഹമ്മദ് ഷദാബ് ഖാന്‍ 2020ല്‍ വിവാഹം കഴിച്ചിട്ടുണ്ടെന്നും ദമ്പതികള്‍ക്ക് ഒരു കുട്ടിയുണ്ടെന്നും മനസിലാക്കിയ കോടതി ഇരുവരുടെയും ആവശ്യം പൂര്‍ണമായും തള്ളിക്കളഞ്ഞു. ഇതോടെ ഇസ്ലാമിക തത്വങ്ങള്‍ അനുസരിച്ച് വിവാഹം കഴിച്ച് പങ്കാളി ജീവിച്ചിരിക്കുമ്പോള്‍ ലിവിങ് റിലേഷന്‍ഷിപ്പ് അനുവദനീയമല്ലെന്ന് കോടതി പറഞ്ഞു.
എന്നാല്‍ രണ്ട് വ്യക്തികളും അവിവാഹിതരാണെങ്കില്‍ ഈ നിയമം ബാധകമല്ലെന്നും അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ആര്‍ട്ടിക്കിള്‍ 21 പ്രകാരം പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ച് ജീവിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ ഈ കേസ് വ്യത്യസ്തമാണ്. വിവാഹങ്ങളില്‍ ഭരണഘടനാപരമായ ധാര്‍മികതയും സാമൂഹിക ധാര്‍മികതയും സന്തുലിതമാണെന്നും കോടതി നിരീക്ഷിച്ചു. സ്‌നേഹ ദേവിയെ മാതാപിതാക്കളോടൊപ്പം അയക്കാനും കോടതി നിര്‍ദേശിച്ചു.