5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mumbai Ferry Accident : മുംബൈ ഫെറി അപകടം; ജീവൻ രക്ഷിക്കാനായി മാതാപിതാക്കൾ മക്കളെ വെള്ളത്തിലെറിയാനൊരുങ്ങി എന്ന് വെളിപ്പെടുത്തൽ

Mumbai Ferry Accident Parents Were Ready To Throw Their Kids : മുംബൈ ഫെറി അപകടത്തിൽ, മുങ്ങുന്ന ബോട്ടിൽ നിന്ന് രക്ഷിക്കാൻ മാതാപിതാക്കൾ മക്കളെ വെള്ളത്തിലെറിയാനൊരുങ്ങുകയായിരുന്നു എന്ന് വെളിപ്പെടുത്തൽ. പിന്നീട് തങ്ങളെത്തി എല്ലാവരെയും രക്ഷപ്പെടുത്തുമെന്നറിയിക്കുകയായിരുന്നു സിഐഎസ്എഫ് പറഞ്ഞു.

Mumbai Ferry Accident : മുംബൈ ഫെറി അപകടം; ജീവൻ രക്ഷിക്കാനായി മാതാപിതാക്കൾ മക്കളെ വെള്ളത്തിലെറിയാനൊരുങ്ങി എന്ന് വെളിപ്പെടുത്തൽ
മുംബൈ ഫെറി അപകടംImage Credit source: PTI
abdul-basith
Abdul Basith | Published: 21 Dec 2024 07:28 AM

മുംബൈ ഫെറി അപകടവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സിഐഎസ്എഫ്. ഫെറി മുങ്ങാൻ തുടങ്ങിയപ്പോൾ അവരുടെയെങ്കിലും ജീവൻ രക്ഷപ്പെടട്ടെ എന്ന് കരുതി മാതാപിതാക്കൾ മക്കളെ വെള്ളത്തിലെറിയാനൊരുങ്ങി എന്നാണ് വെളിപ്പെടുത്തൽ. ഈ സമയത്ത്, രക്ഷാപ്രവർത്തനത്തിനെത്തിയ സിഐഎസ്എഫ്, എല്ലാവരെയും രക്ഷിക്കുമെന്ന് ഇവർക്ക് ഉറപ്പുനൽകുകയായിരുന്നു. എൻഡിടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

ഡിസംബർ 18നുണ്ടായ അപകടത്തിൽ സിഐഎസ്എഫ് കോൺസ്റ്റബിൾ അമോൽ സാവന്തും രണ്ട് സഹപ്രവർത്തകരുമാണ് ആദ്യം രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയത്. വൈകുന്നേരം നാല് മണിയോടെ ഇവരുടെ പട്രോൾ ബോട്ട് അപകട സ്ഥലത്തെത്തി. പിന്നാലെ, മുതിർന്നവരും കുട്ടികളും അടക്കമുള്ളവരെ ഇവർ ആദ്യം രക്ഷപ്പെടുത്തുകയായിരുന്നു. അപകടത്തിൽ ആകെ 14 പേർ കൊല്ലപ്പെട്ടിരുന്നു. ഒരു നേവി ബോട്ട് ടൂറിസ്റ്റ് ഫെറിയിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്നാണ് അപകടമുണ്ടായത്. മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്ന് എലിഫൻ്റ ഐലൻഡിലേക്കുള്ള യാത്രയിലായിരുന്നു നീൽ കമൽ എന്ന ഫെറി.

“ഞങ്ങൾ പതിവ് പട്രോളിംഗിലായിരുന്നു. അപ്പോൾ ഒരു ഫെറി മുങ്ങുകയാണെന്ന് ഞങ്ങൾക്ക് വാക്കി ടാക്കിയിൽ വിവരം ലഭിച്ചു. പരമാവധി വേഗതയിൽ പോകാൻ ഞാൻ ബോട്ട് ഡ്രൈവർക്ക് നിർദ്ദേശം നൽകി. ഉടൻ തന്നെ ഞങ്ങൾ അപകടസ്ഥലത്ത് എത്തി. അപകടം കണ്ട് ഞെട്ടിപ്പോയി. എന്നാൽ, ഒരു സൈനികനെന്ന നിലയിൽ എന്താണ് ചെയ്യേണ്ടതെന്നറിയാമായിരുന്നു. മുങ്ങുന്ന ബോട്ടിൽ നിന്ന് അവരെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതി ചിലർ മക്കളെ വെള്ളത്തിലെറിയാനൊരുങ്ങുകയായിരുന്നു. അവരോട് ഭയപ്പെടാനില്ല എന്ന് പറഞ്ഞ് ഞങ്ങൾ രക്ഷാപ്രവർത്തനം ആരംഭിച്ചു.”- അമോൽ സാവന്ത് പിടിഐയോട് പറഞ്ഞു.

Also Read : Jaipur Accident: എൽപിജി-സിഎൻജി ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; അഞ്ച് മരണം

കുട്ടികളടക്കമുള്ളവർ അപകടകരമായി ബോട്ടിൽ തൂങ്ങിക്കിടക്കുകയായിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. അവർ നിലവിളിക്കുകയായിരുന്നു. അവരെ രക്ഷപ്പെടുത്തി തങ്ങളുടെ ബോട്ടിലേക്ക് കൊണ്ടുവന്നു. ഏഴോളം കുട്ടികളെ ആദ്യം രക്ഷപ്പെടുത്തുകയും പിന്നീട് സ്ത്രീകളെയും പുരുഷന്മാരെയും രക്ഷപ്പെടുത്തുകയും ചെയ്തു. ആകെ 60ഓളം പേരെ രക്ഷപ്പെടുത്താനായെന്നാണ് കണക്കുകൂട്ടൽ. 2010ലാണ് അമോൽ സാവന്ത് സിഐഎസ്എഫിൻ്റെ ഭാഗമാവുന്നത്.

എസ്ഐ ഖെയ്യോക സേമയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിന്നീട് രക്ഷാപ്രവർത്തനത്തിനെത്തിയത്. “ലൈഫ് ജാക്കറ്റണിഞ്ഞ ഒരു സ്ത്രീ കൈ ഉയർത്തി വെള്ളത്തിൽ കിടക്കുന്നത് ഞങ്ങൾ കണ്ടു. ഞങ്ങളവരെ രക്ഷിക്കുമെന്ന് പ്രതീക്ഷിച്ചായിരുന്നു അത്. എന്നാൽ, കൈ ഉയർത്തിപ്പിടിച്ചാൽ ജാക്കറ്റ് ഊരിപ്പോകുമെന്ന് ഞങ്ങൾ അവരോട് പറഞ്ഞു. എന്നിട്ടവരെ രക്ഷപ്പെടുത്തുകയും ചെയതു. ഏതാണ്ട് 12 പേരെയോളം രക്ഷിക്കാൻ ഞങ്ങൾക്ക് സാധിച്ചു. ബോട്ടിലുണ്ടായിരുന്ന രണ്ട് വിദേശികൾ അപകടത്തിൽ പെട്ടവർക്ക് സിപിആർ നൽകാൻ തയ്യാറായി രംഗത്തുവന്നു. 300 മീറ്റർ റേഡിയസിൽ ഞങ്ങൾ പിന്നീട് തിരഞ്ഞു. ബാഗുകളും ലൈഫ് ജാക്കറ്റുകളുമൊക്കെ ഞങ്ങൾ പിന്നീട് ഇവിടെനിന്ന് കണ്ടെടുത്തു.”- അവർ പറഞ്ഞു.

113 പേരടങ്ങുന്ന വിനോദസഞ്ചാര നൗകയാണ് അപകടത്തിൽ പെട്ടത്. ആറ് പേരാണ് നേവി ബോട്ടിൽ ഉണ്ടായിരുന്നത്. ഈ ബോട്ടിലെ നാല് പേരും ആഡംബര ബോട്ടിലെ 14 പേരും മരണപ്പെട്ടു. സംഭവത്തിൽ നാവികസേന അന്വേഷണം പ്രഖ്യാപിച്ചു.